In Depth

In-Depth News

മനുഷ്യ തലച്ചോറില്‍ പരീക്ഷണവുമായി ഇലോണ്‍ മസ്‌ക്

0

ഇലോണ്‍ മസ്‌കിന്റെ ബ്രെയിന്‍ ഇംപ്ലാന്റ് കമ്പനിയായ ന്യൂറലിങ്കിന് മനുഷ്യരിലുള്ള ആദ്യ ക്ലിനിക്കല്‍ ട്രെയലിനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. മസ്‌കും ന്യൂറലിങ്കും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റെഗുലേറ്ററി ക്ലിയറന്‍സാണ് ലഭിച്ചിരിക്കുന്നത്. തലച്ചോറില്‍ സ്ഥാപിക്കുന്ന ഇംപ്ലാന്റ് (സൂക്ഷ്‌മോപകരണം) മനുഷ്യരില്‍ പരീക്ഷിക്കാന്‍ ആറു മാസത്തിനുള്ളില്‍ അനുമതി തേടുമെന്ന് മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യം വ്യക്തമാക്കി ആറ് മാസം പൂര്‍ത്തിയാകവെയാണ് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) ന്യൂറലിങ്കിന് അവര്‍ വികസിപ്പിച്ച ചിപ്പ് മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

എന്നാല്‍ മനുഷ്യരില്‍ പരീക്ഷണം നടത്താന്‍ അനുമതി നല്‍കിയത് ആശങ്കകളും ഉയര്‍ത്തുന്നുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് കുരങ്ങന്മാരില്‍ ന്യൂറ ലിങ്ക് മസ്തിഷ്‌ക പരീക്ഷണം നടത്തിയത്. 2022 ല്‍ മൃഗങ്ങളില്‍ നടത്തിയ പരീക്ഷണം വിജയിച്ചെന്നും, കുരങ്ങന്മാരില്‍ ബ്രെയിന്‍ ഇന്റര്‍ഫേസ് പ്രവര്‍ത്തിക്കുന്നതിന്റെ ദൃശ്യങ്ങളും കമ്പനി പുറത്തുവിട്ടിരുന്നു. ഇതോടെ മനുഷ്യരിലെ പരീക്ഷണങ്ങള്‍ക്ക് കമ്പനി അനുമതി തേടിയപ്പോള്‍, ഇംപ്ലാന്റിന്റെ ലിഥിയം ബാറ്ററി, തലച്ചോറിനുള്ളിലെ വയറുകളുടെ മൈഗ്രേഷന്‍, മസ്തിഷ്‌ക കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്താതെ ഉപകരണം സുരക്ഷിതമായി വേര്‍തിരിച്ചെടുക്കല്‍ എന്നീ കാര്യങ്ങളില്‍ ആശങ്കകള്‍ ഉള്ളതിനാല്‍ എഫ്ഡിഎ അംഗീകാരം നല്‍കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു.

ബ്രെയിന്‍ ഇംപ്ലാന്റുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും മനുഷ്യരിലെ ക്ലിനിക്കല്‍ ടെസ്റ്റുമായി മുന്നോട്ട് പോകാന്‍ അനുവദിച്ച എഫ്ഡിഎയുടെ തീരുമാനം ആശ്ചര്യപ്പെടുത്തുന്നുവെന്ന് പെന്‍ സ്റ്റേറ്റിലെ റോക്ക് എത്തിക്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ന്യൂറോ എത്തിക്സിസ്റ്റായ ലോറ കാബ്രേര പറഞ്ഞു. മനുഷ്യരിലെ ക്ലിനിക്കല്‍ ട്രെയലിന് ധൃതിയില്‍ അനുമതി തേടിയുള്ള മസ്‌കിന്റെ നീക്കം സംശയാസ്പദമാണെന്ന് അവര്‍ പറഞ്ഞു. ബ്രെയിന്‍ സിഗ്‌നലുകള്‍ കണ്ടുപിടിക്കാന്‍ കഴിവുള്ള ഒരു മെഡിക്കല്‍ ഉപകരണത്തിന്റെ നിര്‍മ്മാണത്തിന് മസ്‌കിന് ഉചിതമായ മേല്‍നോട്ടം വഹിക്കാന്‍ കഴിയുമോ എന്ന ചോദ്യം ഉയര്‍ത്തുന്നുണ്ടെന്നും കാബ്രേര ചൂണ്ടിക്കാട്ടി.

കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ് നിര്‍മ്മിക്കുന്ന ആദ്യ കമ്പനിയല്ല മസ്‌കിന്റെ ന്യൂറലിങ്ക്. ലോകമെമ്പാടുമുള്ള ഗവേഷകര്‍ വര്‍ഷങ്ങളായി പക്ഷാഘാതവും വിഷാദവും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഭേദമാക്കാനായി ഇംപ്ലാന്റുകളുടെയും ഗാഡ്ജെറ്റുകളുടെയും ഉപയോഗത്തെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഒരുകൂട്ടം ന്യൂറോ ശാസ്ത്രജ്ഞരും സര്‍ജന്മാരും ചേര്‍ന്ന് വികസിപ്പിച്ച ഇലക്ട്രോണിക് ഇംപ്ലാന്റ് വിജയകരമായിരുന്നു.

12 വര്‍ഷം മുമ്പ് സൈക്ലിങ്ങിനിടെ അപകടത്തില്‍പ്പെട്ട് നട്ടെല്ലിന് പരിക്കേറ്റ് തളര്‍ന്നുപോയ 40 കാരനായ ഗെര്‍ട്ട്-ജാന്‍ ഓസ്‌കാം ഇംപ്ലാന്റുകളുടെ സഹായത്തോടെ വീണ്ടും നടന്നിരുന്നു. കാലിന്റെ പേശികളുടെ ചലനത്തെ ഉത്തേജിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സ്‌പൈനല്‍ കോഡ് ഇംപ്ലാന്റാണ് അന്ന് ഗവേഷകര്‍ വികസിപ്പിച്ചത്. ഇതില്‍ ഇലക്ട്രിക്കല്‍ പള്‍സുകള്‍ ഉപയോഗിച്ചാണ് പേശികളെ ഉത്തേജിപ്പിച്ചിരുന്നത്. തളര്‍വാതം ബാധിച്ച മൂന്ന് രോഗികള്‍ ഈ സ്‌പൈനല്‍ കോഡ് ഇംപ്ലാന്റ് ഉപയോഗിച്ച് നടന്നിരുന്നു. എന്നാല്‍ കാല്‍ ചലിപ്പിക്കാന്‍ രോഗികള്‍ക്ക് ഒരു ബട്ടണ്‍ അമത്തേണ്ടിയിരുന്നതിനാല്‍ സ്വാഭാവികമായ നടത്തമല്ലായിരുന്നു ഇവരുടേത്.

സ്‌പൈനല്‍ കോഡ് ഇംപ്ലാന്റില്‍ നിന്നും വ്യത്യസ്തമാണ് ന്യൂറലിങ്കിന്റെ ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ് (ബിസിഎ). മസ്തിഷ്‌ക രോഗങ്ങള്‍, നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങള്‍, പരിക്കുകള്‍ എന്നിവ ബ്രെയിന്‍ ഇംപ്ലാന്റിലൂടെ ഭേദപ്പെടുത്താന്‍ സഹായിക്കുമെന്നാണ് മസ്‌ക് അവകാശപ്പെടുന്നത്. പല കാരണങ്ങളാല്‍ കാഴ്ച നഷ്ടപ്പെട്ടവര്‍ക്ക് അതു വീണ്ടെടുക്കുന്നതിനും പേശികള്‍ക്ക് ചലനശേഷിയില്ലാത്തവര്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ന്യൂറലിങ്ക് വഴി സാധിക്കും. മനുഷ്യ മസ്തിഷ്‌കത്തെ കമ്പ്യൂട്ടര്‍ അധിഷ്ഠിത ഉപകരണങ്ങളുമായി ബന്ധിപ്പിക്കുന്ന ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ് (ബിസിഎ) എന്ന ആശയത്തിലൂന്നി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് മസ്‌കിന്റെ ന്യൂറലിങ്ക്. അതായത് മനുഷ്യന്റെ ചിന്തകളെ കമ്പ്യൂട്ടറിലേക്ക് എത്തിക്കാന്‍ സാധിക്കുന്നതിനെയാണ് കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ് എന്നു പറയുന്നത്.

ബ്രെയിന്‍ ഇംപ്ലാന്റിലൂടെ ഒരു നാണയത്തിന്റെ വലിപ്പമുള്ള ചിപ്പ് തലയോട്ടിയില്‍ ഘടിപ്പിക്കും. ആദ്യഘട്ടത്തില്‍ ഈ ചിപ്പില്‍ നിന്നും തലച്ചോറിലെ കോശങ്ങളിലേക്ക് 1024 നേര്‍ത്ത ഇലക്ട്രോഡ് ചാനലുകള്‍ ബന്ധിപ്പിക്കും. പിന്നീട് ആയിരക്കണക്കിന് ഇലക്ട്രോഡുകള്‍ കൂടി ചേര്‍ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ കൂടുതല്‍ ഇലക്ടോഡുകള്‍ രോഗികള്‍ക്ക് കാര്യമായി സഹായകരമാകുമോ എന്ന ചോദ്യവും ബ്രെയിന്‍ ഇംപ്ലാന്റ് വിദഗ്ധര്‍ക്കിടയില്‍ ഉയര്‍ന്നു വരുന്നുണ്ട്. മനുഷ്യന്റെ മുടിനാരിനേക്കാള്‍ കനംകുറഞ്ഞ വയറുകളിലാണ് ഇലക്ട്രോഡുകള്‍ ഘടിപ്പിച്ചിരിക്കുന്നത്.

രക്തധമനികളെ ഒഴിവാക്കികൊണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ റോബോട്ടിനെ ഉപയോഗിച്ച് മസ്തിഷ്‌കകോശങ്ങളിലേക്ക് മൈക്രോസ്‌കോപ്പിക് വയറുകളെ തുന്നിച്ചേര്‍ക്കുന്ന രീതിയിലൂടെ ശസ്ത്രക്രിയയില്‍ വിപ്ലവം സൃഷ്ടിക്കാനാണ് ന്യൂറലിങ്ക് ലക്ഷ്യമിടുന്നത്. ഇങ്ങനെ തലച്ചോറില്‍ ഘടിപ്പിച്ച ചിപ്പില്‍ നിന്നും ബ്ലൂടൂത്ത് വഴിയാണ് പുറത്തുള്ള ഉപകരണത്തിലേക്ക് വിവരങ്ങള്‍ കൈമാറുന്നത്. ശരീരം തളര്‍ന്നുപോയ ആളുകളെ ആശയവിനിമയം നടത്താനും അവരെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുകയുമാണ് ന്യൂറലിങ്ക് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫേസ് (ബിസിഐ) ഇംപ്ലാന്റില്‍ ഇലോണ്‍ മസ്‌കിന്റെ പ്രധാന എതിരാളിയാണ് സിണ്‍ക്രോണ്‍. സിണ്‍ക്രോണിനും ബിസിഐ ഇംപ്ലാന്റില്‍ മനുഷ്യരിലെ ക്ലിനിക്കല്‍ ട്രയലിനായി അനുമതി ലഭിച്ചിട്ടുണ്ട്. ന്യൂറലിങ്കിന് സമാനമായ പ്രവര്‍ത്തനം തന്നെയാണ് ബിസിഐ ഇംപ്ലാന്റിലൂടെ സിന്‍ക്രോണും ശ്രമിക്കുന്നത്. ആദ്യഘട്ടത്തില്‍ മനുഷ്യനിലെ ക്ലിനിക്കല്‍ ട്രെയലിന്റെ അനുമതി തേടുന്നതില്‍ പിന്നിലായതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ നിക്ഷേപത്തെ കുറിച്ച് ചര്‍ച്ച നടത്തുന്നതിനായി മസ്‌ക് സിന്‍ക്രോണുമായി ബന്ധപ്പെട്ടിരുന്നുവെന്ന് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ബ്രെയിന്‍ ഇംപ്ലാന്റ് വിപണനം ചെയ്യുന്നതിനായി ഒരു കമ്പനിക്കും എഫ്ഡിഎയുടെ അന്തിമ അനുമതി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ബിസിഐ ഇംപ്ലാന്റിന് കമ്പനികളെ സഹായിക്കുന്നതിനായി സംഘടനകളും മുന്നോട്ട് വരുന്നുണ്ട്. മെഡിക്കല്‍ നവീകരണത്തെ പിന്തുണയ്ക്കുകയും ധനസഹായം നല്‍കുകയും ചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്), നൂതനമായ ന്യൂറോ ടെക്‌നോളജികള്‍ വഴിയുള്ള ബ്രെയിന്‍ (BRAIN) പദ്ധതിയുടെ ഭാഗമായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ബ്രെയിന്‍ ഇംപ്ലാന്റ് ഗവേഷണം നടത്തുന്ന കമ്പനികളെ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്. മെഡ്‌ട്രോണിക്, ബ്ലാക്ക്‌റോക്ക് ന്യൂറോടെക്ക് എന്നിവയുള്‍പ്പടെ 12 ഓളം സ്ഥാപനങ്ങള്‍ക്ക് ഈ സംഘടന ധനസഹായം നല്‍കുന്നുണ്ട്.

ഗ്രാന്റുകള്‍ നല്‍കുന്നതിനപ്പുറം, എഫ്ഡിഎ ക്ലിയറന്‍സ് എങ്ങനെ നേടാമെന്നും അതുപോലെ തന്നെ ഉപകരണം വിപണനം ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശവും ഏജന്‍സി നല്‍കുന്നുണ്ട്. ന്യൂറലിങ്കിന് ഓര്‍ഗനൈസേഷന്‍ സഹായം വാഗ്ദാനം ചെയ്‌തെങ്കിലും കമ്പനി അത് നിരസിക്കുകയായിരുന്നുവെന്ന് ബ്രെയിന്‍ സംരംഭത്തിന്റെ ടീം തലവന്‍ നിക്ക് ലാംഗല്‍സ് പറഞ്ഞു. ” ന്യൂറലിങ്ക് പോലുള്ള കമ്പനിയെ തങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കില്ല, പക്ഷേ അവര്‍ക്ക് സഹായ വാഗ്ദാനം സ്വീകരിക്കാന്‍ താല്‍പ്പര്യമില്ല. കമ്പനി ഇതുവരെ അതിന്റെ കാരണങ്ങള്‍ വിശദീകരിച്ചിട്ടില്ല” ലംഗാല്‍സ് പറഞ്ഞു. എന്‍ഐഎച്ച് ഫണ്ടിംഗ് അനാവശ്യമായ പൊതുമേല്‍നോട്ടവും ബ്യൂറോക്രാറ്റിക് തടസ്സങ്ങളുടെ കൊണ്ടുവരുമെന്ന് മസ്‌ക് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ബ്രെയിന്‍ ഇംപ്ലാന്റ് ഗവേഷണം നടത്തുന്ന കമ്പനികള്‍

* ന്യൂറലിങ്ക്– 2016 ല്‍ സ്ഥാപിതമായ കമ്പനിയാണ് ന്യൂറലിങ്ക്. മസ്തിഷ്‌ക ചിപ്പിന്റെ മനുഷ്യരിലെ പരീക്ഷണത്തിനായി 2023 ല്‍ എഫ്ഡിഎ അംഗീകാരം ലഭിച്ചു. മറ്റ് ഇംപ്ലാന്റ് നിര്‍മ്മാതാക്കള്‍ എഫ്ഡിഎ റെഗുലേറ്ററി അംഗീകാരത്തിനായി വര്‍ഷങ്ങളോ പതിറ്റാണ്ടുകളോ ആണ് ചിലവഴിച്ചത്.

* സിന്‍ക്രോണ്‍– ന്യൂറലിങ്ക് പോലെ ഗുരുതരമായ പക്ഷാഘാതമുള്ള രോഗികളെ ഡിജിറ്റല്‍ ഉപകരണങ്ങളെ നിയന്ത്രിക്കാന്‍ ബ്രെയിന്‍ ഇംപ്ലാന്റിലൂടെ സഹായിക്കുകയാണ് സിന്‍ക്രോണിന്റെ ലക്ഷ്യം. മനുഷ്യരിലെ പരീക്ഷണത്തിനായി അപേക്ഷിച്ചിട്ട് അഞ്ച് വര്‍ഷത്തിന് ശേഷം 2021 ജൂലൈയിലാണ് യുഎസ് എഫ്ഡിഎ അനുമതി നല്‍കുന്നത്. ഓസ്‌ട്രേലിയയിലെ നാല് രോഗികളിലാണ് കമ്പനി ആദ്യമായി പരീക്ഷണം നടത്തിയത്. പരീക്ഷണത്തില്‍ രോഗികള്‍ കൈകളുടെയോ സബ്ദത്തിന്റെയോ സഹായമില്ലാതെ മനസ്സില്‍ ചിന്തിച്ച കാര്യം സന്ദേശങ്ങളായി അയക്കുകയാണ് ചെയ്തത. ട്രെയലിന്റെ പ്രാരംഭ പഠനത്തില്‍ ഫെബ്രുവരി അവസാനത്തോടെ മൊത്തം ആറ് രോഗികളില്‍ സിന്‍ക്രോണ്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്.

* മെഡ്‌ട്രോണിക്– ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡിബിഎസ്) ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികളില്‍ പ്രധാനിയാണ് മെഡ്‌ട്രോണിക്. 1997 ല്‍ പാര്‍ക്കിണ്‍സണ്‍സ് രോഗത്തെ ചികിത്സിക്കുന്നതിനായി മെഡ്‌ട്രോണിക്‌സ് ഇംപ്ലാന്റിന് എഫ്ഡിഎ അംഗീകാരം നല്‍കി. അതിനുശേഷം 175,000ത്തിലധികം രോഗികള്‍ക്ക് ഈ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്.

*ന്യൂറോപേസ്– 1997 ല്‍ സ്ഥാപിതമായ ന്യൂറോപേസിന് 2013 വരെ അപസ്മാരം ചികിത്സിക്കുന്നതിനായി ബ്രെയിന്‍ ഇംപ്ലാന്റിന് എഫ്ഡിഎ അംഗീകാരം ലഭിച്ചു. കുറഞ്ഞത് രണ്ട് മരുന്നുകളെങ്കിലും പരീക്ഷിച്ച പ്രായംചെന്ന രോഗികളിലാണ് ഈ ഉപകരണം ഉപയോഗിക്കുന്നതെന്ന കമ്പനി പറയുന്നു.

*ബ്ലാക്ക്‌റോക്ക് ന്യൂറോടെക്– 2008 ല്‍ സ്ഥാപിതമായ കമ്പനിയാണ് ബ്ലാക്ക്‌റോക്ക് ന്യൂറോടെക്. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി മനുഷ്യരില്‍ ബ്രെയിന്‍ ഇംപ്ലാന്റ് പരീക്ഷിച്ചു. പക്ഷാഘാതമുള്ള ആളുകള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍, പ്രോസ്തെറ്റിക്സ്, സ്വന്തം കൈകാലുകള്‍ എന്നിവ നിയന്ത്രിക്കാന്‍ ഈ ഉപകരണം സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്. മനുഷ്യരിലെ ക്ലിനിക്കല്‍ പരീക്ഷണ പൂര്‍ത്തിയായതോടെ കഴിഞ്ഞ വര്‍ഷത്തോടെ എഫ്ഡിഎയില്‍ നിന്ന് ഇംപ്ലാന്റ് വാണിജ്യവല്‍ക്കരിക്കാന്‍ അനുമതി ലഭിക്കുമെന്ന് കമ്പനി പ്രതീക്ഷിച്ചിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല. ഇംപ്ലാന്റിന്റെ വിപണനത്തിനായുള്ള അനുമതിക്കായി കമ്പനി ഇപ്പോഴും പ്രവര്‍ത്തിക്കുകയാണ്.

* പ്രിസിഷന്‍ ന്യൂറോസയന്‍സ്- 2021 ലാണ് കമ്പനി സ്ഥാപിതമായത്. മുന്‍ ന്യൂറലിങ്ക് സ്ഥാപക അംഗമായ ബെഞ്ചമിന്‍ റാപോപോര്‍ട്ടാണ് പ്രിസിഷന്‍ ന്യൂറോസയന്‍സിന്റെ സഹസ്ഥാപകന്‍. കമ്പനി തങ്ങളുടെ ഉപകരണത്തെ മിനിമലി ഇന്‍വേസിവ് എന്നാണ് വിശേഷിപ്പിക്കുന്നത്. ടേപ്പിന്റെ ആകൃതിയിലുള്ള ഈ ഉപകരണം തലച്ചോറിന്റെ ഉപരിതലത്തിന് അനുസൃതമായിട്ടാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

എഐ ക്യാമറ പണി തുടങ്ങി; പിഴത്തുക ഇങ്ങനെ

0

വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ എഐ ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. 726 ക്യാമറകളാണ് സംസ്ഥാനത്തുടനീളമായി സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ 692 ക്യാമറകളാണ് ഇന്ന് മുതല്‍ പിഴ ഈടാക്കി തുടങ്ങുന്നത്.ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, അപകടം ഉണ്ടാക്കി നിര്‍ത്താതെ പോകല്‍ എന്നിവ പിടികൂടാനായി 675 ക്യാമറകളും സിഗ്നല്‍ ലംഘിച്ച് പോകുന്ന വാഹനങ്ങളെ തിരിച്ചറിയാല്‍ 17 ക്യാമറകളുമാണുള്ളത്. ഇതോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ എന്നീ സാങ്കേതികവിദ്യ നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമായി മാറുകയാണ് കേരളം.

