Sat. Dec 14th, 2024

റിയാദ്: 2034ലെ ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് നടക്കുക സൗദി അറേബ്യയില്‍. ഫിഫയുടെ പരിശോധനയില്‍ 500ല്‍ 419.8 എന്ന സര്‍വകാല റെക്കോര്‍ഡ് നേടിയാണ് സൗദിയെ തെരഞ്ഞെടുത്തതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തേ സൗദിയുടെ കാലാവസ്ഥയും യൂറോപ്യന്‍ ക്ലബ് ഫുട്‌ബോള്‍ സീസണ്‍ ഇടവേളയും തമ്മിലുള്ള പൊരുത്തക്കേടുകള്‍ ഒരു പ്രശ്‌നമായി പലരും ഉയര്‍ത്തിക്കാണിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് 2034 ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവിലാകും ലോകകപ്പ് നടക്കുക എന്നാണ് പുറത്തുവരുന്ന വിവരം.

റമദാന്‍ വ്രതവും ഹജ്ജ് കര്‍മങ്ങളും അടക്കമുള്ളവ കൂടി പരിഗണിച്ചാകും ലോകകപ്പ് സമയം തീരുമാനിക്കുകയെന്നും ഫിഫ റിപ്പോര്‍ട്ടില്‍ പറയുന്നു.

2034 ലോകകപ്പ് ലക്ഷ്യമാക്കി വമ്പന്‍ ഒരുക്കങ്ങളാണ് സൗദി നടത്തി വരുന്നത്. ഭൂമിയില്‍നിന്നും 350 മീറ്റര്‍ ഉയരത്തിലുള്ള നിയോം സിറ്റി സ്റ്റേഡിയമടക്കമുള്ള ആഡംബര സ്റ്റേഡിയങ്ങളാണ് സൗദി ഒരുക്കുന്നത്.

ഫിഫ ലോകകപ്പിന് ആതിഥ്യമരുളുന്ന നാലാമത്തെ ഏഷ്യന്‍ രാജ്യമാണ് സൗദി. 2002ല്‍ ജപ്പാനും ദക്ഷിണകൊറിയയും സംയുക്തമായി ആതിഥ്യം വഹിച്ചിരുന്നു. 2022 ലോകകപ്പിന് ആതിഥ്യമരുളിയ ഖത്തറാണ് മറ്റൊരു രാജ്യം.

അതേസമയം, പശ്ചാത്യ മാധ്യമങ്ങളടക്കമുള്ളവര്‍ സൗദി അറേബ്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നെന്ന് ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ സൗദിയിലെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടെന്നും മനുഷ്യാവകാശങ്ങളുടെ പാലനത്തിന് ലോകകപ്പ് ഗുണകരമായ സംഭാവനകള്‍ നല്‍കുമെന്നും ഫിഫ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു.