Thu. Mar 28th, 2024
കോഴിക്കോട്:

മോഷ്ടിച്ച ലോറിയുമായി പാഞ്ഞ് കോഴിക്കോട് നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ പോലീസ് സാഹസികമായി പിന്തുടര്‍ന്ന് പിടികൂടി. സിനിമാ രംഗങ്ങളെ പോലും വെല്ലുന്ന തരത്തിലായിരുന്ന പൊലീസിന്റെ ചേസിങ്. എലത്തൂര്‍ സ്വദേശി അബ്ബാസ് നടക്കാവ് സ്വദേശി നിധീഷ് എന്നിവരാണ് പിടിയിലായത്.

മോഷ്ടിച്ച ലോറിയുമായി ഇവര്‍ എലത്തൂര്‍ ഭാഗത്തേക്കായിരുന്നു യാത്ര തുടങ്ങിയത്. പോയ വഴിക്ക് വാഹനങ്ങളില്‍ തട്ടിയെങ്കിലും നിര്‍ത്തിയില്ല. വിവരം നാട്ടുകാര്‍ പോലീസില്‍ അറിയിച്ചു.

ലോറി വീണ്ടും നഗരത്തിലേക്ക് വെച്ചു പിടിച്ചു. പിന്നാലെ എലത്തൂര്‍ പൊലീസും. നഗരത്തിലെത്തിയതോടെ നടക്കാവ് പൊലീസും പിന്തുടര്‍ന്നു. പോകുന്ന വഴിക്ക് നിരവധി വാഹനങ്ങളെയാണ് ഇടിച്ചിട്ടത്.

പിന്നാലെ ചേവായൂര്‍ പൊലീസ് വാഹനം കൂടിയെത്തിയതോടെ സിനിമാ സ്‌റ്റൈലിലായി പിന്തുടരല്‍. ഒടുവില്‍ ബിലാത്തിക്കുളം ക്ഷേത്രത്തിലേക്കുള്ള റോഡില്‍ വെച്ച് കല്‍ വിളക്കിലിടിച്ചതോടെ ലോറി നിന്നു. ഓടിരക്ഷപ്പെടാന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും പിന്നാലെയെത്തി പൊലീസ് പിടികൂടി. ക്ഷുഭിതരായ നാട്ടുകാര്‍ യുവാക്കളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെങ്കിലും പൊലീസ് അനുനയിപ്പിക്കുകയായിരുന്നു.

എലത്തൂർ മാട്ടുവയൽ അബ്ബാസ് (20), നടക്കാവ് പണിക്കർ റോഡ് ഹാജിയാർ കോളനി നാലുകുടി പറമ്പ് നിധീഷ് (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എലത്തൂർ എസ്ഐമാരായ കെ ആർ രാജേഷ് കുമാർ, കെ രാജീവ്, ഡ്രൈവർ സിപിഒ സുബീഷ്, സിപിഒ കെ രാജീവ് എന്നിവരാണ് നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ പിടികൂടിയത്.

മോഷ്ടിച്ച ലാപ്ടോപ്, ഡിവിഡി പ്ലെയർ, ബാഗ്, പഴ്‌സ് തുടങ്ങിയ സാധനങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തു. മലാപ്പറമ്പ് ചോലപ്പുറത്ത് യുപി സ്കൂളിൽനിന്ന് ആംപ്ലിഫയറും മൈക്ക് സെറ്റും മറ്റും ഇവർ കഴിഞ്ഞ ദിവസം മോഷ്ടിച്ചതായും പൊലീസ് പറഞ്ഞു. ചേവായൂർ എസ്ഐ എസ്ഷാനിന്റെ നേതൃത്വത്തിൽ പ്രതികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.