ഏപ്രില്‍ 19 മുതല്‍ നിരീക്ഷണം ആരംഭിച്ച എഐ ക്യാമറകളില്‍ ആദ്യഘട്ടത്തില്‍ ദിവസേന നാലരലക്ഷത്തോളം നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. പിന്നീട് അത് രണ്ടരലക്ഷത്തോളമായി കുറയുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ എഐ ക്യാമറയിലൂടെ ആദ്യഘട്ടത്തില്‍ പ്രതിദിനം ഒന്നേമുക്കാല്‍ ലക്ഷം വരെ നിയമലംഘനങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് മോട്ടോര്‍വാഹന വകുപ്പുള്ളത്.

പിഴ ഈ നിയമലംഘനങ്ങള്‍ക്ക്

അമിതവേഗതയില്‍ വാഹനം ഓടിച്ചാല്‍ 1500 രൂപ പിഴ ഈടാക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതിന് പുറമെ ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് രണ്ട് നിയമലംഘനങ്ങള്‍ക്കാണ് പിഴ ചുമത്തുന്നത്. വാഹനം ഓടിക്കുന്നയാളും പിന്നിലിരിക്കുന്ന ആളും നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിച്ചിരിക്കണം. ഇല്ലെങ്കില്‍ 500 രൂപ പിഴ ഈടാക്കും.

നാല് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. രണ്ടാമതായി ഓവര്‍ലോഡിങ് പാടില്ല. അതായത് ഡ്രൈവറുള്‍പ്പടെ രണ്ട് പേര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ അനുവാദം. ഇരുചക്ര വാഹനങ്ങളില്‍ രണ്ടിലധികം പേര്‍ യാത്ര ചെയ്താല്‍ 1000 രൂപ ഈടാക്കും. എന്നാല്‍ 12 വയസ്സിന് താഴെയുള്ള ഒരു കുട്ടി കൂടെ യാത്ര ചെയ്യുന്നതിന് പിഴ ഈടാക്കില്ല.

സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാലും ആണ് കാര്‍ യാത്രക്കാര്‍ എഐയില്‍ കുടുങ്ങുന്നത്. ഡ്രൈവറും മുന്‍സീറ്റിലിരിക്കുന്നയാളും നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിക്കണം. സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നാല്‍ 500 രൂപ പിഴ ഈടാക്കും. കുട്ടികളായാലും ഗര്‍ഭിണികളായാലും പ്രായമുള്ളവരായാലും നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ചാല്‍ 2000 രൂപ പിഴ ഈടാക്കും.

ട്രാഫിക് സിഗ്നലില്‍ റെഡ് സിഗ്നല്‍ മുറിച്ചുകടന്നാല്‍ ക്യാമറ കണ്ടെത്തും. ഈ നിയമ ലംഘനത്തിന് കോടതി ആയിരിക്കും പിഴ ചമുത്തുന്നത്. അതുപോലെ നോ പാര്‍ക്കിങ് ഏരിയയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ 250 രൂപ ഈടാക്കും. അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 ക്യാമറകളും അമിതവേഗത കണ്ടെത്താന്‍ നാല് ക്യാമറകളുമാണ് ഉള്ളത്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. നിയമലംഘനം കണ്ടെത്തിയാല്‍ ആറ് മണിക്കൂറിനുള്ളില്‍ വാഹന ഉടമയ്ക്ക് മൊബൈലിലേക്ക് എസ്എംഎസ് ലഭിക്കും. ഇതിന് പുറമെ വീട്ടിലേക്ക് നോട്ടീസും അയക്കും. പിഴത്തുക അടച്ചില്ലെങ്കില്‍ ടാക്‌സ് അടക്കുമ്പോഴും വാഹനം കൈമാറ്റം ചെയ്യുമ്പോഴും പിഴ അടക്കേണ്ടി വരും.

അതേസമയം ഒരു തവണ ഒന്നിലധികം തവണ നിയമം ലംഘിച്ചാല്‍ അത്രയും തവണ പിഴയടക്കേണ്ടി വരും. പിഴ ഈടാക്കി കൊണ്ടുള്ള നോട്ടീസ് ലഭിച്ചാല്‍ ഓണ്‍ലൈന്‍ വഴിയും ആര്‍ടി ഓഫീസുകളില്‍ നേരിട്ടെത്തിയും പിഴ അടയ്ക്കാവുന്നതാണ്. എഐ ക്യാമറകള്‍ സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.

അതേസമയം പിഴയുമായി ബന്ധപ്പെട്ട് പരാതി ഉള്ളവര്‍ക്ക് അതാത് ജില്ലകളിലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒമാര്‍ക്ക് നേരിട്ട് അപ്പീല്‍ നല്‍കാം. ഇതു വഴി നിരപരാധികളായവര്‍ക്കെതിരെ പിഴ ചുമത്തുന്നുവെന്ന ആക്ഷേപത്തില്‍ നിന്നും മുക്തി നേടാനാകുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.

എഐ ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ റോഡപകടങ്ങള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ നേര്‍പകുതിയായി കുറയ്ക്കാനാകുമെന്നാണ് ഗതാഗത വകുപ്പ് പറയുന്നത്. കേരളത്തിലുണ്ടാകുന്ന റോഡപകടങ്ങളുടെ പ്രധാന കാരണം അമിത വേഗതയാണ്. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2016 മുതല്‍ 2022 ആഗസ്റ്റ് വരെ സംസ്ഥാനത്തുണ്ടായ റോഡപകടങ്ങളില്‍ മരിച്ചത് 26,407 പേരാണ്.

ഇക്കാലയളവില്‍ വിവിധയിടങ്ങളിലായി 2,49,231 റോഡപകടങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഒരു വര്‍ഷം കേരളത്തില്‍ നാലായിരത്തിലധികം അപകട മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അമിത വേഗത, അശ്രദ്ധ, നിര്‍ദേശങ്ങള്‍ പാലിക്കാതെയുള്ള ഡ്രൈവിങ് തുടങ്ങിയവയാണ് അപകടങ്ങളുടെ എണ്ണം കൂട്ടുന്നത്. അതുകൊണ്ട് തന്നെ എഐ ക്യാമറയിലൂടെ അമിതവേഗതയ്ക്ക് പൂട്ടിടുന്നതോടെ 50 ശതമാനത്തോളം അപകടങ്ങള്‍ കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തല്‍.

മിണ്ടരുത്…ക്രമിനലുകളാകും; ദേശസ്‌നേഹ ബില്ലുമായി സിംബാബ്‌വെ

0

നീണ്ട 37 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിന് അറുതി വരുത്തി 2017 ല്‍ റോബര്‍ട് മുഗാബെ രാജി വെച്ചത്, സിംബാബ്വെയിലെ ജനങ്ങള്‍ക്കിടയില്‍ പുതു പ്രതീക്ഷകളായിരുന്നു നല്‍കിയത്. മുഗാബെയുടെ രാജിയില്‍ അന്ന് ജനങ്ങള്‍ തെരുവുകളില്‍ ആഹ്ലാദപ്രകടനങ്ങള്‍ വരെ നടത്തിയിരുന്നു. അക്കാലയളവില്‍ മുഗാബെയുടെ ഭരണത്തില്‍ സിംബാബ്വെ കടുത്ത സാമ്പത്തിക പ്രതിസന്ധികളില്‍ വീണുപോയിരുന്നു. അട്ടിമറി ഭരണത്തിലൂടെ സിംബാബ്‌വെയുടെ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് മുന്‍ വൈസ് പ്രസിഡന്റ് എമേഴ്‌സന്‍ മാന്‍ഗാഗ്വ ആയിരുന്നു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ എമേഴ്‌സന്‍ മാന്‍ഗാഗ്വ പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘സിംബാബ്‌വെ ഇനി സഞ്ചരിക്കുന്നത് ജനാധിപത്യത്തിന്റെ പാതയിലായിരിക്കും’. 37 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തില്‍ സിംബാബ്‌വെ ജനത ആഗ്രഹിച്ചതും മാന്‍ഗാഗ്വ മുന്നോട്ട് വെച്ച ജനാധിപത്യ ഭരണം തന്നെയായിരുന്നു.

ജനാധിപത്യ വ്യവസ്ഥ രീതിയിലെ ഭരണത്തിലും സിംബാബ്വെയില്‍ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചില്ല. രാജ്യം സേച്ഛാധിപത്യത്തിലേക്ക് പോകുമോ എന്നതിന്റെ ഭയത്തിലാണ് ഇപ്പോള്‍ അവിടുത്തെ ജനം. 2023 മെയ് 31 ന് ഏറെ വൈകി പാര്‍ലമെന്റില്‍ പാസാക്കിയ ബില്ലാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. സിംബാബ്‌വെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് നിയമവിരുദ്ധമാണെന്നുള്ള വിവാദമായ ‘ദേശസ്‌നേഹ ബില്‍’ ആണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. പ്രസിഡന്റ് എമേഴ്‌സന്‍ മാന്‍ഗാഗ്വ ബില്ലില്‍ ഒപ്പുവെക്കുന്നതോടെ ഇത് നിയമമായി മാറും. ഭരണപക്ഷത്തിന് അനുകൂലമായ ബില്ലില്‍ എന്തായാലും പ്രസിഡന്റ് മാന്‍ഗാഗ്വ ഒപ്പിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇതോടെ ഭരണപക്ഷത്തിനെതിരെയോ സര്‍ക്കാരിന്റെ അനീതികള്‍ക്കെതിരെയോ ജനങ്ങള്‍ക്ക് ശബ്ദമുയര്‍ത്താന്‍ സാധിക്കില്ല. ചുരുക്കി പറഞ്ഞാല്‍ ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ പോലും നടത്താനാകില്ല. സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചാല്‍ അവര്‍ ദേശവിരുദ്ധ കുറ്റം ചെയ്യുന്ന ക്രിമിനലുകളാകുമെന്ന് സാരം. രാജ്യത്തിന്റെ ഓരോ കോണില്‍ നിന്നും വ്യാപകമായ എതിര്‍പ്പാണ് ഈ ബില്ലിനെതിരെ ഉയര്‍ന്നു വരുന്നത്. 2023 ഓഗസ്റ്റ് 23 ന് പാര്‍ലമന്റ്, പ്രസിഡന്റ് തിരഞ്ഞെടുപ്പുകള്‍ നടക്കുമെന്ന പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് പാര്‍ലമെന്റ് ബില്ല് പാസാക്കിയതും. സിംബാബ്‌വെയില്‍ വീണ്ടും ഭരണം പിടിക്കാനുള്ള തന്ത്രപാടിലാണ് എമേഴ്‌സന്‍ മന്‍ഗാഗ്വ.

എന്താണ് ഈ ദേശസ്‌നേഹ ബില്‍?

സിംബാബ്വെയുടെ പരമാധികാരത്തെയും ദേശീയ താല്‍പ്പര്യത്തെയും തകര്‍ക്കുന്ന പ്രവൃത്തികളെ ക്രിമിനല്‍ കുറ്റമാക്കുന്ന ഒരു വ്യവസ്ഥയില്‍ നിന്ന ഉരുത്തിരിഞ്ഞ് വന്നതാണ് ദേശസ്‌നേഹ ബില്‍. ഗുരുതരമായ കേസുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് 20 വര്‍ഷം വരെ തടവ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബില്ലിനെ പിന്തുണച്ച രാജ്യത്തെ ഭരണകക്ഷിയായ സാനു പിഫ് പാര്‍ട്ടി പറയുന്നതനുസരിച്ച്, സിംബാബ്വെയിലെ ഏകദേശം 15 ദശലക്ഷം പൗരന്മാരെ ഈ ബില്ല് ‘ദേശസ്നേഹി’കളാകാന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ്. ബില്ല് കൊണ്ടുവരുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ നിലനില്‍പ്പിനെ നിയന്ത്രിക്കാനല്ലെന്നും മറിച്ച് സിംബാബ്വെയിലെ ജനങ്ങളെ അവരുടെ രാജ്യത്തെ സ്‌നേഹിക്കാനും അതിനെ അപലപിക്കുന്നത് അവസാനിപ്പിക്കാനുമാണെന്ന് സാനു പിഎഫ് പാര്‍ട്ടി എംപി ചിനോടിംബ പറഞ്ഞു. സാമ്പത്തിക ശാസ്ത്രജ്ഞന്‍ സ്റ്റീവ് ഹാങ്കേയുടെ ‘ദുരിത സൂചിക’ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തെ തന്നെ ഏറ്റവും മോശാവസ്ഥയിലുള്ള രാജ്യമാണ് സിംബാബ്‌വെ. ഇതിനു പിന്നാലെയാണ് ദേശസ്‌നേഹം കൂട്ടാനെന്ന പേരില്‍ പുതിയ നിയമം സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്.

എതിര്‍ത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍

‘ദേശസ്‌നേഹ ബില്‍’ പാസാക്കിയതില്‍ ആശങ്കയറിയിച്ച് അവകാശ സംഘടനകളും ആക്ടിവിസ്റ്റുകളും പ്രതിപക്ഷപാര്‍ട്ടികളും ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ രാജ്യത്ത് സര്‍ക്കാരിനെതിരെ ഉയര്‍ന്നു വരുന്ന ഏത് വിമര്‍ശനവും നിരോധിക്കുക എന്നതാണ് ദേശസ്‌നേഹ ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു. ഭരണകക്ഷിയായ സാനു പിഫ് പാര്‍ട്ടിയെ എതിര്‍ക്കുന്ന പൗരസമൂഹ സംഘടനകളെയും പൗരന്മാരെയും പാര്‍ട്ടികളെയും അടിച്ചമര്‍ത്താനും ശിക്ഷിക്കാനുമായി ഈ നിയമം ഭരണപക്ഷം ദുരുപയോഗപ്പെടുത്തുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നു. ഭരണകക്ഷികളുടെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടുകയാണ് പ്രതിപക്ഷം ചെയ്യാറ്. എന്നാല്‍ ദേശസ്‌നേഹ ബില്‍ കൊണ്ടു വരുന്നതിലൂടെ പ്രതിപക്ഷത്തിന്റെയും അവകാശസംഘടനകളുടെയും പൊതുജനങ്ങളുടെയും വാമൂടി കെട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ”സംസാര സ്വാതന്ത്ര്യം ഇപ്പോള്‍ മരിച്ചു. സിംബാബ്‌വെയെ സംബന്ധിച്ചിടത്തോളം ഇത് വളരെ സങ്കടകരമായ ദിവസമാണ്’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ ഹോപ്‌വെല്‍ ചിനാനോ ട്വിറ്ററില്‍ കുറിച്ചത്. ഈ നിയമം അപകടകരമാണെന്ന് ബില്ലിനെ എതിര്‍ക്കുന്ന സിറ്റിസണ്‍ കോയലിഷന്‍ ഫോര്‍ ചേഞ്ച് (സിസിസി) വക്താവ് പറഞ്ഞു. നമ്മുടെ മഹത്തായ രാഷ്ട്രത്തെ സേച്ഛാധിപത്യത്തിന്റെ ഒരു കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് സിസിസി വക്താവ് ഫദ്‌സായി മഹേരെയും പ്രതികരിച്ചു. ”സിംബാബ്വെയില്‍ ഞങ്ങള്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ക്രൂരമായ നിയമമാണ് ഈ ബില്‍,” ഹ്യൂമന്‍ റൈറ്റ്സ് എന്‍ജിഒ ഫോറത്തിന്റെ തലവന്‍ മൂസ കിക്ക പറഞ്ഞു.

രാജ്യത്ത് അനുഭവപ്പെടുന്ന തീവ്രവിലക്കയറ്റം, പണപ്പെരുപ്പം എന്നിവയെല്ലാം അവിടുത്തെ ജനതയുടെ ദുരിതം വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ വര്‍ഷം 243.8 ശതമാനമായാണ് രാജ്യത്തെ പണപ്പെരുപ്പം ഉയര്‍ന്നത്. രൂക്ഷമായ തൊഴിലില്ലായ്മ, ഉയര്‍ന്ന പലിശ നിരക്ക്, പിന്നോട്ടുളള ജിഡിപി വളര്‍ച്ച തുടങ്ങിയവയൊക്കെ സിംബാബ്‌വെയെ ഏറ്റവും ദുരിത രാജ്യമാക്കി മാറ്റുകയും ചെയ്തു. സിംബാബ്‌വെ ഭരിക്കുന്ന സാനു പിഎഫ് പാര്‍ട്ടിയുടെ നയങ്ങളാണ് രാജ്യത്തെ ദുരിതത്തിലേക്ക് നയിച്ചതെന്നാണ് സ്റ്റീവ് ഹാങ്കേയുടെ ദുരിത സൂചിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരത്തില്‍ രാഷ്ട്രത്തെ നിലവിലെ പ്രതിസന്ധിയിലേക്ക് നയിച്ചതിന് ശേഷം ദേശസ്‌നേഹ ബില്‍ തുടങ്ങിയ തന്ത്രങ്ങളിലൂടെ വീണ്ടും ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് മന്‍ഗാഗ്‌വ.

സ്വവര്‍ഗ്ഗാനുരാഗത്തെ തൂക്കിക്കൊല്ലുന്ന ഉഗാണ്ട

0
anti gay bill uganda

എരി തീയില്‍ എണ്ണയൊഴിക്കുന്ന പോലെ ഉഗാണ്ടയിലെ പ്രധാന പത്രങ്ങളിലൊന്നായ റെഡ് പെപ്പര്‍ സ്വവര്‍ഗ്ഗാനുരാഗികളായ 45 പേരുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടു 

മുന്‍ ഉഗാണ്ടന്‍ പ്രസിഡന്‍റ് ഇദി അമീന്‍റെ കാലം മുതല്‍ക്ക് തന്നെ ഉഗാണ്ടയിലെ മനുഷ്യാവകാശ ധ്വംസനത്തെക്കുറിച്ച് പരക്കെയുള്ള ആക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്ന് യോവേരി മുസേവേനിയുടെ അധികാരത്തിന് കീഴിലേക്ക് ഉഗാണ്ട ഞെരുങ്ങുമ്പോഴും ഗാണ്ട ജനതകളുടെ ജീവിതങ്ങള്‍ക്ക് വലിയ മാറ്റമൊന്നുമില്ല.

മനുഷ്യാവകാശത്തിനുമേലുള്ള കടന്നു കയറ്റങ്ങള്‍ പുതിയ നിറം സ്വീകരിക്കുന്നതല്ലാതെ ഉഗാണ്ടയിലെ അവസ്ഥകള്‍ക്ക് യാതൊരു മാറ്റവും സംഭവിക്കുന്നില്ല. ആ നിരയിലേക്കു ചേര്‍ക്കാവുന്ന അവകാശ ധ്വംസനത്തിന്‍റെ മറ്റൊരു പരുക്കന്‍ അദ്ധ്യായമാണ് കഴിഞ്ഞ തിങ്കളാഴ്ച തലസ്ഥാന നഗരിയായ കമ്പാലയിലെ പാര്‍ലമെന്‍റില്‍ വച്ച് ഒപ്പിട്ടു പാസ്സാക്കിയത്. സ്വവര്‍ഗ്ഗാനുരാഗം ഉഗാണ്ടയില്‍ കൊടിയ പാപങ്ങളുടെ പട്ടികയിലേക്ക് എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ്.

വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമായി സ്വവര്‍ഗ്ഗലൈംഗികതയെ ഉഗാണ്ടയിലെ അധികാര വര്‍ഗ്ഗം അംഗീകരിച്ചിരിക്കുകയാണ്. യോവേരി മുസേവേനിയുടെ ഈ തീരുമാനം ലോകമനഃസാക്ഷിയെ ആഴത്തില്‍ മുറിവേല്പിക്കുന്നതാണ്. മനുഷ്യന്‍ എന്ന പരിഗണന പോലും നല്‍കാതെ ഒരു കൂട്ടം ജനതയെ മരണത്തിലേക്ക് തള്ളി വിടുന്ന ഈ നടപടി അധികാര വര്‍ഗ്ഗത്തിന്‍റെയുള്ളില്‍ കൂമ്പാരം കൂട്ടുന്ന തീവ്ര വെറുപ്പിന്‍റെ അടയാളമാണ്.

Uganda Anti LGBTQ Bill

ഉഗാണ്ടയുടെ സ്വവർഗ്ഗാനുരാഗ വിരുദ്ധ ബില്ലിന്‍റെ ഉത്ഭവം മനസ്സിലാക്കാൻ, രാജ്യത്തെ LGBTQ+ കമ്മ്യൂണിറ്റിയുടെ ചരിത്രവഴികളെ മനസ്സിലാക്കേണ്ടത് നിർണായകമാണ്. LGBTQ+ ആയി തിരിച്ചറിയുന്ന വ്യക്തികളോടുള്ള വിവേചനത്തിന്‍റെയും ശത്രുതയുടെയും നീണ്ട ചരിത്രമാണ് ഉഗാണ്ടയ്ക്കുള്ളത്. ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ തന്നെ സ്വവർഗരതി രാജ്യത്ത് ക്രിമിനൽ കുറ്റമാക്കിയിരുന്നു. ഉഗാണ്ടയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷവും അവ അതേമട്ടില്‍ തുടര്‍ന്നു പോന്നു.

1950 ലാണ് സ്വവര്‍ഗ്ഗരതിയ്ക്കെതിരായ നിയമം (Penal code Act ,150 section 145 – 147) ബ്രിട്ടീഷ്‌ സര്‍ക്കാരിന്‍റെ കാലത്ത് പാസ്സാക്കപ്പെടുന്നത്. അക്കാലത്ത് തന്നെ ജീവപര്യന്തം തടവു ലഭിക്കുന്ന കുറ്റമായിരുന്നു സ്വവര്‍ഗ്ഗരതി. പ്രകൃതി വിരുദ്ധമായും പൊതുമര്യാദയില്ലായ്മയായുമൊക്കെയാണ് സ്വവര്‍ഗ്ഗരതിയെ ഈ നിയമം കണ്ടിട്ടുള്ളത്‌. 1962 ല്‍ ഉഗാണ്ട ഒരു സ്വതന്ത്രരാജ്യമായപ്പോഴും കൊളോണിയലിസത്തിന്‍റെ അവശേഷിപ്പുകളോടൊപ്പം ഈ നിയമവും ഇതിനു പിന്നിലെ വെറുപ്പും കൈമാറ്റം ചെയ്യപ്പെട്ടു. പിന്നീട് വര്‍ഷങ്ങളോളം ഈ നിയമം വലിയ മാറ്റങ്ങള്‍ സംഭവിക്കാതെ നിലനിന്നുപോന്നു. അതോടൊപ്പം ഒരു വശത്ത് അനുദിനം അധികാര വര്‍ഗ്ഗത്തിന്‍റെ വെറുപ്പിന്‍റെ അളവും LGBTQ+ കമ്മ്യൂണിറ്റിയുടെ പ്രതിഷേധങ്ങളുടെ ശക്തിയും കൂടി വന്നു. 

Uganda Anti LGBTQ Bill

2000 ല്‍ അമേരിക്കന്‍ സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനും സ്വവര്‍ഗ്ഗരതിയുടെ കടുത്ത വിമര്‍ശകനുമായ സ്കോട്ട് ലൈവ്ലി ഉഗാണ്ടയിലെ സ്വവര്‍ഗ്ഗലൈംഗികതയ്ക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സ്റ്റീഫന്‍ ലാംഗ, മാര്‍ട്ടിന്‍ സെമ്പ തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയ സംഭവത്തോടെയാണ്, രാജ്യത്തെ സ്വവര്‍ഗ്ഗരതിയോടുള്ള വെറുപ്പ് ഉഗാണ്ടയ്ക്ക് പുറത്തേക്കും വ്യാപിക്കുന്നത്. സെമ്പയുടെയും ലാംഗയുടെയും പൂര്‍വ്വ കഥകളില്‍ നിന്നും ഉഗാണ്ടയില്‍ അക്കാലത്ത് നിലനിന്നിരുന്ന സ്വവര്‍ഗ്ഗരതിയോടുള്ള കടുത്ത വിവേചനത്തിന്‍റെ ആഴം വ്യക്തമാകുന്നതാണ്.

തുടര്‍ന്ന് 2004 ല്‍ തല്‍സമയ റേഡിയോ സംവാദ പരിപാടിയില്‍ LGBTQ+ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള അംഗങ്ങളെ പങ്കെടുപ്പിച്ചതിനു റേഡിയോ സിംബയ്ക്കുമേല്‍ ബ്രോഡ്‌കാസ്റ്റിംഗ് കൗണ്‍സില്‍ പിഴ ചുമത്തുകയും പരസ്യമായി ക്ഷമാപണം നടത്താന്‍ ഉത്തരവിടുകയും ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ കാഠിന്യമുള്ളതായിമാറി. ഇതോടനുബന്ധിച്ച് ജൂലിയറ്റ് വിക്ടര്‍ മുകാസ ഉള്‍പ്പടെയുള്ള LGBTQ+ ആക്ടിവിസ്റ്റുകളുടെ വീടുകളില്‍ വ്യാപകമായി റെയ്ഡ് നടക്കുകയും ചെയ്തതോടെ LGBTQ+ കമ്മ്യൂണിറ്റിയുടെ നിലനില്‍പ്പ് തന്നെ ചോദ്യചിഹ്നത്തിലായി.

ഒരു വര്‍ഷം പിന്നിടുന്നതിനു മുന്‍പു തന്നെ യോവേരി മുസേവേനി ഭരണഘടന ഭേദഗതി വരുത്തി സ്വവര്‍ഗ്ഗ വിവാഹം നിരോധിച്ചു. എരി തീയില്‍ എണ്ണയൊഴിക്കുന്ന പോലെ ഉഗാണ്ടയിലെ പ്രധാന പത്രങ്ങളിലൊന്നായ റെഡ് പെപ്പര്‍ സ്വവര്‍ഗ്ഗാനുരാഗികളായ 45 പേരുടെ പേരുവിവരങ്ങള്‍ പുറത്തു വിടുകയും ചെയ്തു.

Uganda Anti LGBTQ Bill

യാഥാസ്ഥിതിക മത – രാഷ്ട്രീയനേതാക്കളുടെ പിന്തുണ വേണ്ടുവോളം ലഭിച്ചതോടെ 2009 ല്‍ പാര്‍ലമെന്‍റ് അംഗമായ ഡേവിഡ്‌ ബഹാട്ടി കുപ്രസിദ്ധമായ ‘കില്‍ ദി ഗേയ്സ്‘ (സ്വവര്‍ഗ്ഗാനുരാഗികളെ കൊല്ലുക) എന്ന ബില്ല് അവതരിപ്പിക്കുകയുണ്ടായി. സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെട്ടാല്‍ വധശിക്ഷ നല്‍കണമെന്ന ആശയം ആദ്യമായി മുന്നോട്ടു വയ്ക്കുന്നത് ഈ ബില്ലിലൂടെയാണ്. 2009 ലെ ഈ വിവാദ സ്വവർഗരതി വിരുദ്ധ ബിൽ അവതരിപ്പിക്കപ്പെട്ടതിനുശേഷം അന്താരാഷ്ട്ര തലത്തില്‍ കടുത്ത വിമര്‍ശനവും രോഷവും സര്‍ക്കാര്‍ നേരിട്ടു.

മനുഷ്യാവകാശ സംഘടനകളും ആക്ടിവിസ്റ്റുകളും വിദേശ ഗവൺമെന്‍റുകളും അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനത്തെക്കുറിച്ചും LGBTQ+ കമ്മ്യൂണിറ്റിക്കെതിരായ അക്രമം വർദ്ധിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചും ആശങ്കകള്‍  ഉന്നയിച്ചു. അന്താരാഷ്‌ട്ര തലത്തില്‍ നിന്നുള്ള കടുത്ത സമ്മർദത്തെ തുടര്‍ന്ന് വിവാദ ബിൽ സര്‍ക്കാരിനു ഉപേക്ഷിക്കേണ്ടി വന്നു.

എന്നാല്‍ അവിടെയും തീര്‍ന്നില്ല, വിവാദ ബില്ലിനെ പരിഷ്കരിച്ചുകൊണ്ട് 2014 ല്‍ പ്രസിഡന്‍റ് യോവേരി മുസേവേനി വീണ്ടും സ്വവർഗ്ഗരതി വിരുദ്ധ നിയമത്തില്‍ ഒപ്പുവച്ചു. ഈ നിയമം സ്വവർഗ്ഗലൈംഗികതയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കുകയും LGBTQ+ അവകാശങ്ങൾക്കായി വാദിക്കുകയോ LGBTQ+ വ്യക്തികൾക്ക് പിന്തുണ നൽകുകയോ ചെയ്യുന്നതുൾപ്പെടെ സ്വവർഗരതിയുടെ ഏതുവിധേനയുമുള്ള പ്രോത്സാഹനത്തെ കുറ്റകരമായി കാണുകയും ചെയ്തു. നിയമം നടപ്പിലായതോടെ രാജ്യത്തെ LGBTQ+ കമ്മ്യൂണിറ്റിയ്ക്ക് നേരെയുള്ള വിവേചനങ്ങളും പീഡനങ്ങളും ഗണ്യമായി വര്‍ദ്ധിച്ചു, അവകാശങ്ങൾക്കായി പോരാടാനുള്ള അവരുടെ എല്ലാ ശ്രമത്തെയും നിശബ്ദമാക്കുകയും ചെയ്തു.

yoweri museveni

കഴിഞ്ഞ ദിവസം പാസ്സാക്കപ്പെട്ട ബില്ല് LGBTQ+ കമ്മ്യൂണിറ്റിക്കെതിരായ ഗവൺമെന്‍റിന്‍റെ ആക്രമണത്തിന്‍റെ തുടർച്ചയെ സൂചിപ്പിക്കുന്നതാണ്. സ്വവർഗ്ഗ ബന്ധങ്ങളുടെ ക്രിമിനൽവത്കരണം വിപുലീകരിക്കാനും LGBTQ+ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് കർശനമായ പിഴ ചുമത്താനും ബിൽ നിർദ്ദേശിക്കുന്നു. സ്വവര്‍ഗ്ഗാനുരാഗികളെ കൃത്യമായി റിപ്പോര്‍ട്ട്‌ ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ശിക്ഷ നേരിടേണ്ടി വരുമെന്ന നിയമത്തിന്‍റെ ഭീഷണിയുടെ സ്വരം പുതിയ ബില്ലിന്‍റെ കാര്‍ക്കശ്യത്തെയാണ്‌ സൂചിപ്പിക്കുന്നത്. ഈ അവസ്ഥ വരും ദിനങ്ങളില്‍ കൂടുതല്‍ പീഡനങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഭയത്തിന്‍റെയും പാര്‍ശ്വവത്ക്കരണത്തിന്‍റെയും അരക്ഷിതമായ അന്തരീക്ഷത്തെ സൃഷ്ടിക്കുമെന്നതിലും സംശയമില്ല. 

Uganda Anti LGBTQ Bill

അഭിപ്രായ സ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, വ്യക്തി സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള മൗലികാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ് പുതിയ ഈ ബില്ല്. LGBTQ+ കമ്മ്യൂണിറ്റിയിലുള്ള വ്യക്തികൾക്കെതിരായ വിവേചനം, പീഡനം, അക്രമം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്കാരം ഈ സാഹചാര്യം വളര്‍ത്തുക തന്നെ ചെയ്യും, അവരുടെ മാനസികാരോഗ്യം, ക്ഷേമം, സംതൃപ്തമായ ജീവിതം നയിക്കാനുള്ള കഴിവ് എന്നിവയെ സാരമായി അവസ്ഥ ബാധിക്കുകയും ചെയ്യും. കൂടാതെ, ഈ ബില്ല് സമൂഹത്തിനു ദോഷകരമായ ഒട്ടേറെ ശീലത്തെ ഊട്ടിയുറപ്പിക്കുകയും അത് വരും തലമുറയെ പരസ്പര സ്നേഹമില്ലാത്തവരും സഹിഷ്ണുതയില്ലാത്തവരുമാക്കി മാറ്റുകയും ചെയ്യും. ഇത് ഉഗാണ്ടയുടെ യഥാദിശയിലുള്ള സാമൂഹിക പുരോഗതിയെ തടസ്സപ്പെടുത്തുക തന്നെ ചെയ്യും. 

Uganda Anti LGBTQ Bill

കമ്പാലയിലെ ബില്ല് അവതരണത്തിനു പിന്നാലെ ലോകമെമ്പാടുമുള്ള രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും ആക്ടിവിസ്റ്റുകളും തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കുകയും നിയമനിർമ്മാണം പിൻവലിക്കാൻ ഉഗാണ്ടൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇത്തരം പിന്തിരിപ്പൻ നടപടികൾ അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങൾ ലംഘിക്കുക മാത്രമല്ല, LGBTQ+ അവകാശങ്ങളും സമത്വവും പ്രോത്സാഹിപ്പിക്കുന്നതിൽ ആഗോളതലത്തിൽ കൈവരിച്ച പുരോഗതിയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.

ലൈംഗിക ആഭിമുഖ്യമോ ലിംഗ വ്യക്തിത്വമോ പരിഗണിക്കാതെ എല്ലാ വ്യക്തികളുടെയും അവകാശങ്ങൾ ഉയർത്തിപ്പിടിക്കാനും സംരക്ഷിക്കാനും അന്താരാഷ്ട്ര സമൂഹം ഉഗാണ്ടയിൽ സമ്മർദ്ദം ചെലുത്തുന്നത് തുടരേണ്ടതുണ്ട്. ഉപരോധങ്ങൾ, നയതന്ത്ര ശ്രമങ്ങൾ, വാദങ്ങള്‍ എന്നിവയ്ക്ക് നിയമ പരിഷ്കരണത്തിനായി പ്രേരിപ്പിക്കുന്നതിലും അവയുടെ മറ്റു വശങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനു പ്രോത്സാഹിപ്പിക്കുന്നതിലും മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്നതിന്‍റെയും സംരക്ഷിക്കുന്നതിന്‍റെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിലും നിർണായക പങ്ക് വഹിക്കാനാകും.

Anti Gay Bill

ഒരു ആഗോള സമൂഹമെന്ന നിലയിൽ, നാം ഓരോരുത്തരും ഉഗാണ്ടയിലെ LGBTQ+ കമ്മ്യൂണിറ്റികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും പുതിയ പിന്തിരിപ്പൻ നിയമനിർമ്മാണത്തെ കടുത്ത ഭാഷയില്‍ തന്നെ വിമര്‍ശിക്കുകയും വേണം. ജാതി – മത – വര്‍ഗ്ഗ – വര്‍ണ്ണ വേര്‍തിരിവുകള്‍ക്കപ്പുറം മനുഷ്യനെന്ന ഒറ്റക്കുടക്കീഴില്‍ ഒന്നിക്കേണ്ടതും ഈ വ്യത്യാസങ്ങള്‍ ഇല്ലാതെ എല്ലാവരെയും ഉൾക്കൊള്ളാനും, സമത്വത്തോടെ ജീവിക്കാനും, മനുഷ്യാവകാശങ്ങളോടുള്ള ആദരവ് നിലനിര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതും നീതിയുക്തവും പരസ്പര സൗഹൃദവുമുള്ള ഒരു സമൂഹത്തിന്‍റെ ആവശ്യമാണ്. ഈ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട് മാത്രമേ വൈവിധ്യത്തെ വിലമതിക്കുന്ന, ഓരോ മനുഷ്യന്‍റെയുള്ളിലും അന്തർലീനമായ മഹത്വത്തെ ആഘോഷിക്കുന്ന ഒരു ലോകം സൃഷ്ടിക്കാൻ നമുക്ക് കഴിയൂ.

 

ഫെഡറലിസത്തിന് തുരങ്കം വെയ്ക്കുന്ന മോദി സര്‍ക്കാര്‍; നോക്കുകുത്തികളാകുന്ന നീതിപീഠം

0

രു സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങളെ പലമാര്‍ഗങ്ങളിലൂടെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിനുള്ള കൃത്യമായ താക്കീതായിരുന്നു 2023 മെയ് 11 ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി. അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറും വര്‍ഷങ്ങളായി തുടരുന്ന അധികാര തര്‍ക്കത്തിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ നിര്‍ണായക വിധി. സംസ്ഥാന സര്‍ക്കാരുകളെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്ന ആയുധങ്ങളായി മാറുകയാണ് ഗവര്‍ണര്‍മാര്‍. സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ സ്വതന്ത്രാധികാരങ്ങള്‍ക്ക് നേരെ ഗവര്‍ണമാരെ ഉപയോഗിച്ച് നടത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കും പ്രവൃത്തികള്‍ക്കെതിരെയുള്ള ഒരു മുന്നറിയിപ്പ് കൂടിയായിരുന്നു അധികാര തര്‍ക്കത്തില്‍ ഡല്‍ഹി സര്‍ക്കാരിനനുകൂലമായ സുപ്രീംകോടതിയുടെ വിധി. ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

ജനാധിപത്യ സംവിധാനത്തില്‍, ഭരണപരമായ അധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ്. സംസ്ഥാന ഭരണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമനിര്‍മാണം നടത്താന്‍ കഴിയുന്ന കാര്യങ്ങളില്‍ ഒരു സംസ്ഥാനത്ത് കേന്ദ്രത്തിന്റെ അധികാരം പരിമിതപ്പെടുത്തിയിരിക്കുന്നു. അല്ലെങ്കില്‍, ഫെഡറല്‍ ഭരണ സംവിധാനവും പ്രാതിനിധ്യ ജനാധിപത്യ തത്വവും പൂര്‍ണമായും ഇല്ലാതാകും‘ എന്നായിരുന്നു കേസില്‍ സുപ്രീംകോടതിയുടെ നിരീക്ഷണം.

 

എന്നാല്‍ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവിനെ ജനാധിപത്യ മര്യാദകളൊന്നുമില്ലാതെ മറികടക്കാന്‍ കേന്ദ്രത്തിന് വെറും ഒരാഴ്ച സമയം മാത്രം മതിയായിരുന്നു. ഒരാഴ്ച പിന്നിട്ടപ്പോള്‍ ഡല്‍ഹി സര്‍ക്കാരിന് കോടതി ഉത്തരവിലൂടെ ലഭിച്ച അധികാരങ്ങള്‍ മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി. കൃത്യമായ ആസൂത്രണത്തിന് ശേഷമായിരുന്നു കേന്ദ്രത്തിന്റെ വിവാദ ഓര്‍ഡിനന്‍സ് പുറത്ത് വന്നത്. എന്തെന്നാല്‍ വേനല്‍ക്കാല അവധിക്കായി സുപ്രീംകോടതി പിരിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ഓര്‍ഡിനന്‍സ് ഇറക്കിയത്. അതിനാല്‍ ഓര്‍ഡിനന്‍സിലെ കോടതി ഇടപെടലിന് ഇനി കാലതാമസമെടുക്കുകയും ഇവയ്ക്ക് പരമാവധി സമയം കിട്ടുകയും ചെയ്യും. കയ്യാളിയിരുന്ന അധികാരം വിട്ടുനല്‍കില്ലെന്ന കേന്ദ്രത്തിന്റെ ഏകാധിപത്യത്തിന്റെ ഉത്തമഉദാഹരണമാണ് ഫെഡറല്‍ സംവിധാനത്തെ മറികടുന്നുകൊണ്ടുള്ള ഈ ഓര്‍ഡിനന്‍സ്. സുപ്രീംകോടതിയെ അപമാനിക്കുന്നതാണ് ഓര്‍ഡിനന്‍സെന്ന് ആംആദ്മി പാര്‍ട്ടി വ്യക്തമാക്കി.

ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനും നിയമിക്കുന്നതിനും ശുപാര്‍ശ ചെയ്യുന്നതിന് അധികാരമുള്ള നാഷണല്‍ ക്യാപിറ്റല്‍ സിവില്‍ സര്‍വീസ് അതോറിറ്റി രൂപീകരിക്കുന്നതിനുള്ള ഓര്‍ഡിനന്‍സായിരുന്നു കേന്ദ്രം പുറത്തിറക്കിയത്. അതോറിറ്റിയുടെ ചെയര്‍മാന്‍ ഡല്‍ഹി മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ മറ്റ് അംഗങ്ങളുമാണ്. അതോറിറ്റി തീരുമാനിക്കേണ്ട എല്ലാ കാര്യങ്ങളും ഹാജരായ അംഗങ്ങളുടെയും വോട്ടു ചെയ്യുന്നവരുടെയും ഭൂരിപക്ഷ വോട്ടുകള്‍ കണക്കാക്കി തീരുമാനിക്കും. അതായത് തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ മറികടക്കാന്‍ കേന്ദ്രം നിയോഗിച്ച രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കഴിയുമെന്ന് സാരം. കൂടാതെ സമിതിയിലെ അംഗങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായാല്‍ ലഫ്. ഗവര്‍ണറായിരിക്കും അന്തിമ തീരുമാനമെടുക്കുക എന്നും ഓര്‍ഡിനന്‍സില്‍ പറയുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം സര്‍ക്കാരിനാണെന്ന ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെതിരായാണ്
മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

ഡല്‍ഹി അധികാരത്തര്‍ക്കത്തിന്റെ പശ്ചാത്തലം

അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ ഭരണത്തില്‍ വന്നപ്പോള്‍ മുതല്‍ ആരംഭിച്ചതാണ് കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും തമ്മിലുള്ള അധികാര തര്‍ക്കം. ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നു. അടിസ്ഥാന ഭരണകാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് ലഫ്. ഗവര്‍ണര്‍ തടസം നില്‍ക്കുന്നു മുതലായ കാര്യങ്ങളാണ് അധികാര തര്‍ക്കത്തിന് വഴിതെളിച്ചത്. ഭരണസംവിധാനത്തിലും സര്‍ക്കാരിന്റെ അധികാരത്തലുമുള്ള കടന്നുകയറ്റം കോടതിയിലേക്ക് പോയി. ഇതോടെ ഡല്‍ഹിയുടെ ഭരണത്തലവന്‍ ലഫ്റ്റനന്റ് ഗവര്‍ണറാണെന്ന് 2016-ല്‍ ഡല്‍ഹി ഹൈക്കോടതി വിധിച്ചു. മന്ത്രിസഭയുടെ നിര്‍ദേശപ്രകാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കണമെന്ന ആവശ്യം തള്ളിയായിരുന്നു കോടതിയുടെ വിധി.

ഇതിനെതിരെ ആംആദ്മി പാര്‍ട്ടി നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹിയുടെ യഥാര്‍ഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്ന് 2019 ല്‍ സുപ്രീംകോടതി വ്യക്തമാക്കി.ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു നിര്‍ദേശം. എന്നാല്‍ ഇതിന് ശേഷവും ഉദ്യോഗസ്ഥ നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ തര്‍ക്കം തുടര്‍ന്ന് കൊണ്ടിരുന്നു. പിന്നീട് 2019 ഫെബ്രുവരി 14-ന് ഈ തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഭിന്നവിധികള്‍ പുറപ്പെടുവിച്ചു. ഇതേ തുടര്‍ന്ന് വിഷയം പിന്നീട് മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നു. പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം കൂടി പരിഗണിച്ച് മൂന്നംഗ ബെഞ്ച് വിഷയം അഞ്ചംഗ ഭരണഘടന ബെഞ്ചിന് പിന്നീട് വിടുകയായിരുന്നു. കേസ് പരിഗണിച്ച അഞ്ചംഗ ബെഞ്ചാണ് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ അധികാരം നല്‍കണമെന്ന് നിര്‍ദേശിച്ചത്.

ഇപ്പോള്‍ ഓര്‍ഡിനന്‍സ് രാജ്യസഭയില്‍ പരാജയപ്പെടുത്തുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടുകയാണ് അരവിന്ദ് കെജ്രിവാള്‍. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ പിന്തുണയോട് കൂടി ബില്ല് അവതരിപ്പിക്കാനാണ് എഎപി പദ്ധതിയിട്ടി രിക്കുന്നത്. ഒാര്‍ഡിനന്‍സില്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കെജ്രിവാള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസും സിപിഎമ്മും ഓര്‍ഡിനന്‍സിന് എതിര്‍പ്പുയര്‍ത്തി രംഗത്ത് വന്നിരുന്നു. പരാജയപ്പെട്ടതിന്റെ തെളിവാണ് ഓര്‍ഡിനന്‍സെന്ന് അഭിഷേക് സിങ്‌വി പറഞ്ഞു. ഫെഡറലിസം നശിച്ചെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

എന്നാല്‍ ഓര്‍ഡിനന്‍സില്‍ എഎപിയെ പിന്തുണക്കില്ലെന്ന് പറയുകയാണ് പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിങ് ബജ്വ. തങ്ങള്‍ ആരെയും പിന്തുണയ്ക്കില്ലെന്നും ബിജെപിയുമായി ഒരു ബന്ധവുമില്ലെന്നാണ് ബജ്വ പ്രതികരിച്ചത്. വിഷയത്തില്‍ കെജ്രിവാളിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനും രംഗത്തെത്തിയിരുന്നു. എഎപി ഭരണത്തിനെതിരായ അഴിമതിയാരോപണങ്ങളില്‍ അന്വേഷണം സ്തംഭിപ്പിക്കുന്നതിന് വേണ്ടി ഭരണപമായ സേവനങ്ങളില്‍ വര്‍ദ്ധിപ്പിച്ച അധികാരങ്ങള്‍ തേടുകയാണെന്നായിരുന്നു അജയ് മാക്കന്റെ വിമര്‍ശനം. ഇത് ഒരാളുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും കോണ്‍ഗ്രസിന്റെ നിലപാട് തേടുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമായുള്ള ബില്ലിനെതിരെ പാര്‍ലമെന്റില്‍ വോട്ടുചെയ്യുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രഖ്യാപിച്ചു. ഏകാധിപത്യ നീക്കത്തെ പ്രതിരോധിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് ഫാസിസ്റ്റ് വാഴ്ചയാണെന്നായിരുന്നു കെജ്രിവാളുമായുള്ള കൂടിക്കാഴ്ചയ്്ക്ക് ശേഷം യെച്ചൂരി പ്രതികരിച്ചത്. ഓര്‍ഡിനന്‍സിനെതിരെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവും പിന്തുണ നല്‍കി. ബിജെപി ഇതര സര്‍ക്കാരുകളെ പ്രവര്‍ത്തിക്കാന്‍ കേന്ദ്രം അനുവദിക്കുന്നില്ലെന്ന് ചന്ദ്രശേഖര്‍ റാവു പറഞ്ഞു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബിജു ജതാദള്‍, ശിവസേന നേതാവ് ഉദ്ദവ് താക്കറെ, എന്‍സിപി അധ്യക്ഷന്‍ ശരത്പവാര്‍, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവരും ഓര്‍ഡിനന്‍സിനെതിരെ ഡല്‍ഹി സര്‍ക്കാരിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇത് ഡല്‍ഹിയുടെ മാത്രമല്ല ജനാധിപത്യത്തിന്റെ പ്രശ്‌നമാണെന്ന് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനുമായി കെജ്രിവാള്‍ കൂടിക്കാഴ്ച നടത്തും. ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തിനും ജനാധിപത്യ ഭരണത്തിന്റെ മാനദണ്ഡങ്ങള്‍ക്കും നേരെയുള്ള കടന്നാക്രമണമാണ് മോദിയുടെ ബിജെപി സര്‍ക്കാര്‍ നടത്തുന്നത്.

പോരാളികള്‍ തലകുനിക്കരുത്; ഗുസ്തിതാരങ്ങളുടെ അഭിമാനമുയര്‍ത്തി കര്‍ഷക സമരക്കാര്‍ 

0
wrestlers protest

ബാബറി മസ്ജിദ് തകര്‍ക്കല്‍, ദാവൂദ് ഇബ്രാഹിമിനെ സഹായിക്കല്‍, കൊലപാതക കുറ്റസമ്മതം, വെടിവയ്പ്, ഗുസ്തി താരങ്ങളുടെ ലൈംഗിക പരാതി എന്നീ കുറ്റകൃത്യങ്ങളില്‍ ആരോപണവിധേയനായ ബ്രിജ് ഭൂഷനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് രാജ്യാഭിമാനം ഉയര്‍ത്തിയ കായിക താരങ്ങളെ അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.

രാജ്യത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തി, അന്ന് അഭിമാനത്തോടെ നെഞ്ചിലണിഞ്ഞ മെഡലുകള്‍ ഇന്ന് നെഞ്ചോട് ചേര്‍ത്തുപിടിച്ച് പൊട്ടിക്കരയുകയാണ് ഗുസ്തി താരങ്ങള്‍. മെയ് 30 ന് വൈകാരികമായ നിമിഷങ്ങള്‍ക്കാണ് ഗംഗാതീരം സാക്ഷ്യം വഹിച്ചത്. ഒരായുസിന്റെ മുഴുവന്‍ അധ്വാനഫലമായി ലഭിച്ച അന്താരാഷ്ട്ര മെഡലുകള്‍ ഉള്‍പ്പടെയുള്ളവയാണ് തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് താരങ്ങള്‍ ഗംഗയിലൊഴുക്കാന്‍ കൊണ്ടു പോയത്. രാജ്യത്തിന്റെ കായിക ചരിത്രത്തില്‍ ഇന്നേ വരെ സംഭവിക്കാത്ത കാര്യങ്ങളായിരുന്നു ഹരിദ്വാറില്‍ നടന്നത്. മെഡലുകള്‍ ഒഴുക്കാന്‍ തീരുമാനിച്ച അസാധാരണമായ സമരരീതിയില്‍ നിന്നും താരങ്ങളെ പിന്തിരിപ്പിച്ചത് കര്‍ഷക നേതാക്കളാണ്. സമരത്തിന്റെ തുടക്കം മുതല്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയും ആശ്വാസവുമായി എത്തിയത് കര്‍ഷക നേതാക്കളും സംഘടനകളുമായിരുന്നു. നിങ്ങള്‍ക്കൊപ്പം ഇന്ത്യയിലെ ജനങ്ങളുണ്ടെന്ന ഉറപ്പ് നല്‍കിയാണ് കര്‍ഷക നേതാക്കള്‍ താരങ്ങളെ അനുനയിപ്പിച്ചത്. 

WrestlersProtest

എന്നാല്‍ അഞ്ച് ദിവസത്തിനകം ബ്രിജ് ഭൂഷനെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാന്‍ തിരിച്ചെത്തുമെന്ന മുന്നറിയിപ്പ് നല്‍കിയാണ്  താരങ്ങള്‍ തീരുമാനത്തില്‍ നിന്നും പിന്മാറിയത്. ഈ സമയത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ ബ്രിജ് ഭൂഷനെതിരെ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ കര്‍ഷകരുടെ പങ്കാളിത്തത്തോടെ ശക്തമായ സമരം ആരംഭിക്കുമെന്ന ഉറപ്പ് നോതാക്കളും നല്‍കി. രാകേഷ് ടിക്കായത്തും നരേഷ് ടിക്കായത്തും ഉള്‍പ്പെടെയുള്ള കര്‍ഷക നേതാക്കള്‍ ഹരിദ്വാറിലെത്തിയാണ് താരങ്ങള്‍ക്ക് പിന്തുണ അറിയിച്ചത്. ”ഗംഗയില്‍ ഒഴുക്കാന്‍ പോയ മെഡലുകള്‍ താരങ്ങള്‍ രാകേഷ് ടികായത്തിന് നല്‍കി. ഇതാണ് ഗുസ്തി താരങ്ങളുടെ നിലപാട്” എന്ന് ബ്രിജ് ഭൂഷണ്‍ വിമർശനം ഉന്നയിക്കുകയും ചെയ്തു.  ആരോപണം തെളിയിക്കാനായാല്‍ തൂങ്ങി മരിക്കാന്‍ തയാറാണെന്നും തെളിവുണ്ടെങ്കില്‍ കോടതിയില്‍ ഹാജരാക്കാന്‍ താരങ്ങളോട് ബ്രിജ് ഭൂഷണ്‍ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. മെഡലുകള്‍ ഒഴുക്കികളയുന്ന തീരുമാനത്തിലേക്ക് വരെ താരങ്ങള്‍ എത്തിയതോടെ രാജ്യാന്തര ഒളിമ്പിക്സ്  കമ്മിറ്റിയും യുണൈറ്റഡ് വേള്‍ഡ് റെസ്‌ലിംഗും താരങ്ങള്‍ക്ക് പിന്തുണയുമായെത്തി. താരങ്ങളോടുള്ള സര്‍ക്കാര്‍ സമീപനം അപലപനീയമെന്ന് രാജ്യാന്തര ഒളിമ്പിക്സ്  കമ്മിറ്റിയും യുണൈറ്റഡ് വേള്‍ഡ് റെസ്ലിങും വിമര്‍ശിച്ചു. 45 ദിവസത്തിനകം തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഗുസ്തി ഫെഡറേഷന്റെ അഫിലിയേഷന്‍ റദ്ദാക്കുമെന്ന് യുഡബ്ല്യുഡബ്ല്യു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

haridwar wrestling womens

ലൈംഗികാരോപണക്കേസില്‍ ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധം ഒരു മാസം പിന്നിട്ടിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുള്‍പ്പടെ എട്ട് പേരാണ് ബ്രിജ് ഭൂഷനെതിരെ ലൈംഗികാരോപണക്കേസ് നല്‍കിയിരിക്കുന്നത്.

wrestling protest

സമരത്തില്‍ നിന്നും ഒരടി പോലും പിന്നോട്ട് പോകാതെ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് നീങ്ങിയ താരങ്ങളെ കേന്ദ്രസര്‍ക്കാരും ഡല്‍ഹി പോലീസും പല തരത്തിലാണ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചത്. രാജ്യത്തെ കായികതാരങ്ങളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സമരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. മെയ് 28 ന് പാര്‍ലമെന്റിലേക്ക് പ്രതിഷേധം നടത്താനിരുന്ന താരങ്ങളെ ബാരിക്കേഡുകള്‍ കൊണ്ട് തടയുകയും റോഡിലിട്ട് വലിച്ചിഴച്ച് കൊണ്ടുപോയി അറസ്റ്റ് ചെയ്യുകയും സമരപ്പന്തല്‍ പൊളിച്ച് നീക്കുകയും ചെയ്തു. സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ, വിനേഷ് ഫോഗട്ട് എന്നീ താരങ്ങളെ മണിക്കൂറുകള്‍ക്ക് ശേഷമാണ് ഡല്‍ഹി പൊലീസ് വിട്ടയച്ചത്. ബാബറി മസ്ജിദ് തകര്‍ക്കല്‍, ദാവൂദ് ഇബ്രാഹിമിനെ സഹായിക്കല്‍, കൊലപാതക കുറ്റസമ്മതം, വെടിവയ്പ്, ഗുസ്തി താരങ്ങളുടെ ലൈംഗിക പരാതി എന്നീ കുറ്റകൃത്യങ്ങളില്‍ ആരോപണവിധേയനായ ബ്രിജ് ഭൂഷനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് രാജ്യാഭിമാനം ഉയര്‍ത്തിയ കായിക താരങ്ങളെ അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.

wrestling haridwar

ലൈംഗികാരോപണമുന്നയിച്ച് ബ്രിജ് ഭൂഷനെതിരെ പരാതി നല്‍കിയെങ്കിലും വിഷയത്തില്‍ സുപ്രീംകോടതി ഇടപെട്ടതോടെയാണ് ഡല്‍ഹി പോലീസ് ബ്രിജ് ഭൂഷനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ വരെ തയ്യാറായത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും സമരത്തില്‍ നിന്നും പിന്മാറാത്ത താരങ്ങളെ പല മാര്‍ഗങ്ങലൂടെ ഡല്‍ഹി പോലീസ് ദ്രോഹിക്കുകയാണ്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്തിമ റിപ്പോര്‍ട്ട് ഉടന്‍ തന്നെ കൈമാറുമെന്നാണ് പോലീസ് പറയുന്നത്. അസാധാരണമായ സമരമുറകളുമായി ഗുസ്തി താരങ്ങള്‍ തെരുവിലിറങ്ങിയിട്ടും നരേന്ദ്ര മോദി സര്‍ക്കാര്‍ ഇപ്പോഴും മൗനം പാലിക്കുകയാണ്. 

കലിയടങ്ങാപ്പോരില്‍ മെയ്‌തേയിയും കുക്കിയും; കത്തിയമര്‍ന്ന് മണിപ്പൂര്‍

0

ണിപ്പൂരില്‍ മെയ് 3 ന് ആരംഭിച്ച കലാപം ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. കുക്കി വിഭാഗവും മെയ്‌തേയി വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലാണ് മണിപ്പൂരിനെ ഏതാണ്ട് യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നയിച്ചത്. കലാപ സാഹചര്യത്തിന് ഇടയ്ക്ക് ചെറിയ ആശ്വാസമുണ്ടായെങ്കിലും ഇക്കഴിഞ്ഞ ഞായറാഴ്ചയോടെ മണിപ്പൂര്‍ വീണ്ടും സംഘര്‍ഷഭരിതമായി. സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പോലീസുകാരുള്‍പ്പടെ പത്ത് പേരാണ് മരിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് ഇതുവരെ 80 പേരാണ് മണിപ്പൂരില്‍ കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് നിന്നും 8000-ത്തോളം പേര്‍ മിസോറാമില്‍ അഭയം തേടുകയും ചെയ്തു.

സംഘര്‍ഷഭരിതമായ മണിപ്പൂരില്‍ പോലീസിനും അര്‍ധസൈനിക വിഭാഗങ്ങള്‍ക്കും പുറമെ സൈന്യത്തില്‍ നിന്നും അസം റൈഫിള്‍സില്‍ നിന്നുമുള്ള 10,000ത്തോളം പേരെയും പലയിടത്തായി വിന്യസിച്ചിട്ടുണ്ട്. ജനജീവിതത്തെ താറുമാറാക്കിയ സംഘർഷത്തില്‍ നിരവധി വീടുകളും ക്രിസ്ത്യന്‍ പള്ളികളും കെട്ടിടങ്ങളും എല്ലാം തകർക്കപ്പെട്ടു. എന്നിട്ടും സംസ്ഥാനത്തെ സംഘര്‍ഷാവസ്ഥയെ കേന്ദ്രസര്‍ക്കാരിന് നിയന്ത്രിക്കാനാകുന്നില്ല.

കലാപം പൊട്ടിപുറപ്പെട്ടിട്ട് ഏകദേശം 25 ദിവസങ്ങള്‍ക്ക് ശേഷമാണ് മണിപ്പൂരിലേക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ എത്തുന്നത്. അമിത് ഷാ ഇംഫാലില്‍ എത്തി കൂടിക്കാഴ്ചകള്‍ തുടരുന്നതിനിടയിലും മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ആള്‍ക്കൂട്ടം മണിപ്പൂര്‍ റൈഫിള്‍സിന്റെയും ഐആര്‍ബിയുടെയും ആയുധപ്പുരകളില്‍ നിന്ന് ആയിരത്തിലധികം ആയുധങ്ങളും വെടിക്കോപ്പുകളും കൊള്ളയടിച്ചു. ഞായറാഴ്ച സൈന്യം നാല്‍പതോളം കുക്കി വംശജരെ വധിച്ചതായി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് പറഞ്ഞു. തീവ്രവാദികളായിരുന്ന 40 ഓളം കുക്കി വംശജരെ വധിച്ചുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. എന്നാല്‍ കുക്കി വംശജരെ തീവ്രവാദികളായിരുന്നുവെന്ന് മുഖ്യമന്ത്രി വിശേഷിപ്പിക്കുമ്പോള്‍, സ്വന്തം സ്വത്തുവകകള്‍ക്ക് കാവല്‍ നിന്ന തങ്ങളുടെ വിഭാഗക്കാരെ സൈന്യം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുക്കി വിഭാഗത്തിന്റെ ആരോപണം.

വര്‍ഗീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനായി കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഹമര്‍, കുക്കി, മിസോ, സോമി എന്നീ ഗോത്രവിഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് സ്ത്രീകള്‍ തിങ്കളാഴ്ച ജന്തര്‍ മന്തറിലെത്തി പ്രതിഷേധിച്ചു. ”ഞങ്ങള്‍ ഇന്ത്യക്കാരാണ്. അനധികൃത കുടിയേറ്റക്കാരല്ല. മുഖ്യമന്ത്രി ഞങ്ങളെ തീവ്രവാദികളെന്ന് വിളിക്കുന്നു. ഞങ്ങളുടെ പൂര്‍വികര്‍ സ്വാതന്ത്ര്യസമര സേനിനകളാണ്. ഉറക്കെ പറയുന്നു ഞങ്ങള്‍ ഇന്ത്യക്കാരാണ്” എന്നീ മുദ്രാവാക്യങ്ങളുമായി ദേശീയ പതാകയും പോസ്റ്ററുകളും ഉയര്‍ത്തിയായിരുന്നു അവര്‍ പ്രതിഷേധിച്ചത്.

