Mon. Dec 23rd, 2024
കൽപ്പറ്റ:

ജില്ലയിൽ ആർടിപിസിആർ ടെസ്റ്റിനു ശേഷം ഫലം കാത്തിരിക്കുന്നവരുടെ ക്വാറന്റൈൻ ഇനി മുതൽ കുടുംബശ്രീ നിരീക്ഷിക്കും. ടെസ്റ്റ് നടത്തിയവർ ഫലം വരുന്നതിനു മുമ്പായി ശ്രദ്ധയില്ലാതെ കറങ്ങി നടക്കുന്നത് രോഗ വ്യാപനം കൂട്ടുമെന്നതിനാലാണ് പ്രതിരോധ നടപടികൾ കർക്കശമാക്കുന്നത്. കലക്ടർ എ ഗീതയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

പരിശോധനക്ക്‌‌ വിധേയരാകുന്നവരുടെ പൂർണമായ വിവരങ്ങൾ ആദ്യഘട്ടത്തിൽ ശേഖരിക്കും. കൊവിഡ് പരിശോധന നടത്തുന്ന സ്ഥാപനങ്ങൾ ഗൂഗിൾ ഫോം വഴി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണം. കൺട്രോൾ റൂമിൽനിന്നും ശേഖരിക്കപ്പെട്ട വിവരങ്ങൾ താഴെ തട്ടിലേക്ക് കൈമാറും.

കുടുംബശ്രീ സിഡിഎസ് വഴി എഡിഎസിലേക്കും ഇവിടെനിന്നും അയൽക്കൂട്ടങ്ങളിലേക്കും വിവരങ്ങൾ നൽകും. ക്വാറന്റൈൻ ലംഘനം നടത്തുന്നവർക്കെതിരെ വാർഡു തല ആർആർടികൾക്കൊപ്പം കുടുംബശ്രീ പ്രവർത്തകരും അണിനിരക്കും. പരിശോധന നടത്തി ഫലം വരുന്നതിന് മുമ്പേ ശ്രദ്ധയില്ലാതെ കറങ്ങി നടക്കുന്നവരെ ഇവർ നിരീക്ഷിക്കും.

ആദ്യഘട്ടത്തിൽ ഇത്തരം ആളുകൾക്കെതിരെ ശക്തമായ താക്കീത് നൽകും. പിന്നീടും ആവർത്തിച്ചാൽ പ്രത്യേക ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇവർക്കെതിരെ പിഴ ചുമത്താനും നിർദേശിച്ചു.

ഫീൽഡ് തല നിരീക്ഷണത്തിനും പ്രോട്ടോക്കോൾ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനുമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ വികസിപ്പിച്ച ഗ്രാൻഡ് കെയർ മൊബൈൽ ആപ്ലിക്കേഷൻ പ്രയോജനപ്പെടുത്തും. കുടുംബശ്രീയുടെ അയൽക്കൂട്ട പരിസരങ്ങളിൽ നടക്കുന്ന പ്രോട്ടോക്കോൾ ലംഘനങ്ങൾ അയൽക്കൂട്ടത്തിലെ മറ്റംഗങ്ങൾ യഥാസമയം അയൽക്കൂട്ട സെക്രട്ടറിയെ അറിയിക്കണം. സെക്രട്ടറി അപ്പോൾ തന്നെ ഗൂഗിൾ ഫോമിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണം.

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പ്രതിദിന റിപ്പോർട്ട് ജില്ലാ തല കൺട്രോൾ റൂമിൽ അറിയിക്കും. ഇവിടെ പഞ്ചായത്ത് തലത്തിലുള്ള കൺട്രോൾ റൂമിലേക്കും പൊലീസിനും വിവരങ്ങൾ കൈമാറും. വാർഡ് തല ആർആർടികളിൽ അയൽക്കൂട്ട സമിതി അംഗങ്ങളെ കൂടി ഉൾപ്പെടുത്തും. ആർആർടികളുടെ ചുമതല ബന്ധപ്പെട്ട വാർഡ് കൗൺസിലർമാർ, മെമ്പർമാർ എന്നിവർ വഹിക്കും.