Sat. Dec 14th, 2024

 

ആലപ്പുഴ: ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ചതിന് പിന്നാലെ സ്വകാര്യ ലാബുകളുടെ ലൈസന്‍സ് റദ്ദാക്കി. ശങ്കേഴ്സ്, മിഡാസ് എന്നീ ലാബുകള്‍ക്കെതിരെയാണ് നടപടി.

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം രണ്ട് സ്‌കാനിംഗ് സെന്ററുകളും പൂട്ടി സീല്‍ ചെയ്തു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷമാകും തുടര്‍ നടപടികള്‍.

സംഭവത്തില്‍ ലാബുകളുടെ ഭാഗത്താണ് വീഴ്ച എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സ്‌കാനിംഗ് റിപ്പോര്‍ട്ട് പ്രകാരമാണ് ഡോക്ടര്‍മാരുടെ തുടര്‍ പരിശോധനകള്‍ എങ്കിലും ഡോക്ടര്‍മാരുടെ ഭാഗത്ത് വീഴ്ചയുണ്ടോ എന്നതും ആരോഗ്യ വകുപ്പ് പരിശോധിക്കും. വീഴ്ച കണ്ടെത്തിയാല്‍ സസ്പെന്‍ഷനോ സ്ഥലം മാറ്റമോ നല്‍കുന്നതിനും ആലോചനയുണ്ട്.

ലജനത്ത് വാര്‍ഡ് സ്വദേശികളായ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞാണ് ഗുരുതര വൈകല്യവുമായി ജനിച്ചത്. ഈ മാസം എട്ടിനായിരുന്നു സുറുമിയുടെ പ്രസവം. ഗര്‍ഭകാലത്ത് പലതവണ നടത്തിയ സ്‌കാനിങിലും ഡോക്ടര്‍മാര്‍ വൈകല്യം അറിയിച്ചില്ലെന്ന് കുഞ്ഞിന്റെ പിതാവ് പറയുന്നു.

കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുണ്ട്.

സംഭവത്തില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ നേരത്തേ കേസെടുത്തിരുന്നു. ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേര്‍ലി, പുഷ്പ എന്നിവര്‍ക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും എതിരെയാണ് കേസെടുത്തത്