മണിപ്പൂര്‍ ഹൈക്കോടതിയുടെ വിധിയാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് കാരണമായി മാറിയത്. മണിപ്പൂരിലെ മെയ്തി വിഭാഗത്തിന് പട്ടിക വര്‍ഗ പദവി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ ചെയ്യണമെന്നായിരുന്നു വിധി. ഇതിനെതിരെ നടന്ന ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ച് അക്രമത്തില്‍ കലാശിക്കുകയായിരുന്നു. ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗം തുല്യരായിട്ടുള്ള മണിപ്പൂരില്‍ മെയ്‌തേയികള്‍ ഹിന്ദുവിഭാഗവും കുക്കിവംശജര്‍ ക്രസിസ്ത്യാനികളുമാണ്. മണിപ്പൂരില്‍ താഴ്വരകളില്‍ താമസിക്കുന്നവരാണ് മെയ്‌തേയി വിഭാഗം. ജനസംഖയില്‍ 53 ശതമാനം വരുന്ന ഇവര്‍ക്കാണ് സര്‍ക്കാര്‍ സര്‍വീസുകളിലും രാഷ്ട്രീയത്തിലുമെല്ലാം സ്വാധിനമുള്ളത്.

മണിപ്പൂരിലെ മലനിരകളില്‍ താമസിക്കുന്നവരാണ് നാഗാക്കളും കുക്കി വംശജരും.  ഇവര്‍ ജനസംഖ്യയുടെ 40 ശതമാനത്തോളമാണുള്ളത്. മേയ്‌തേയിക്കാര്‍ക്ക് പട്ടിവവര്‍ഗ പദവി നല്‍കുന്നതോടെ പര്‍വത മേഖലകളില്‍ കഴിയുന്ന ഗോത്രവിഭാഗങ്ങള്‍ക്ക് തങ്ങളുടെ സംവരണാനൂകൂല്യം നഷ്ടപ്പെടുമെന്ന് വന്നതോടെയാണ് നാഗ, കുക്കിവംശജര്‍ മാര്‍ച്ചുമായി രംഗത്തെത്തിയത്. ഇതോടൊപ്പം തന്നെ കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നുവന്നതിന്റെ പേരില്‍ മലനിരകളില്‍ നടത്തിയ സര്‍ക്കാരിന്റെ നടപടിയും പ്രശ്‌നങ്ങള്‍ക്ക് വഴിതെളിച്ചു. നാഗാ, കുക്കി, വിഭാഗങ്ങള്‍ക്ക് പുറമെ മറ്റ് ആദിവാസി വിഭാഗങ്ങളും താമസിച്ചിരുന്ന മേഖല നിക്ഷിപ്ത വന മേഖലയായി പ്രഖ്യാപിച്ചു കൊണ്ടുള്ള സര്‍ക്കാരിന്റെ കുടിയൊഴിപ്പിക്കലും സംഘര്‍ഷത്തിന് കാരണമായി മാറുകയാണ് ചെയ്തത്.

ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ വംശീയകലാപത്തിലേക്ക് നീങ്ങിയപ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കൃത്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ല എന്ന ആക്ഷേപം നാനാഭാഗത്ത് നിന്നും ഉയര്‍ന്നു വന്നു. മണിപ്പൂരില്‍ കലാപം നടക്കുമ്പോഴും സംസ്ഥാന ഭരിക്കുന്ന പാര്‍ട്ടിയും പ്രധാനമന്ത്രിയും കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. മണിപ്പൂരില്‍ സമാധാനാന്തരീക്ഷം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നേതാക്കളും രാഷ്ട്രപതിയെ നേരില്‍കണ്ട് ആവശ്യപ്പെടുകയും ചെയ്തു. ബിജെപിയുടെ വിദ്വേഷത്തിന്റെയും അക്രമ രാഷ്ട്രീയത്തിന്റെയും ഫലമാണ് മണിപ്പൂരിലെ കലാപത്തിന് കാരണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ജനങ്ങളെ ഒന്നിപ്പിച്ച് സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നില്ലെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.

അതേസമയം, മണിപ്പൂരിലെ നിലവിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കണമെന്നും അക്രമം തുടര്‍ന്നാല്‍ മെഡലുകള്‍ തിരിച്ചേല്‍പ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി മണിപ്പൂരിലെ കായിക താരങ്ങള്‍ അമിത് ഷായ്ക്ക് കത്തെഴുതി. ഒളിമ്പിക് മെഡലിസ്റ്റ് മീരഭായി ചാനുവും ലോക ബോക്‌സിംഗ് ചാമ്പ്യന്‍ ലൈഷ്‌റാം സരിതാ ദേവിയും ഉള്‍പ്പടെ 13 കായിക താരങ്ങളാണ് ആഭ്യന്തര മന്ത്രിക്ക് കത്തെഴുതിയത്. മണിപ്പൂരിലെ സ്ഥിതിയില്‍ മാറ്റങ്ങള്‍ വന്നില്ലെങ്കില്‍, സമാധാനം പുനസ്ഥാപിക്കപ്പെട്ടില്ലെങ്കില്‍ ലഭിച്ച മെഡലുകളും അവാര്‍ഡുകളും തിരിച്ചേല്‍പ്പിക്കുമെന്ന് മീരാഭായി ചാനു പറഞ്ഞു. ഞങ്ങള്‍ യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനാണ് ആഗ്രഹിക്കുന്നത്. ഇപ്പോള്‍ കുക്കികളും മെയ്‌തേയികളും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. നിരവധി സംഭാവനകള്‍ കായിക രംഗത്ത് നല്‍കിയ മെയ്‌തേയി വിഭാഗങ്ങള്‍ക്ക് ബഹുമാനം നല്‍കുന്നില്ലെന്നും സരിതാ ദേവി പറഞ്ഞു.

സംഘര്‍ഷത്തെ തുടര്‍ന്ന് ഇംഫാലില്‍ എത്തിയ അമിത് ഷാ മണിപ്പൂരിലെ അക്രമത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പരിഗണിക്കാമെന്ന് ചര്‍ച്ചയില്‍ വ്യക്തമാക്കിയിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനും തയ്യാറാണെന്നും ഗോത്രവര്‍ഗ നേതാക്കളുമായുള്ള ചര്‍ച്ചയില്‍ അമിത് ഷാ ഉറപ്പുനല്‍കി. എന്നാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് നേതാക്കള്‍. സമാധാനം തകര്‍ക്കുന്ന ഏത് പ്രവര്‍ത്തനങ്ങളെയും കര്‍ശനമായി നേരിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കുകയും ചെയ്തു. ചര്‍ച്ചകളിലൂടെയും മറ്റും നിലവിലെ കലാപം കെട്ടടിങ്ങിയാലും മണിപ്പൂര്‍ സാധാരണഗതിയിലേക്കെത്താന്‍ കാലങ്ങളെടുക്കും.

 

മറയില്ലാത്ത സത്യങ്ങള്‍ ഇന്ത്യയില്‍ കുറ്റകൃത്യങ്ങളുടെ ഗണത്തിലോ?

0
modi sydney visit

ലോകമെമ്പാടുമുള്ള തീവ്രവലതുപക്ഷ ഭരണകൂടങ്ങള്‍ തമ്മിലൊരു സംഖ്യമുണ്ടെന്നുള്ളതൊരു വസ്തുതയാണ്

പ്രധാനമന്ത്രി നരേന്ദ്ര മോദി സിഡ്‌നിയിൽ തന്‍റെ ഓസ്‌ട്രേലിയൻ പര്യടനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി ആന്‍റണി അല്‍ബനീസുമായി ഉഭയകക്ഷി ചർച്ച നടത്തിയ അതേദിവസം തന്നെ, 2002 ലെ ഗുജറാത്ത് കലാപത്തിൽ മോദിയുടെ പങ്ക് ആരോപിക്കപ്പെടുന്ന ബിബിസി ഡോക്യുമെന്‍ററി കാൻബറയിലെ പാർലമെന്‍റ് ഹൗസിൽ പ്രദർശിപ്പിക്കുകയുണ്ടായി. ഓസ്ട്രേലിയയിലെ ഒരു കൂട്ടം നിയമനിര്‍മ്മാതാക്കളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സംഘമാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. 40 മിനിറ്റ് വരുന്ന ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനത്തിനുശേഷം പ്രമുഖര്‍ ഉള്‍പ്പെടെ പങ്കെടുത്ത പാനല്‍ ചര്‍ച്ചയും നടക്കുകയുണ്ടായി. ഓസ്‌ട്രേലിയൻ ഗ്രീൻസ് സെനറ്റർ ജോർദാൻ സ്റ്റീൽ-ജോൺ, ഡേവിഡ് ഷൂബ്രിഡ്ജ്, മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന്‍റെ മകൾ ആകാശി ഭട്ട്, സൗത്ത് ഏഷ്യൻ സോളിഡാരിറ്റി ഗ്രൂപ്പിലെ ഡോ. കല്പന വിൽസൺ എന്നിവര്‍ ചാനല്‍ ചര്‍ച്ചയിലെ പ്രധാന മുഖങ്ങളായി.

BBC DOCUMENTARY

“ഇന്ത്യയിൽ, സത്യം പറയുന്നതും ഒരു കുറ്റകൃത്യമാണ്. തീവ്രവലതുപക്ഷ സ്വഭാവമുള്ള ഭരണകൂടത്തിനു കീഴിലുള്ള ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ജീവിതാനുഭവങ്ങളുടെ സത്തയാണ് ഈ ഡോക്യുമെന്‍ററിയെന്ന്,” ഗ്രീൻസ് സെനറ്റർ ഡേവിഡ് ഷൂബ്രിഡ്ജ് അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയയില്‍ താമസിക്കുന്ന ഇന്ത്യക്കാരില്‍ പലരോടും ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ചതിലൂടെ, അവര്‍ക്ക് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിലുള്ള ഭയം വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനാല്‍ ആ ജോലിയാണ് ഇപ്പോള്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയെയും മറ്റു രാഷ്ട്രീയ നേതാക്കളെയും ഏല്‍പ്പില്പിക്കാന്‍ ശ്രമിക്കുന്നതെന്ന് മോദിയുടെ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തെ ഉന്നംവച്ച് അദ്ദേഹം പറഞ്ഞു. ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഇതിനു സമാനമായി മനുഷ്യാവകാശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ അതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിക്കാതെ ചൈനയുമായി കൈകൊടുക്കുകയുണ്ടായി. അന്നു പഠിച്ച അതേ പാഠങ്ങള്‍ ഒരിക്കല്‍ കൂടി ഓസ്ട്രേലിയ പഠിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും ഡേവിഡ്‌ ഷൂബ്രിഡ്ജ് പാനല്‍ ചര്‍ച്ചയില്‍ നല്‍കി. 

BBC DOCUMENTARY

ഡോക്യുമെന്‍ററിയില്‍ കാണുന്ന കാര്യങ്ങള്‍ കേവലം വിഷയത്തിന്‍റെ ഉപരിതലത്തില്‍ മാത്രം നില്‍ക്കുന്നതാണെന്നും യഥാര്‍ത്ഥത്തില്‍ ഗുജറാത്ത് കത്തുകയായിരുന്നുവെന്നും അവിടെ മുസ്ലീങ്ങളെ നിഷ്കരുണം തിരഞ്ഞുപിടിച്ച് വേട്ടയാടുകയായിരുന്നുവെന്നും ആകാശി ഭട്ട് അഭിപ്രായപ്പെട്ടു.

MODI AND ALBANESE

ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള കടുത്ത ഭീഷണിയാണ് ഹിന്ദുത്വം ഉയര്‍ത്തുന്നത്. അതിനെ കൃത്യമായി അഭിസംബോധന ചെയ്യേണ്ടത് ആവശ്യമാണെന്ന് മാസി സര്‍വകലാശാല പ്രൊഫസര്‍ മോഹന്‍ ദത്ത പറഞ്ഞു. 

GUJARAT RIOT

ഇന്ത്യയിലെ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ച് മോദിയുമായി സംസാരിക്കുന്നതിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി പരാജയപ്പെട്ടതിൽ ആശങ്ക പ്രകടിപ്പിച്ച ഗ്രീന്‍സ് സെനറ്റര്‍ ജോർദാൻ സ്റ്റീൽ-ജോൺ, ആ വിഷയത്തിലുള്ള തന്‍റെ നിരാശ എത്രത്തോളമെന്ന് ചര്‍ച്ചയില്‍ വിശദീകരിക്കുകയും ചെയ്തു. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയോടും വിദേശകാര്യ മന്ത്രിയോടും തങ്ങള്‍ വ്യക്തമാക്കിയ പല മനുഷ്യാവകാശ ആശയങ്ങളും ചര്‍ച്ചയില്‍ വരാത്തതിലുള്ള രോഷവും അദ്ദേഹം പ്രകടിപ്പിച്ചു. ഇന്ത്യയുമായുള്ള ബന്ധത്തെ ആഴത്തിൽ വിലമതിക്കുന്ന ഒരു രാഷ്ട്രത്തലവൻ എന്ന നിലയിൽ പ്രധാനമന്ത്രി ആന്‍റണി അല്‍ബനീസും വിദേശകാര്യ മന്ത്രി പെന്നി വോംഗും അല്പംകൂടി കാര്യങ്ങളെ വിമർശനാത്മകമായി കാണണമെന്നും ഇന്ത്യയിലെ മനുഷ്യാവകാശങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കാന്‍ തയ്യാറാവണമെന്നും ഓസ്ട്രേലിയിലെ പലരും ആഗ്രഹിക്കുന്നുണ്ടെന്ന് ജോര്‍ദാന്‍ സ്റ്റീല്‍-ജോണ്‍ കൂട്ടിച്ചേര്‍ത്തു. പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പുകളെ തുറന്നു കാണിക്കാന്‍ മോദി തന്‍റെ രാഷ്ട്രീയതന്ത്രം ഉപയോഗപ്പെടുത്തി എന്നത് ഇവിടെ വ്യക്തമാണെന്നതിനാല്‍, ഓസ്ട്രേലിയ, കാര്യങ്ങളെ സത്യസന്ധമായി സംവദിക്കേണ്ടതുണ്ടെന്നും, മുസ്ലീങ്ങളോടും ന്യൂനപക്ഷങ്ങളോടും പ്രത്യേകിച്ച് മാധ്യമ പ്രവര്‍ത്തകരോടുമൊക്കെ ഓസ്ട്രേലിയ ഏതു രീതിയിലാണ് പെരുമാറുന്നതെന്നുമുള്ള യാഥാര്‍ത്ഥ്യം ഇന്ത്യയോട് തുറന്നു സംസാരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചര്‍ച്ചയില്‍ പറഞ്ഞു.

GUJARAT RIOT

“തന്‍റെ കുടുംബവീട് തകര്‍ക്കപ്പെട്ടതിനെക്കുറിച്ച് ആകാശി ഭട്ട് പറഞ്ഞ വാചകം മാത്രം മതി ഇന്ത്യയിലെ നിയമ വാഴ്ചയെക്കുറിച്ചുള്ള ആശങ്കകള്‍ ഉന്നയിക്കുന്നതിന്. അത്തരം സംഭവങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മുന്നിലെത്തിച്ച് അദ്ദേഹത്തിന്‍റെ പ്രതികരണമറിയേണ്ടതുണ്ട്. ഇങ്ങനെയുള്ള വിഷയങ്ങളെക്കുറിച്ച് സംവദിക്കാതെ എങ്ങനെയാണ് രണ്ടു രാഷ്ട്രത്തലവന്മാര്‍ക്ക് ഒരു മേശയ്ക്കു ചുറ്റുമിരിക്കാന്‍ സാധിക്കുന്നത് ? അത് നേതൃത്വത്തിന്‍റെ പോരായ്മകളെയാണ് സൂചിപ്പിക്കുന്നത്. കാര്യങ്ങളെ വിമര്‍ശനാത്മകമായി കാണേണ്ടത് ആവശ്യമാണ്‌ ” എന്ന് ഡേവിഡ്‌ ഷൂബ്രിഡ്ജ് പറഞ്ഞു. 

TRUMB AND BOLSANARO

“ലോകമെമ്പാടുമുള്ള തീവ്രവലതുപക്ഷ ഭരണകൂടങ്ങള്‍ തമ്മിലൊരു സംഖ്യമുണ്ടെന്നുള്ളതൊരു വസ്തുതയാണ്, അവര്‍ മോദിയെ മാതൃകയായി കാണുകയും അദ്ദേഹം ചെയ്യുന്നതിനെ അവരുടെ ആഗ്രഹസാഫല്യം പോലെ കാണുകയും ചെയ്യുന്നു. അങ്ങനെയുള്ള സംഖ്യകക്ഷികളില്‍ പ്രമുഖരായിരുന്ന ട്രമ്പിനേയും ബോള്‍സനാരോയേയും വരെ ജനങ്ങള്‍ അധികാരത്തില്‍ നിന്നു താഴെയിറക്കി, ഇന്ത്യയും അത്തരത്തില്‍ തീവ്രവലതുപക്ഷ ആശയങ്ങള്‍ക്കു നേരെ മുഖം തിരിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്. സവര്‍ണ്ണ ആശയങ്ങള്‍ക്കെതിരെയുള്ള കടുത്ത ചെറുത്തുനില്‍പ്പ് ഇന്ത്യയിലെ താഴെത്തട്ടിലുള്ള ജനങ്ങളില്‍ വരെ പ്രകടമാണ്.” എന്ന് ഡോ.കല്പന വില്‍സണ്‍ പറഞ്ഞു.        

മോദിയുടെ തുഗ്ലക്ക് പരിഷ്കാരങ്ങളും പഠിക്കാത്ത പാഠങ്ങളും

0
demonetisation in india

2,000 രൂപ പിൻവലിച്ചാൽ അതിന്‍റെ വിഹിതം ഇനിയും ഉയരും, അത് ഇന്ത്യന്‍ കറൻസി വ്യവസ്ഥയെ കൂടുതൽ വഷളാക്കുകയും ചെയ്യും

മോദിയുടെ ഭരണകാലഘട്ടത്തിലെ ഏറ്റവും കോളിളക്കം സൃഷ്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു 2016 നവംബറിലെ നോട്ടുനിരോധനം. അന്ന് ജനനംകൊണ്ട രണ്ടായിരത്തിന്‍റെ പിങ്ക് നിറമുള്ള നോട്ടിന് ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം മരണമണി മുഴങ്ങുകയാണ്. കഴിഞ്ഞ മെയ് 19 ന് 2000 ന്‍റെ കറന്‍സി നോട്ട് പ്രചാരത്തില്‍ നിന്നു ഘട്ടംഘട്ടമായി പിന്‍വലിക്കാന്‍ ആരംഭിച്ചതായുള്ള തീരുമാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പത്രക്കുറിപ്പിലൂടെ അറിയിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തുഗ്ലക്കിയന്‍ സാഹസികത ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ സൃഷ്ടിക്കുന്ന മുറിവുകള്‍ പലരും കരുതിയിരുന്നതിലും ആഴത്തിലുള്ളതാണെന്ന സത്യാവസ്ഥ ഇപ്പോള്‍ വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. നോട്ട് നിരോധനത്തെത്തുടർന്ന് പ്രചാരത്തിലുണ്ടായിരുന്ന പണത്തിന്‍റെ മൂല്യം അതിവേഗം ഉയരുന്നതിനുവേണ്ടി മാത്രമാണ് ഇന്ത്യൻ നാണയ വ്യവസ്ഥയുടെ മൂല്യഘടനയിലേക്ക് പുതിയ കറൻസി നോട്ട് അവതരിപ്പിച്ചതെന്ന് സെൻട്രൽ ബാങ്ക് സമ്മതിച്ചു. 500, 1000 നോട്ടുകളുടെ പെട്ടെന്നുണ്ടായ നിരോധനം അന്നുവരെ ഉപയോഗത്തിലുണ്ടായിരുന്ന എല്ലാ കറന്‍സികളുടെയും മൂല്യം 86 % ശതമാനത്തിലധികം താഴേക്ക് കൂപ്പുകുത്തിയതാണ് പുതിയ നോട്ടുകളിറക്കുന്നതിനു ആര്‍ ബി ഐയെ പ്രേരിപ്പിച്ചത്. പ്രചാരത്തിലുള്ള കറന്‍സികളുടെ മൂല്യം പെരുപ്പിച്ചു കാണിക്കുക എന്ന ലക്ഷ്യം സാധിച്ചു കഴിഞ്ഞാല്‍ ഈ നീക്കം കൊണ്ട് മറ്റൊരു ആവശ്യവുമില്ലെന്ന് ആര്‍ ബി ഐ യാതൊരു കൂസലുമില്ലാതെ അംഗീകരിക്കുകയാണിവിടെ. അതിനാല്‍ തന്നെ ഇന്ത്യന്‍ കറന്‍സികളുടെ ചരിത്രത്തില്‍ 2000 രൂപ കറന്‍സിയുടെ അത്ര ആയുസ്സ് കുറഞ്ഞ മറ്റൊന്നുണ്ടാകില്ല. ഈ അവസ്ഥ തുറന്നു കാണിക്കുന്നത് 2016 ലെ നോട്ടുനിരോധനം എത്രമാത്രം ധിക്കാരപരമായ തീരുമാനമായിരുന്നു എന്ന് കൂടിയാണ്. ആര്‍ ബി ഐ പറയുന്നതനുസരിച്ച് പുതിയ നോട്ടുകളില്‍ 89 % ശതമാനവും പുറത്തിറക്കിയത് 2017 മാര്‍ച്ചിനു മുന്‍പാണ്. 2017 മാര്‍ച്ചോടെ 2000 രൂപ കറന്‍സി പ്രചാരത്തിലുള്ള എല്ലാ കറന്‍സികളുടെയും മൂല്യത്തിന്‍റെ 50 % ശതമാനം വരും. നോട്ട് നിരോധനത്തിന്‍റെ ഫലമായി രൂപയുടെ മൂല്യഘടന വളരെ വഷളായെന്ന് ഇന്ത്യയിലെ സാമ്പത്തിക വിദഗ്ദ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അഭിപ്രായമുണ്ട്.

demonetisation in india

എന്താണ് കറന്‍സി മൂല്യഘടനയുടെ പ്രാധാന്യം ?

നോട്ടുനിരോധനം ഇന്ത്യന്‍ കറന്‍സിയുടെ മൂല്യവ്യവസ്ഥയെ എത്രത്തോളം ലാഘവത്തോടെയാണ് പരിഗണിച്ചതെന്നു മനസ്സിലാക്കാന്‍ ആധുനിക സമ്പദ് വ്യവസ്ഥയിലെ പണത്തിന്‍റെ ഉദ്ദേശ്യമെന്തെന്ന് അറിയേണ്ടതുണ്ട്. അടിസ്ഥാന സാമ്പത്തിക ശാസ്ത്രം പറയുന്നതനുസരിച്ച് പണം വിനിമയ മാധ്യമമായും മൂല്യ സംഭരണത്തിനുള്ള വസ്തുവായും പ്രവര്‍ത്തിക്കുന്നുവെന്നാണ്. നിലവിലെ സമ്പദ് വ്യവസ്ഥയില്‍ പണമിടപാട് സുഖമാമാക്കുന്നതിന് ഒട്ടേറെ മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ അല്ലെങ്കില്‍ ഏകീകൃത പേയ്മെന്‍റ് ഇന്‍റര്‍ഫേസ്  ( യു പി ഐ ) പോലെയുള്ള വിനിമയ രീതികള്‍ക്ക് ഒരിക്കലും മൂല്യസംഭരണത്തിനുള്ളൊരു ഉപാധിയായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. രണ്ടു വ്യക്തികള്‍ക്കിടയിലുണ്ടാകുന്ന ഏത് രീതിയിലുള്ള പണമിടപാടുകള്‍ക്കും ചില വിനിമയ നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. അത് കറന്‍സി മുഖേനയുള്ളതായാലും മറ്റ് രീതിയിലുള്ളതായാലും. പണം ഒരു വിനിമയത്തിനുള്ള സഹായി എന്ന നിലയില്‍ സുസ്ഥിരവും പ്രവചനാതീതവുമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്നതുമായിരിക്കണം, അത് സാര്‍വത്രികമായി സ്വീകാര്യതയുള്ളതും വിനിമയത്തിന്‍റെ എല്ലാ മേഖലയിലും ഉപയോഗപ്രദവുമായിരിക്കേണ്ടതുണ്ട്. അതിലും പ്രധാനമായി ചരക്കുകളുടെയും സേവനങ്ങളുടെയും സുഗമമായ കൈമാറ്റത്തിന് സുസ്ഥിര മാധ്യമമായി കറന്‍സി പ്രവര്‍ത്തിക്കുകയും വേണം. നോട്ടുനിരോധനത്തിന്‍റെ ഫലമായി ഈ ഇടങ്ങളിലെല്ലാം രാജ്യത്തിന്‍റെ സാമ്പത്തിക പ്രവര്‍ത്തനം ഗുരുതരമായി വിട്ടുവീഴ്ച ചെയ്യപ്പെടുന്നുണ്ട്. തീര്‍ച്ചയായും പേയ്മെന്‍റ് രീതികള്‍ക്ക് കുറ്റമറ്റതായൊരു ഘടന ആവശ്യമാണ്, അങ്ങനെ മാത്രമേ രാജ്യത്തെ ചരക്കുകളുടെയും സേവനങ്ങളുടെയും വിനിമയം സുഗമമാകുകയുള്ളൂ. ഓരോ സംസ്ഥാനവും സൗകര്യാനുസരണം വ്യത്യസ്ത പേയ്മെന്‍റ് രീതികള്‍ ഉപയോഗിക്കുന്നത് ഇത്തരം വിനിമയങ്ങളുടെ  സുഗമമായ ഒഴുക്കിനെ ദുര്‍ഘടമായ പാതയിലേക്ക് തിരിച്ചു വിടുകയാണ് ചെയ്യുന്നത്.

demonetisation

കഴിഞ്ഞ ദിവസം 2000 രൂപയുടെ നോട്ടിന്‍റെ ടെന്‍റര്‍ “ലീഗല്‍ ടെന്‍ററായി” നിലനില്‍ക്കുമെന്ന് ആര്‍ ബി ഐ പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷേ ടെന്‍റര്‍ സുരക്ഷിതമല്ല  എന്ന ചിന്ത സാമ്പത്തിക ഏജന്‍റുമാര്‍ക്ക് സ്വാഭാവികമായി വരാവുന്നതാണ്. അങ്ങനെ വന്നാല്‍ ആര്‍ ബി ഐയുടെ വാദം നിലനില്‍ക്കാതെ വരും. 2016 ലെ അനുഭവങ്ങള്‍ ഇപ്പോഴും നില നില്‍ക്കുന്നതിനാല്‍ സെപ്തംബര്‍ വരെയുള്ള കാര്യങ്ങളുടെ സഞ്ചാരഗതി ഊഹിക്കാവുന്നതേയുള്ളൂ. അപ്പോഴും പ്രധാന പ്രശ്നമായി ജനങ്ങള്‍ക്കു മുന്നിലുള്ളത് ഭാവിയില്‍ നടത്താന്‍ പോകുന്ന ഇടപാടുകളില്‍ കൗണ്ടര്‍പാര്‍ട്ടികള്‍ 2000 ന്‍റെ നോട്ടുകള്‍ സ്വീകരിക്കുമോ എന്നതാണ്. മാത്രമല്ല, ഈ നോട്ടുകൾ 2023 സെപ്തംബർ 30 വരെ മാത്രമേ ബാങ്കുകളിൽ മാറ്റാനോ നിക്ഷേപിക്കാനോ കഴിയൂ എന്ന് എല്ലാവർക്കും അറിയാവുന്നതിനാൽ, ആ തീയതിക്ക് മുന്‍പ് അവ ബാങ്കിൽ സമര്‍പ്പിക്കേണ്ടതിന്‍റെ തലവേദനകളും ചെലവും അനുഭവിക്കാൻ പൗരന്മാര്‍ തയ്യാറായിരിക്കില്ല. കൂടാതെ ഒരു തവണ പത്ത് നോട്ടുകള്‍ മാത്രമേ മാറാന്‍ കഴിയൂ എന്ന അനാവശ്യ പരിധി, കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്.

2016 നെ അനുസ്മരിപ്പിക്കും വിധം ഒട്ടേറെ ആശയക്കുഴപ്പം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. 2000 രൂപയുടെ നോട്ടുകള്‍ മെയ് 23 മുതല്‍ ബാങ്കുകളില്‍ നിന്നു മാറ്റിത്തുടങ്ങാം എന്ന പ്രഖ്യാപനം വന്നതിന്‍റെ തൊട്ടു പിന്നാലെ രാജ്യത്തെ മുന്‍നിര ബാങ്കുകളിലൊന്നായ എസ് ബി ഐ , ഉപഭോക്താക്കള്‍ ഇതിനായി പ്രത്യേക ഫോമുകള്‍ പൂരിപ്പിക്കേണ്ടതില്ലെന്ന കാര്യം വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം ദേശിയ കറന്‍സി കൈകാര്യം ചെയ്യുന്ന സെന്‍ട്രല്‍ ബാങ്ക് ഈ വിഷയത്തില്‍ കടുത്ത നിശബ്ത പാലിക്കുകയാണ്. ഓരോ തവണയും പത്ത് നോട്ടുകളെന്ന പരിധി ബാങ്കുകളുടെ സമ്മര്‍ദം കുറയ്ക്കുമെന്ന അവകാശവാദം തീര്‍ത്തും യുക്തിരഹിതമാണ്. 2016 നവംബറിന് ശേഷമുള്ള മാസങ്ങളിൽ വളരെയധികം കഷ്ടപ്പാടുകൾ അനുഭവിച്ച ബാങ്ക് ജീവനക്കാരില്‍ പലരും ജോലിക്കിടെ മരണപ്പെട്ടിട്ടുണ്ടെന്ന കാര്യം ഓര്‍ക്കേണ്ടതാണ്.

demonetisation banks

പിങ്ക് നോട്ടിന്‍റെ ലഘുചരിത്രം 

ലോകത്തെവിടെയും കറൻസികളുടെ മൂല്യശ്രേണി പരമാവധി ദ്രവ്യത ഉറപ്പാക്കുന്നതിനുള്ള യുക്തിയെ അടിസ്ഥാനമാക്കിയുള്ളതാണ്. നോട്ടു നിരോധനത്തിനു മുന്‍പ്, ഇന്ത്യന്‍ കറന്‍സി വ്യവസ്ഥയുടെ നെടുംതൂണ്‍ 500 രൂപയുടെ നോട്ടായിരുന്നു, ഏതാണ്ട് രണ്ടു പതിറ്റാണ്ടുകള്‍ക്കു മുന്‍പത്തെ 100 രൂപ നോട്ടു പോലെ, സമ്പദ് വ്യവസ്ഥയിലെ കുറഞ്ഞ പൊതുവിലനിലവാരത്തെയും അതുപോലെ അതിന്‍റെ വലിപ്പത്തിലുണ്ടായിരുന്ന സാമ്യതയേയും പ്രതിഫലിപ്പിക്കുന്നു. അന്ന് പ്രചാരത്തിലുണ്ടായിരുന്ന 500 രൂപ കറന്‍സികള്‍ ആകെ മൂല്യത്തിന്‍റെ പകുതിയോളം വരും. 500, 1000 എന്നീ രണ്ടു കറന്‍സികളും ചേര്‍ന്ന് ആകെ മൂല്യത്തിന്‍റെ 86.4% ശതമാനവും; ഇതോടൊപ്പം 100 ന്‍റെ കറന്‍സികള്‍ കൂടി ചേരുമ്പോള്‍ ആകെ മൂല്യത്തിന്‍റെ ഏതാണ്ട് 96% ശതമാനവുമാകും. പ്രചാരത്തിലുള്ള മൊത്തം കറൻസി മൂല്യത്തിൽ 2000 രൂപ നോട്ടുകളുടെ വിഹിതം വെറും 10.8% ശതമാനമായി കുറഞ്ഞുവെന്നാണ് ഇപ്പോൾ ആർബിഐ പറയുന്നത്. കഴിഞ്ഞ മാർച്ചിൽ 500 രൂപ നോട്ടിന്‍റെ വിഹിതം പ്രചാരത്തിലുള്ള എല്ലാ കറൻസികളുടെയും മൂല്യത്തിന്‍റെ നാലിലൊന്നായിരുന്നു. 2,000 രൂപ പിൻവലിച്ചാൽ അതിന്‍റെ വിഹിതം ഇനിയും ഉയരും, അത് ഇന്ത്യന്‍ കറൻസി വ്യവസ്ഥയെ കൂടുതൽ വഷളാക്കുകയും ചെയ്യും.

2000 indian currency

കറന്‍സികളുടെ മൂല്യശ്രേണിക്രമം ചില യുക്തികളെ അടിസ്ഥാനമാക്കിയുള്ളതാണ്. നോട്ട് നിരോധനത്തിനു മുമ്പ്, ശ്രേണിയിലെ ഏറ്റവും ഉയർന്ന മൂല്യവും അടുത്ത മൂല്യവും തമ്മിലുള്ള അകലം കൃത്യമായി ഇരട്ടിയായിരുന്നു എന്നത് ശ്രദ്ധിക്കുക. 2,000 രൂപ നോട്ടിന്‍റെ വരവും 1,000 രൂപ നോട്ട് അസാധുവാക്കിയതും ഏറ്റവും ഉയർന്ന രണ്ട് മൂല്യങ്ങൾ തമ്മിലുള്ള വ്യത്യാസം നാല് മടങ്ങായി വർദ്ധിപ്പിച്ചു. 2,000 രൂപ നോട്ട് ഉയർന്ന മൂല്യമുള്ള ഒരു സംഭരണോപാധിയായി പ്രവർത്തിക്കുന്നുണ്ടെങ്കിലും, അതിന്‍റെ ദ്രവ്യത ഗണ്യമായി കുറഞ്ഞുവെന്ന് ഈ കണക്ക് സൂചിപ്പിക്കുന്നു. അതുകൊണ്ടാണ്, അതിന്‍റെ ചുരുങ്ങിയ കാലയളവില്‍ പോലും അധികമാരും 2000 രൂപ നോട്ടിനെ ആശ്രയിക്കാതിരുന്നത്. 2016 ൽ നോട്ട് പ്രതിസന്ധിയുടെ മൂർദ്ധന്യാവസ്ഥയിൽ, ബെംഗളുരുവിൽ കറൻസി നോട്ടുകളുമായി വന്ന ഒരു വാൻ, ഡ്രൈവർ തട്ടിയെടുത്തെങ്കിലും പുതിയ പിങ്ക് നോട്ടുകൾ മാത്രമാണുള്ളതെന്ന് മനസ്സിലാക്കിയ ശേഷം അത് ഉപേക്ഷിക്കുകയുണ്ടായി. കറന്‍സി മൂല്യശ്രേണിയിലെ രണ്ടു മുന്‍നിര കറന്‍സികളുടെ മൂല്യങ്ങള്‍ തമ്മിലുള്ള അകലം രണ്ടു മടങ്ങില്‍ നിന്നു നാലു മടങ്ങായി വര്‍ധിച്ചപ്പോള്‍, 500 രൂപ നോട്ടിന്മേലുള്ള സമ്മര്‍ദ്ദവും വര്‍ദ്ധിച്ചു. കാരണം ഈ നോട്ടുകളുടെ വലിയൊരു ഭാഗവുംലു ദ്രവരൂപത്തിള്ള 2000 രൂപ നോട്ടിനെ പിന്തുണയ്ക്കുന്നതാണ്. അതായത്, ഇടപാടുകൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുപകരം, 500 രൂപ നോട്ടുകളുടെ ഗണ്യമായ അനുപാതം 2,000 രൂപ നോട്ടിന്‍റെ വിനിമയം സുഗമമാക്കുന്നതിന് വേണ്ടി മാത്രമായിരുന്നു. അതിനാല്‍ മറ്റു നോട്ടുകള്‍, പ്രധാനമായും 500 രൂപ നോട്ട് കൈവശം വയ്ക്കാതെ ഒരാൾക്ക് 2,000 രൂപ നോട്ട് കൊണ്ടുപോകാൻ കഴിയില്ല. ഏറ്റവും ഉയർന്ന മൂല്യമുള്ള പുതിയ നോട്ട് കൈവശം വയ്ക്കാൻ ആരും ആഗ്രഹിക്കാത്തതിന്‍റെ പ്രധാന കാരണം ഇതാണ്.

നോട്ടുനിരോധനത്തിനു മുന്‍പ് നിലവിലുണ്ടായിരുന്ന കറന്‍സി മൂല്യവ്യവസ്ഥയില്‍, 500 രൂപ നോട്ടിന് പ്രധാന സ്ഥാനമുണ്ടായിരുന്നു. കാരണം അവ വളരെ എളുപ്പത്തില്‍ ലഭ്യമാകുന്നതും മൂല്യ സംഭരണത്തിനുതകുന്നതുമായിരുന്നു. ഇതേ സ്കീമില്‍ തന്നെ 1000 രൂപ നോട്ട് താരതമ്യേന ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ക്കൊരു ഉപാധിയായി പ്രവര്‍ത്തിച്ചുവന്നു. താരതമ്യേന ഉയർന്ന മൂല്യം എന്നതുകൊണ്ട് കറൻസിയുടെ സിംഹഭാഗം കൈവശമുള്ളവരെ ഇവിടെ അർത്ഥമാക്കുന്നില്ലായെന്നത് ശ്രദ്ധിക്കണം. ഇന്ത്യയുടെ ദേശീയവരുമാനത്തിന്‍റെ പകുതിയോളം അനൗപചാരിക പ്രവർത്തനങ്ങളിലൂടെയാണ് സൃഷ്ടിക്കപ്പെടുന്നത് എന്നുകരുതുക, അപ്പോള്‍ താരതമ്യേന ഉയർന്ന മൂല്യമുള്ള ഇടപാടുകളില്‍ പങ്കെടുക്കുന്നവർ ഉയർന്ന വരുമാനമുള്ളവരോ സമ്പന്നരോ ആയിരിക്കണമെന്നില്ല.

demonetisation

2000 രൂപ നോട്ടിന്‍റെ ആശയത്തിന് കറൻസി മാനേജ്‌മെന്‍റിന്‍റെ ഏതെങ്കിലും തത്വങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും പകരം, അത് അപ്രതീക്ഷിതമായുണ്ടായ പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ളതുമാണെന്ന് വ്യക്തമാണ്. കൂടാതെ, കറന്‍സികളുടെ മൂല്യശ്രേണിയെ നിയന്ത്രിക്കുന്ന വ്യവസ്ഥാപിത  തത്വങ്ങളോട് യാതൊരു ബഹുമാനവുമില്ലാതെയാണ് സര്‍ക്കാര്‍ ഈ ധിക്കര നടപടിയിലേക്കെത്തിയതെന്നത് ഏറെ ഞെട്ടിപ്പിക്കുന്നതായിരുന്നു. 2017 മാർച്ചോടെ പ്രചാരത്തിലുണ്ടായിരുന്ന കറൻസിയുടെ പകുതിയിലധികവും 2,000 രൂപ നോട്ടുകളായിരുന്നു. പിന്നീടാണ് 200 രൂപ നോട്ട് ആര്‍ ബി ഐ പ്രചാരത്തിലേക്ക് കൊണ്ടുവരുന്നത്, കറൻസികളുടെ ലോകത്ത് 200 എന്നതൊരു വിചിത്രമായ സംഖ്യയായിരുന്നു. കൂടാതെ അവ  മൂല്യത്തില്‍ അല്പം ചെറുതുമായിരുന്നു. ആ സമയങ്ങളില്‍  ഭൂരിഭാഗം ജനങ്ങളും  ആശ്രയിച്ചിരുന്ന 500 രൂപയ്ക്ക് ചെറിയ രീതിയിലുള്ള പിന്തുണ നൽകിക്കൊണ്ട് പണലഭ്യത വേഗത്തിൽ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 200 ന്‍റെ നോട്ടുകളും നയിക്കപ്പെട്ടത്. 2018 ഓടെ പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപ നോട്ടുകളുടെ എണ്ണം ഏകദേശം 336.3 കോടി (3.363 ബില്യൺ) ആയി ഉയര്‍ന്നു, എന്നാൽ 2022 മാർച്ചായപ്പോഴേക്കും ഈ നോട്ടുകളുടെ മൂന്നിലൊന്നിൽ കൂടുതൽ പിൻവലിക്കുകയും ചെയ്തു.

ആർ ബി ഐയുടെ സമീപകാല പ്രസ്താവന 2000 രൂപ നോട്ട് പിൻവലിച്ചതിനെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്, അവരുടെ ക്ലീൻ നോട്ട് നയം അനുസരിച്ച് അഞ്ചു വർഷത്തെ ആയുസ്സ് കഴിയുന്ന നോട്ടുകൾ ഘട്ടംഘട്ടമായി നിർത്തലാക്കണമെന്ന് അവകാശപ്പെടുന്നു. ഏതായാലും, ക്ലീൻ നോട്ട് നയത്തിന് കറന്‍സിയുടെ ഉപയോഗവുമായി യാതൊരു ബന്ധവുമില്ലെന്ന് പറയാം; അത് യഥാർത്ഥത്തിൽ അതിന്‍റെ ഉദ്ദേശ്യം നിറവേറ്റുന്നുണ്ടെങ്കില്‍, ആർ ബി ഐ ചെയ്യേണ്ടത് പഴയ നോട്ടുകൾ മാറ്റി പുതിയവ നൽകുക എന്നതാണ്.

new indian currency

സ്വയം വരുത്തിവച്ച പ്രതിസന്ധി

നവംബറിൽ (2016 ) പ്രചാരത്തിലുണ്ടായിരുന്ന കറൻസിയുടെ മൂല്യം പെട്ടെന്ന് ഇല്ലാതായത്, പണലഭ്യതയിൽ അഭൂതപൂർവമായ തകർച്ചയ്ക്ക് കാരണമായി. ഇങ്ങനെ സ്വയം വരുത്തിവെച്ച പ്രതിസന്ധി, ലോകം അധികം കണ്ടിട്ടില്ലാത്തതാണ്. നോട്ടുനിരോധനം നടന്ന സമയത്ത് പിങ്ക് നോട്ടിന്‍റെ നിർമ്മാണത്തിനാണ് കൂടുതല്‍ മുൻഗണന നൽകിയത് – നോട്ടുനിരോധനത്തിനു തൊട്ടുപിന്നാലെയുള്ള മാസങ്ങളിൽ 500 രൂപ നോട്ട് എവിടെയും കാണാനില്ലെന്ന സത്യം ഇന്ത്യക്കാർ ഓർക്കുന്നുണ്ടാകും. ഈ ദുരന്തം നടന്ന് നാലു മാസങ്ങൾക്ക് ശേഷം 2017 മാർച്ച് അവസാനത്തോടെ പ്രചാരത്തിലുണ്ടായിരുന്ന കറൻസിയുടെ മൂല്യം യഥാർത്ഥത്തിൽ ഒരു വർഷം മുമ്പുള്ളതിനേക്കാൾ 20% കുറവായിരുന്നു എന്ന വസ്തുതയിൽ നിന്ന് പണലഭ്യതയ്ക്ക് വന്ന തകർച്ചയുടെ വ്യാപ്തി കണക്കാക്കാവുന്നതാണ്. ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം, 2018 മാർച്ച് അവസാനത്തോടെ, പ്രചാരത്തിലുണ്ടായിരുന്ന കറൻസിയുടെ മൂല്യം രണ്ട് വർഷം മുമ്പുള്ളതിനേക്കാൾ ഏകദേശം 10% കൂടുതലായിരുന്നു. ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് ആവശ്യമായതിനേക്കാളും അല്ലെങ്കിൽ പണപ്പെരുപ്പ നിരക്ക് നിർദ്ദേശിക്കുന്നതിനേക്കാളും വളരെ കുറവാണെന്നതാണ്.

demonetisation protest

 2000 രൂപ നോട്ടിന്‍റെ നിരോധനം മുൻകൂട്ടി നിശ്ചയിച്ചതാണ്. ആദ്യ നോട്ടുനിരോധനത്തിന്‍റെ അനന്തരഫലങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണിത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഉയരത്തെഴുന്നേല്‍പ്പിന്, 1000 രൂപ നോട്ട് തിരികെ കൊണ്ടുവരേണ്ടത് വളരെ അത്യാവശ്യമാണ്. വിലനിലവാരത്തിലെ വർധനയും സമ്പദ്‌വ്യവസ്ഥയുടെ വികാസവും കണക്കിലെടുക്കുമ്പോൾ, തളര്‍ച്ചയാണെങ്കിലും, 500 രൂപ നോട്ടിന്, പ്രത്യേകിച്ച് താരതമ്യേന ഉയർന്ന മൂല്യമുള്ള ഇടപാടുകൾക്ക് പിന്തുണ നൽകേണ്ടത് അടിയന്തിരമായ ആവശ്യമാണ്. എന്നാൽ താരതമ്യേന ഉയർന്ന മൂല്യമുള്ള ഇടപാടുകൾ സ്വയമേവ വരേണ്യവർഗത്തിന്‍റെ ഇടപാടുകളും അവരുടെ അനധികൃത സമ്പാദ്യവും മാത്രമല്ലെന്ന് മോദി ഭരണത്തോട് ആരാണ് പറയുക ? ദുരന്ത തീരുമാനത്തിനു പിന്നിലെ യുക്തിയില്ലായ്മയെ മനസിലാക്കേണ്ടതില്ലെന്ന അബദ്ധ ചിന്ത മാത്രമാണ് 1000 രൂപ തിരിച്ചുകൊണ്ടു വരുന്നതില്‍ നിന്നു സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്നത്. ഉയർന്ന മൂല്യമുള്ള നോട്ടുകൾ കള്ളപ്പണത്തിന്‍റെ പര്യായമാണെന്ന യുക്തി ഒരാൾ അംഗീകരിച്ചാലും, 2016 ൽ അതിലും ഉയർന്ന മൂല്യമുള്ള (2000) ഒരു മൂല്യം അവതരിപ്പിക്കുന്നതിൽ എന്താണ് യുക്തിയുള്ളത് ? പ്രഭാത് പട്‌നായിക്, പ്രണബ് സെൻ, അരുൺ കുമാർ, ജയതി ഘോഷ് തുടങ്ങിയ സാമ്പത്തിക വിദഗ്ദ്ധർ കള്ളപ്പണമെന്നത് സംഭരണത്തില്‍ ഒതുങ്ങുന്നവയല്ല, അതൊരു ഒഴുക്കാണെന്ന വസ്തുത വർഷങ്ങളായി ആവർത്തിച്ച് ചൂണ്ടിക്കാണിക്കുന്നതാണ്.

modi sha

അധികമാരും കാണാതെ പോയ നോട്ട് നിരോധനത്തിന്‍റെ മറ്റൊരു വശം, ദരിദ്രരില്‍ നിന്ന് സമ്പന്നരിലേക്കുള്ള സമ്പത്തിന്‍റെ കൈമാറ്റത്തെ അത് ത്വരിതപ്പെടുത്തി എന്നുള്ളതാണ്. ഇത് ദരിദ്രരെ കൂടുതല്‍ കഷ്ടപ്പെടുത്തി, പലരെയും ഈ ഭൂമുഖത്തു നിന്നും തുടച്ചുനീക്കുന്നതിനു വരെ കാരണമായി. തിരിഞ്ഞുനോക്കുമ്പോള്‍ 2016 ലെ നോട്ടുനിരോധനം ഇന്ത്യയിലെ ദരിദ്രരെ ആവര്‍ത്തിച്ചു ബാധിക്കുന്ന ഒരു വന്‍ദുരന്തത്തില്‍ ആദ്യത്തേതാണ്. വളരെ കുറച്ചേ ഉണ്ടായിട്ടുള്ളൂവെങ്കിലും , ചരിത്രത്തിലെ എല്ലാ നോട്ടു നിരോധനങ്ങളും സംഭവിച്ചത് ഉയര്‍ന്ന പണപ്പെരുപ്പം കൂടുതലുണ്ടായിരുന്ന രാജ്യത്താണ്. ഒരു സാമ്പത്തിക നയമെന്ന നിലയില്‍ നോക്കിയാലും നോട്ട് നിരോധനം കൊണ്ട് യാതൊരുവിധ നേട്ടങ്ങളും ഇന്ത്യയിലുണ്ടായിട്ടില്ല. വാസ്‌തവത്തിൽ, സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ഒരു സാധാരണ പാഠപുസ്തകവും നോട്ട് നിരോധനത്തെക്കുറിച്ച് ഒരു പരാമർശം പോലും നടത്തുന്നില്ല. പക്ഷേ മോദി ചിന്തിച്ചത് മറിച്ചാണ്, അതിനു രാജ്യം വലിയ വിലയും നൽകേണ്ടി വന്നു. നോട്ട് നിരോധനം സാരമായി ബാധിച്ച അതേ വിഭാഗങ്ങൾ, പ്രത്യേകിച്ചും ഗ്രാമ, നഗര പ്രദേശങ്ങളിലെ ചെറുകിട, അനൗപചാരിക വ്യാപാരങ്ങളിലേര്‍പ്പെടുന്നവര്‍ 2017-ൽ ചരക്ക് സേവന നികുതി ഏർപ്പെടുത്തിയതിന്‍റെ ഫലമായും, പിന്നീട് 2020 ല്‍ പകര്‍ച്ചവ്യാധിയുടെ കാരണത്താലും, ഇടവേളകളില്ലാതെ തിരിച്ചടികള്‍ നേരിട്ടു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ കെ ആകൃതിയിലുള്ള (K – shape) വളർച്ച, ഭൂരിഭാഗം ഇന്ത്യന്‍ ജനങ്ങളുടെയും ഉപജീവനമാർഗത്തെ തളര്‍ച്ചയിലേക്ക് നയിച്ചപ്പോഴും സമൂഹത്തിലെ ഒരു നേർത്ത വിഭാഗത്തെ വളരെ നന്നായി ഉയര്‍ത്തുന്നതായി കാണാം, ഇത് ഇന്ത്യയില്‍ വർദ്ധിച്ചു വരുന്ന അസമത്വത്തിന്‍റെ നേര്‍സാക്ഷ്യമാണ്. 

THE WIRE നു വേണ്ടി വി ശ്രീധര്‍ രചിച്ച ലേഖനത്തിന്‍റെ സംഗ്രഹം   

കേരളം നശിച്ച് നാറാണക്കല്ലെടുക്കുന്നുവോ?

ഭാഗം 2 – വിദേശ കുടിയേറ്റവും കേരളത്തിന്റെ വർത്തമാനവും

ൻകിട ഫാക്ടറികളും വ്യവസായശാലകളും കേരളത്തിൽ വരാതിരിക്കാനുള്ള സാമൂഹികവും പാരിസ്ഥിതികവുമായ കാരണങ്ങളാണ് കഴിഞ്ഞ ലേഖനത്തിൽ ചർച്ച ചെയ്തത്. വ്യവസായ മേഖലയിലെ പിന്നാക്കാവസ്ഥ കേരളത്തിൽ വലിയ രീതിയിൽ തൊഴിലവസരങ്ങളുടെ അഭാവം സൃഷ്ടിച്ചിരുന്നു. പക്ഷേ തൊഴിലില്ലാത്ത മലയാളിക്ക് ഗൾഫ് നാടുകളിലെ ഇന്ധന ഖനനവും അനുബന്ധ വളർച്ചയും അനുഗ്രഹമായിത്തീരുകയും മലയാളി പുരുഷന്മാർ തങ്ങളുടെ യൗവനജീവിതം ഗൾഫുനാടുകളിലേക്ക് പറിച്ചു നടുകയും ചെയ്തു.

വിദേശ നാടുകളിൽ അധ്വാനം വിറ്റ് ലഭിക്കുന്ന സമ്പാദ്യം മുഴുവനും മലയാളികൾ നാട്ടിലേക്കയച്ചു. കുടുംബക്കാരുടെയും ബന്ധുക്കളുടെയും കയ്യിൽ പണം എത്തിച്ചേർന്നു. അത് അവരുടെ വാങ്ങൽ ശേഷി വർദ്ധിപ്പിച്ചു, ജീവിത നിലവാരം ഉയർത്തി, നാട്ടിലെ സമ്പദ് വ്യവസ്ഥയ്ക്ക് ചലനമുണ്ടായി. സമ്പദ് വ്യവസ്ഥ ചലിക്കുമ്പോൾ സ്വാഭാവികമായും സർക്കാർ ഖജനാവിലേക്ക് കൂടുതൽ പണം എത്തിത്തുടങ്ങും. അത് സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന ക്ഷേമ പ്രവർത്തനങ്ങളുടെ വ്യാപ്തി വർദ്ധിപ്പിച്ചു.

ഇങ്ങനെയാണ്, ദാരിദ്ര്യത്തിന്റെ കയത്തിൽ മുങ്ങിപ്പോകുമായിരുന്ന കേരളം മാനവ വികസന സൂചികയിൽ മുന്നോട്ടു കുതിച്ച് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാൾ മുന്നിലായത്. ഏറ്റവും ദാരിദ്ര്യം കുറഞ്ഞ, ഏറ്റവും കുറഞ്ഞ ശിശു മരണനിരക്കുള്ള, ഉയർന്ന സാക്ഷരതയുള്ള, ഉയർന്ന ആയുർദൈർഘ്യമുള്ള, പണിയെടുത്താൽ ഉയർന്ന ശമ്പളം ലഭിക്കുന്ന സംസ്ഥാനമായി കേരളം ഇന്നും തുടരുന്നു.

ആദ്യത്തെ ലേഖനത്തിൽ ചർച്ച ചെയ്ത കേരളത്തിലെ ജനങ്ങളുടെ ഉയർന്ന സാമൂഹിക ബോധവും സംഘടിത ശക്തിയും ഒരുപക്ഷേ വ്യവസായ വളർച്ചക്ക് വിഘാതം സൃഷ്ടിക്കുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും ആ സാമൂഹിക ബോധവും അതിന്റെ ഉത്പന്നമായ വിദ്യാഭ്യാസ നിലവാരവുമാണ് അവരെ വിദേശ രാജ്യങ്ങളിൽ ഉപജീവനം തേടിയുള്ള യാത്രയ്ക്ക് പ്രാപ്തരാക്കിയത്.

കുടിയേറ്റം, പ്രവാസം, അതിജീവനം

ഭൂമിയിൽ വിഭവങ്ങൾ സമതുലിതമായല്ല വിതരണം ചെയ്തിരിക്കുന്നത്. വിഭവ വിതരണത്തിലെ പ്രകൃതിപരമായ ഈ അസമത്വത്തെ മറികടക്കാനുള്ള ശ്രമമാണ് മനുഷ്യന്റെ അതിജീവനം സാധ്യമാക്കുന്നത്. വിഭവങ്ങൾക്ക് വേണ്ടിയുള്ള മനുഷ്യന്റെ അന്വേഷണങ്ങളാണ് ലോകത്തെ ചലിപ്പിക്കുന്നത് തന്നെ. വിഭവങ്ങൾ ഇല്ലാത്ത നാടുകളിൽ നിന്ന് വിഭവങ്ങൾ സമൃദ്ധമായ നാടുകളിലേക്കുള്ള മനുഷ്യന്റെ സഞ്ചാരത്തിനും പലായനത്തിനും ഭൂമിയിൽ മനുഷ്യന്റെ ഉത്ഭവം വരെയുള്ള ചരിത്രമുണ്ട്.

ഇന്ത്യയടക്കമുള്ള ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിലെ വിഭവങ്ങൾ കൊളോണിയലിസത്തിലൂടെ അന്യാധീനപ്പെടുത്തിയാണ് യൂറോപ്യൻ നാടുകൾ സമ്പന്നമായത്. ഇന്ധനമെന്ന വിഭവം ഗൾഫുനാടുകളിൽ സൃഷ്ടിച്ച വ്യാവസായിക വളർച്ചയും തൊഴിലവസരങ്ങളുമാണ് മലയാളികൾ കുടിയേറ്റം നടത്താൻ കാരണമായത്. മലയാളികളുടെ അതിജീവനത്തിന്റെ ഭാഗമായിരുന്നു ഗൾഫ് കുടിയേറ്റം. അത് മലയാളിയുടെ അഭിമാനമാണ്. മറ്റു സംസ്ഥാനങ്ങൾ ദാരിദ്ര്യത്തിൽ ആണ്ടുപോകുമ്പോഴും വിദ്യാഭ്യാസപരവും സാമൂഹികപരമായും ഉയർന്ന ബോധം ഉണ്ടായതുകൊണ്ടാണല്ലോ മലയാളിക്ക് വിദേശ കുടിയേറ്റം എന്ന അതിജീവന തന്ത്രം സാധ്യമായത്.

കേരളത്തിന്റെ വർത്തമാനം

വിദേശത്തു പോയി തൊഴിലെടുക്കുന്ന മലയാളികൾ ഓരോ വർഷവും കേരളത്തിലേക്ക് അയക്കുന്ന തുക കേരളത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ (NDP) പതിനാല് ശതമാനത്തോളം വരും. രണ്ട് ദശലക്ഷത്തിനു മേലെ മലയാളികൾ വിദേശരാജ്യങ്ങളിൽ പ്രവാസികളായി കഴിയുന്നുണ്ട്, ഭൂരിഭാഗവും ഗൾഫ് രാഷ്ട്രങ്ങളിൽ. പക്ഷേ കുടിയേറ്റം ഒരു യാദൃച്ഛിക പ്രതിഭാസമാണ്, കോവിഡിൽ കണ്ടതുപോലെ ഏതു നേരവും അതിന് തകർച്ച വരാം. പ്രത്യേകിച്ച്, സാങ്കേതികവിദ്യ കൂടുതൽ വളർച്ച പ്രാപിക്കുന്ന ഇക്കാലത്ത് മനുഷ്യാധ്വാനത്തിന്റെ ആവശ്യം കുറഞ്ഞു വരുന്നു. ഈയടുത്ത കാലങ്ങളിലായി കേരളത്തിൽ നിന്നുള്ള ഗൾഫ് കുടിയേറ്റത്തിൽ ഈ മാറ്റങ്ങൾ കണ്ടു വരുന്നുണ്ട്.

ഇരുപത്തൊന്നാം നൂറ്റാണ്ട് വിവര സാങ്കേതിക വിദ്യയുടെ കാലഘട്ടമാണ്, ഡിജിറ്റൽ യുഗമാണ്. മനുഷ്യ അധ്വാനത്തിന് പകരം നിർമ്മിത ബുദ്ധിയുടെ പങ്കാളിത്തത്തോടെ ലോകം മാറ്റങ്ങൾ സൃഷ്ടിക്കുന്നു. വിയർപ്പിൽ പണിയെടുക്കുന്നവരുടെ ആവശ്യം കുറഞ്ഞു വരുന്നു. വിദ്യാസമ്പന്നരായ സാങ്കേതിക ജ്ഞാനികളെയാണ് ആവശ്യം. ഇതാണ് കേരളത്തിൽ നിന്നുള്ള ഗൾഫ് പ്രവാസികളുടെ എണ്ണത്തിൽ ഇടിവു വരാനുണ്ടായ ഒരു കാരണം. ഇവിടെയാണ് കേരളം സമഗ്രമായ മാറ്റത്തെ പറ്റി ചിന്തിക്കേണ്ടത്. ഒരു പാരഡൈം ഷിഫ്റ്റ് ആവശ്യമാണ്. അതിലേക്ക് കടക്കുന്നതിനു മുമ്പ് ചില കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്;

1. കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കുടിയേറ്റം നടത്തിയ ഒന്നാമത്തെ തലമുറയുടെ കാലം കഴിഞ്ഞ്, ഇപ്പോൾ രണ്ടാം തലമുറയാണ് ഗൾഫിൽ നിന്ന് കേരളത്തിേലേക്ക് സമ്പാദ്യം അയക്കുന്നത്.

2. സാങ്കേതിക വിദ്യയുടെ വളർച്ചയും പുതിയ മാറ്റങ്ങളും കാരണം ഒന്നാം തലമുറ നേടിയ അവസരങ്ങൾ എല്ലാം ഇന്ന് രണ്ടാം തലമുറക്ക് ലഭ്യമല്ല.

3. രണ്ടാം തലമുറയിൽ അഭ്യസ്തവിദ്യരായവർ ഗൾഫ് നാടുകളിൽ തങ്ങൾക്ക് ചേർന്ന ജോലികൾ നേടിയെടുക്കുമ്പോഴും അങ്ങനെയല്ലാത്ത ഭൂരിഭാഗം പ്രവാസികളും തങ്ങളുടെ ജോലിയിൽ സ്ഥിരത അവകാശപ്പെടാൻ കഴിയാത്തവരാണ്. അവരുടെ മടക്കം കേരളത്തിന് ബാധ്യതയാവും.

4. വളർന്നു വരുന്ന മൂന്നാം തലമുറ പൂർണ്ണമായും വിദ്യാസമ്പന്നരാണ്. ഒരു ഡിഗ്രിയോ ഡിപ്ലോമയോ ഇല്ലാത്തവർ കുറവാണ്. അവർ ഒന്നാം തലമുറയെയും രണ്ടാം തലമുറയെയും പോലെ ഗൾഫ് സ്വപ്നം കാണുന്നവരല്ല. തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത കൊണ്ട് ഉയർന്ന വരുമാനവും ജീവിത സുരക്ഷിതത്വമുള്ള തൊഴിലും ആഗ്രഹിക്കുന്നവരാണ്.

5. ഈ മൂന്നാം തലമുറയാണ് കേരളത്തിന്റെ സമീപഭാവി നിശ്ചയിക്കുന്നത്. അതുകൊണ്ട് ഇവരെ മുന്നിൽ നിർത്തിയാണ്, മാറിയ കാലത്തിനു വേണ്ടി കേരളത്തിന്റെ ഭരണകൂടം, ഗൾഫ് കുടിയേറ്റം എന്ന ഭൂതകാല ചാപ്റ്റർ മടക്കി വെച്ച് ദീർഘമായ പുനർചിന്തനത്തിനു തയ്യാറാവേണ്ടത്.

ഒരു പാരഡൈം ഷിഫ്റ്റ്; കേരളം തയ്യാറെടുക്കേണ്ടതെങ്ങനെ?

പുതിയ തലമുറയിൽ കാണുന്ന വഴിതിരിവ് അവർ ഗൾഫ് നാടുകൾക്ക് പകരം പാശ്ചാത്യ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നു എന്നതാണ്. പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടി അവിടെത്തന്നെ ജോലി നേടി അവിടുത്തെ പൗരത്വം സ്വീകരിച്ച് കുടുംബമായി കഴിയാൻ താത്പര്യപ്പെടുന്ന പ്രവണത കാണാം. ഇത് കേരളത്തിലെ മാത്രം പ്രതിഭാസമല്ല, ഇന്ത്യയിൽനിന്ന്‌ വിദേശത്തേക്ക്‌ ഉന്നതവിദ്യാഭ്യാസത്തിനായി ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പോകുന്നത്‌ ആന്ധ്രാപ്രദേശ്‌, പഞ്ചാബ്‌, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ്.

കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച കണക്കു പ്രകാരം 2022 നവംബര്‍ വരെ കഴിഞ്ഞ വര്‍ഷം 6,46,206 വിദ്യാര്‍ത്ഥികള്‍ ഇന്ത്യയില്‍ നിന്ന് ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോയിട്ടുണ്ട്. ഇതില്‍ 12 ശതമാനം ആന്ധ്രാപ്രദേശില്‍ നിന്നും 12 ശതമാനം പഞ്ചാബില്‍ നിന്നും 11 ശതമാനം മഹാരാഷ്‌ട്രയില്‍ നിന്നുമാണ് എന്ന്‌ ഓക്‌സ്ഫോര്‍ഡ് ഇന്റര്‍നാഷണല്‍ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നു. നാലു ശതമാനം വിദ്യാര്‍ത്ഥികളാണ് കേരളത്തില്‍ നിന്നും വിദേശത്തേക്ക് പഠനത്തിനായി പോയത്.

ഇന്ത്യ പോലുള്ള വികസ്വര രാജ്യത്ത് നിന്ന് പാശ്ചാത്യ വികസിത രാജ്യങ്ങളിലേക്ക് ജീവിതം പറിച്ചുനടാൻ യുവാക്കൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് പ്രോഗ്രസ്സീവായ മാറ്റമായാണ് കാണേണ്ടത്. മതവെറിയും അന്യന്റെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോട്ടവുമുള്ള അന്തരീക്ഷത്തിൽ നിന്ന് മാറി ലിബറൽ ചുറ്റുപാടുള്ള നാട്ടിൽ ജീവിക്കാൻ ആഗ്രഹിക്കുന്നതിനെ കുറ്റം പറയാൻ പറ്റില്ലല്ലോ. അത്തരം ചിന്തകൾ യുവാക്കൾക്ക് ഉണ്ടാവുന്നത് തന്നെ ഒരു മുന്നേറ്റമാണ്. കേരളത്തിലെയും ആന്ധ്രയിലെയും പഞ്ചാബിലെയും മഹാരാഷ്ട്രയിലെയും യുവാക്കൾക്ക് അഭിനന്ദനങ്ങൾ.

പക്ഷേ, ഒരു സംസ്ഥാനമെന്ന നിലക്ക് കേരളത്തിന് ഈ പ്രവണതയെ വ്യത്യസ്ത തലത്ത് നിന്ന് നോക്കിക്കാണാൻ കഴിയണം. നമ്മുടെ നാടും പാശ്ചാത്യ നാടുകൾ പോലെ വളർന്നാൽ, അവിടുത്തെ സൗകര്യങ്ങൾ എല്ലാം ഇവിടെ ഒരുക്കാൻ നമ്മൾ തയ്യാറായാൽ, അവിടെയുള്ള സാമൂഹിക അന്തരീക്ഷം ഇവിടെയും ഉണ്ടായാൽ ഇവിടെ നിന്ന് യുവാക്കൾക്ക് നാടുവിടേണ്ടി വരുമോ?

വികസനത്തിന്റെയും പുരോഗതിയുടെയും കാര്യത്തിൽ ഇന്ന് ലോകത്തിന് മാതൃകയാക്കാവുന്നത് (ചരിത്രപരമായി മറ്റു വിമർശനങ്ങൾ എല്ലാം അംഗീകരിക്കുമ്പോൾ തന്നെ) പാശ്ചാത്യ രാജ്യങ്ങളാണ്. അതുകൊണ്ട്, പാശ്ചാത്യ രാജ്യങ്ങളുടെ രീതികളിലേക്ക് നമ്മളും മാറുന്നത് പുരോഗതിയുടെ അടയാളം തന്നെയല്ലേ?

നമ്മുടെ യുവാക്കൾ പാശ്ചാത്യ നാടുകളിലേക്ക് പറിച്ചുനടുന്നതിന്റെ സാമ്പത്തികമാനം കുറഞ്ഞ വരുമാനമുള്ള നാട്ടിൽ നിന്ന് ഉയർന്ന വരുമാനമുള്ള നാടുകളിലേക്ക് കുടിയേറുക എന്നതാണ്. നമ്മുടെ നാടും ഉയർന്ന വരുമാനമുള്ള നാടായി മാറുന്നത് നല്ലത് തന്നെയല്ലേ?

സാമ്പത്തിക വിദഗ്ദ്ധർ ലോകരാജ്യങ്ങളെ വ്യക്തികളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നാലായി തിരിച്ചിട്ടുണ്ട് .  6000 മുതൽ 25000 വരെ മാസവരുമാനമുള്ള രാജ്യങ്ങളുടെ പട്ടികയായ ലോവർ മിഡിൽ ഇൻകം കൂട്ടത്തിലാണ് 12000 രൂപ മാസവരുമാനമുള്ള ഇന്ത്യയുടെ സ്ഥാനം. കേരളം ഇന്ത്യയുടെ ശരാശരിയേക്കാൾ മുന്നിലാണ്, 20,000 രൂപ. താരതമ്യത്തിന് വേണ്ടി പറഞ്ഞാൽ ഉത്തർപ്രദേശിൻ്റേത് 6000 വും ബീഹാറിൻ്റേത് 4000 വുമാണ്.

നല്ല ജീവിതം ജീവിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിന് നല്ല വരുമാനം വേണം. നല്ല വരുമാനമുള്ള നാട് വികസിത നാടായിരിക്കും. വികസിത നാടിന് ഉയർന്ന ആഭ്യന്തര ഉത്പാദനം (GDP) ആവശ്യമാണ്. നിലവിൽ കേരളത്തിന്റെ GDP വളർച്ചാനിരക്ക് 12 ശതമാനമാണ്. ഇത് മോശമല്ലാത്ത വളർച്ചയാണ്. ഇത് വീഴ്ചയില്ലാതെ തുടർന്നാൽ കേരളത്തിന് അടുത്ത 25 വർഷം കൊണ്ട് ലോകത്തെ അപ്പർ മിഡിൽ വരുമാനമുള്ള വികസിത രാജ്യങ്ങളുടെ നിലയിലേക്കെത്താം. ചൈന, മലേഷ്യ, തുർക്കി ക്യൂബ തുടങ്ങിയ രാജ്യങ്ങളാണ് ഇതിൽപ്പെടുന്നത്. നിലവിൽ 70,000 രൂപയാണ് ഈ രാജ്യങ്ങളിലെ ശരാശരി മാസരുമാനം.

കേരളത്തിന്റെ GDP വളർച്ചാനിരക്ക് കുറയാതെ തുടരണമെങ്കിൽ സർക്കാർ ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ചേ തീരൂ. ഫാർമസ്വ്യൂട്ടിക്കൽ, ഐടി, ഐടി വ്യവസായ പാർക്കുകൾ, ട്രേഡിംഗ്, ടൂറിസം, എഡ്യൂക്കേഷൻ തുടങ്ങിയ മേഖലകളിൽ സംരംഭങ്ങൾക്ക് കേരളത്തിൽ വലിയ രീതിയിൽ പോത്സാഹനം നൽകണം, അനാവശ്യമായ എല്ലാ നിയമച്ചരടുകളെയും ശാസ്ത്രീയ വീക്ഷണത്തോടെ എടുത്തുകളയണം. വിദ്യാസമ്പന്നരായ യുവാക്കൾ ആഗ്രഹിക്കുന്നത് ഉയർന്ന വരുമാനം ലഭിക്കുന്ന അത്തരം മേഖലകളിൽ പ്രവർത്തിക്കാനാണ്. തൊഴിലാളികൾക്ക് കുറഞ്ഞ വേതനം നൽകി മുന്നോട്ടു പോകുന്ന ഫാക്ടറി വ്യവസായങ്ങൾ, ഒന്നാമത്തെ ലേഖനത്തിൽ ചർച്ച ചെയ്തതുപോലെ കേരളത്തിൽ നിലനിൽക്കില്ല.

തൊഴിലിനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം സർക്കാർ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം ഉന്നത വിദ്യാഭ്യാസത്തിൻ്റേതാണ്. പ്ലസ്ടു കഴിഞ്ഞാൽ ഡൽഹിയിലോ ഹൈദരാബാദിലോ മുംബൈയിലോ, ജർമനിയിലോ ലണ്ടനിലോ ഖത്തറിലോ കാനഡയിലോ വിദ്യാഭ്യാസത്തിനായി കേരളത്തിലെ വിദ്യാർത്ഥികൾ കുടിയേറ്റം നടത്തുന്നതിനു പിന്നിൽ വിനോദ താത്പര്യവും യാത്രാ ലക്ഷ്യങ്ങളും പോലെ കാരണങ്ങൾ ഉണ്ടെങ്കിലും കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഒരു പ്രധാന കാരണമാണ്.

വിദേശ വിദ്യാർത്ഥികളെയടക്കം ആകർഷിക്കുന്ന വിധത്തിൽ കേരളത്തിലെ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങൾ ഉയരേണ്ടതുണ്ട്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള ദേശീയ തലത്തിലെ മികച്ച സ്ഥാപനങ്ങളുടെ ഓഫ് ക്യാമ്പസുകൾ കേരളത്തിൽ കൊണ്ടുവരാൻ സർക്കാർ ശ്രമിക്കണം. ഐഐടികളും എൻഐടികളും ആവശ്യപ്പെടണം. നമ്മുടെ മക്കൾ മറ്റു നാടുകളിൽ പോയി പൊടിക്കുന്ന കാശ് നമ്മുടെ നാട്ടിലെ എക്കണോമിയിൽത്തന്നെ ചെലവഴിക്കട്ടെ.

വിദേശ യൂണിവേഴ്സിറ്റികളുടെ ബ്രാഞ്ചുകൾക്ക് കേരളത്തിൽ അനുമതി നൽകണം. അതോടൊപ്പം തൊഴിലധിഷ്ടിത വിദ്യാഭ്യാസ നയത്തിന് പ്രാധാന്യം നൽകണം. സംരംഭങ്ങൾ വളർത്തി തൊഴിൽ സൃഷ്ടിക്കുമ്പോൾ ആ തൊഴിലിന് അനുയോജ്യമായ വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിന് പ്രാപ്തമായ രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നവീകരിക്കണം. അത്യാധുനിക സാങ്കേതിക വിദ്യകൾ പരാമവധി പ്രയോജനപ്പെടുത്തണം.

വികസനവും പൊതുകടവും

നിലവിൽ കേരള സർക്കാർ കൊണ്ടുവരാൻ ശ്രമിക്കുന്ന കേരളത്തിന്റെ വികസനത്തിൽ ഗണ്യമായ പങ്കുവഹിക്കാൻ സാധ്യതയുള്ള രണ്ട് പദ്ധതികളാണ് കെ-ഫോണും കെ-റെയിലും. ഡിജിറ്റൽ യുഗത്തിലെ അടിസ്ഥാന ആവശ്യമാണ് ഇന്റർനെറ്റ് എന്ന കാര്യത്തിൽ സംശയമില്ല. ഓരോ പൗരനും ഡിജിറ്റൽ സാക്ഷരത ആർജിക്കേണ്ട കാലമാണ്. കെ-ഫോൺ പദ്ധതിയിൽ ഓരോ വീട്ടിലും വൈഫൈ വഴി ഇന്റർനെറ്റ് ലഭ്യമായാൽ അനുബന്ധമായി പല പുരോഗതിയും നാട്ടിൽ സംഭവിക്കും.

വർക്ക് ഫ്രം ഹോമിന് പ്രാധാന്യം വർദ്ധിക്കുന്ന കാലമാണ്. പകൽ ജോലി ചെയ്യുന്നവർ തന്നെ രാത്രികാലങ്ങളിൽ വീട്ടിലിരുന്ന് ഇന്റർനെറ്റ് വഴി ലഭ്യമായ ജോലികളിൽ ഏർപ്പെടാറുണ്ട്. പല വിദേശ കമ്പനികളും ഇത്തരം അവസരങ്ങൾ നൽകി വരുന്നു. ഇന്റർനെറ്റ് ക്രിയാത്മകമായി ഉപയോഗിച്ച് വരുമാനം ഉണ്ടാക്കുന്നവരാണ് പുതുതലമുറയിലെ കുട്ടികൾ.

അതിവേഗ റെയിൽപാത അഥവാ കെ-റെയിൽ കേരളത്തിലെ വിവാദ പദ്ധതിയായി നിലനിൽക്കുകയാണ്. വേഗതയേറിയ സഞ്ചാരം വികസിത രാജ്യങ്ങളുടെ ദൈന്യംദിന വ്യവഹാരങ്ങളുടെ നട്ടെല്ലാണ്. അതിനാൽ, കേരളത്തിന്റെ ഭാവിയിൽ കെ റെയിൽ വലിയൊരു മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.

പക്ഷേ, വിമർശകർ പാരിസ്ഥിതിക പ്രശ്നങ്ങളോടൊപ്പം ചൂണ്ടിക്കാണിക്കുന്നത് പൊതു കടത്തെപ്പറ്റിയുള്ള ആശങ്കയാണ്. നിലവിൽ കേരളം പൊതുകടത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ ഒമ്പതാം സ്ഥാനാത്താണ്, ഒന്നാം സ്ഥാനം ഉത്തർപ്രദേശിന്. കെ റെയിലിന് വേണ്ടി കടമെടുത്താൽ കേരളം പാപ്പരാവുമെന്നാണ് വാദം. ഈ വാദം ഉന്നയിക്കുന്നതിൽ മുന്നിൽ, ഒന്നാമത്തെ ലേഖനത്തിൽ ചർച്ച ചെയ്ത കേശവൻ മാമന്മാർ തന്നെയാണ്.

10% ത്തിൽ കൂടുതൽ GDP വളർച്ചയുള്ള സംസ്ഥാനമെന്ന നിലക്ക്, ഈ വളർച്ച തുടരുകയാണെങ്കിൽ, നിലവിലെ പൊതുകടമോ കെ റെയിലിന് വേണ്ടി ജപ്പാനിൽ നിന്ന് സ്വീകരിക്കുന്ന കടമോ കേരളത്തിന് പ്രശ്നമാവില്ല എന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. മാത്രമല്ല, GDP വളർച്ചാ നിരക്കിൽ കുറവ് വരുത്താതെ, അടുത്ത 20-25 വർഷം കൊണ്ട് അപ്പർ മിഡിൽ ഇൻകം രാജ്യങ്ങളുടെ നിലയിലെത്താൻ ലക്ഷ്യംവെച്ച് കേരളം മുന്നോട്ടു പോവുകയാണെങ്കിൽ കെ- റെയിൽ അടുത്ത 20 വർഷങ്ങളോടെ ഓരോ സാധാരണക്കാരനും പ്രാപ്യമായ യാത്രാ സംവിധാനമായി മാറുകയും ചെയ്യും.

യുക്തിരഹിതമായ പൊതുകടവാദവും, ടിക്കറ്റ് നിരക്ക് വേവലാതിയും ഉയർത്തി കേശവൻ മാമന്മാർ ഇന്ന് കെ-റെയിലിന് തടസ്സം നിന്നാൽ, 20 വർഷങ്ങൾക്ക് ശേഷമുള്ള തലമുറയുടെ എല്ലാ പഴിയും കേൾക്കേണ്ടി വരും. ദീർഘവീക്ഷണമില്ലാത്ത തങ്ങളുടെ പൂർവികരെപ്പറ്റി അവർ ഖേദിക്കും.

ഉപസംഹാരം

കേരളത്തിന്റെ ജനസംഖ്യാവളർച്ച നിലവിൽ മന്ദഗതിയിലാണ്. ജനസംഖ്യാ വളർച്ച കുറഞ്ഞു വരുന്ന പല വികസിത പാശ്ചാത്യ രാജ്യങ്ങൾക്കും വിദ്യാസമ്പന്നരായ വർക്ക് ഫോഴ്സ് ആവശ്യമാണ്. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ നിന്നുള്ള യുവാക്കളെ ഉദാരമായ വിദേശനയങ്ങളോടെ സ്വീകരിച്ച് വിദ്യാഭ്യാസം നൽകി തൊഴിൽ അവസരം നൽകാൻ അവർ തയ്യാറാണ്. ഇന്ത്യയിലെ യുവാക്കളാകട്ടെ പുറത്തുകടക്കാനുള്ള അവസരങ്ങൾക്കായി കാത്തു നിൽക്കുന്നവരുമാണ്.

കേരളം ഇന്ത്യയെ പോലെ ലോവർ മിഡിൽ വരുമാനമുള്ള നാടായി തുടരുകയാണെങ്കിൽ കേരളത്തിൽ നിന്നും യുവാക്കൾ വിദേശ രാജ്യങ്ങൾ തേടി പുറപ്പടും. അവിടെ സ്ഥിരതാമസമാക്കും. നിലവിൽ ജനസംഖ്യാ വളർച്ചയിൽ മന്ദഗതിയിൽ നിൽക്കുന്ന കേരളത്തിൽ നിന്ന് യുവാക്കൾ പോയി തുടങ്ങിയാൽ യുവാക്കൾക്ക് ക്ഷാമമുള്ള, വൃദ്ധജനങ്ങൾ പെരുകുന്ന നാടായി നമ്മൾ മാറും. നിലവിൽ തന്നെ കേരളത്തിലെ ഒരു ടൗൺ പ്രേതാലയമായിരിക്കുന്നു എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.

കേരള സർക്കാർ അനിവാര്യമായും പുതുതലമുറയെ മുന്നിൽ കണ്ടു കൊണ്ടുള്ള നയ മാറ്റങ്ങൾക്ക്, മേലെ സൂചിപ്പിച്ച പാരഡൈം ഷിഫ്റ്റിന് തയ്യാറെടുക്കണം. അല്ലെങ്കിൽ കെ റെയിലിൽ സഞ്ചരിക്കാൻ അന്യസംസ്ഥാന തൊഴിലാളികൾ പോലും ഇവിടെ ബാക്കിയുണ്ടാവില്ല. വരുമാനമില്ലാത്ത നാട് ആർക്കും വേണ്ടല്ലോ.

(അവസാനിച്ചു.)

ലത്തീഫ് അബ്ബാസ്, മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ ഫ്രീലാൻസ് ജേർണലിസ്റ്റായി പ്രവർത്തിച്ചിരുന്നു. നിലവിൽ ഡൽഹി സർവ്വകലാശാലയിലെ ചരിത്ര വിഭാഗത്തിൽ ഗവേഷകനാണ്

FAQS

എന്താണ് ആഭ്യന്തര ഉത്പാദനം(GDP)?

ഒരു നിശ്ചിത പ്രദേശത്ത് നിർണ്ണിത കാലയളവിൽ ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം വസ്തുക്കളുടെയും, സേവനത്തിന്റെയും വിപണിമൂല്യമാണ് മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ ജി ഡി പി. ഒരു രാജ്യത്തിന്റെ സാമ്പത്തിക ശേഷി അളക്കുന്നതിനുള്ള സൂചികയാണ് ജി ഡി പി.

എന്താണ് മാനവ വികസന സൂചിക?

ഒരു രാജ്യത്തിന്റെ സമഗ്രവികസനം സൂചിപ്പിക്കുന്ന അളവുകോലാണ് മാനവ വികസന സൂചിക.

Quotes

“ഇരുട്ടിനെ ഭയപ്പെടുന്ന ഒരു കുട്ടിയോട് നമുക്ക് എളുപ്പം ക്ഷമിക്കാൻ കഴിയും. എന്നാൽ ജീവിതത്തിലെ യഥാർത്ഥ ദുരന്തം മുതിർന്നവർ വെളിച്ചത്തെ ഭയപ്പെടുന്നതാണ്.”

പ്ലേറ്റോ.