Mon. Dec 23rd, 2024

തൃക്കാക്കര:

തൃക്കാക്കര നഗരസഭയിൽ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ നിർണായക നീക്കങ്ങളുമായി യുഡിഎഫും എൽഡിഎഫും. ചെയർപേഴ്സനോട് വിയോജിപ്പുള്ള കൗൺസിലർമാരെയും സ്വതന്ത്രരെയും കൂടെ കൂട്ടാനാണ് എൽഡിഎഫിന്റെ ശ്രമം. യുഡിഎഫിനെ പിന്തുണക്കുന്ന നാലു സ്വതന്ത്രന്മാരുമായി കോൺഗ്രസ് ജില്ലാ നേതൃത്വം ഇന്ന് ചർച്ച നടത്തും.

അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്ന സെപ്തംബർ 23ന് മുൻപ് 22 എന്ന കേവല ഭൂരിപക്ഷം ഉറപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ് എൽഡിഎഫും യുഡിഎഫും. 43 അംഗ കൗൺസിലിൽ യുഡിഎഫിന് 21 അംഗങ്ങളും എൽഡിഎഫിന് 17 അംഗങ്ങളുമാണുള്ളത്. വിശ്വാസം നേടാൻ യുഡിഎഫിന് വേണ്ടത് ഒരു സ്വതന്ത്രന്റെ കൂടി മാത്രം പിന്തുണ.

എൽഡിഎഫിന് വേണ്ടത് അഞ്ചു പേരുടെ കൂടി പിന്തുണ. ആകെ അഞ്ച് സ്വതന്ത്രൻമാരാണ് തൃക്കാക്കര നഗരസഭയിൽ ഉള്ളത്. ഒരു സ്വതന്ത്രൻ എൽഡിഎഫിനൊപ്പമാണ്.

നാലു പേർ കൂടി അനുകൂലിച്ചാൽ അവിശ്വാസപ്രമേയം പാസാകും. സ്വതന്ത്രരരെ കൂടെ കൂട്ടാനാണ് എൽഡിഎഫിന്റെ ശ്രമം. എന്നാൽ ഇതിന് തടയിടാനുള്ള ശ്രമങ്ങൾ യുഡിഎഫും തുടങ്ങി.

യുഡിഎഫിനെ പിന്തുണച്ച് 4 സ്വതന്ത്രരുമായും കോൺഗ്രസ് ജില്ലാ നേതൃത്വം ഇന്ന് ചർച്ച നടത്തും. ഇടഞ്ഞുനിന്ന വി ഡി സുരേഷ് അടക്കമുള്ള കോൺഗ്രസ് കൗൺസിലർമാർ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. യുഡിഎഫിന്റെ 21 സീറ്റിൽ അഞ്ചു പേർ മുസ്‍ലിം ലീഗ് അംഗങ്ങളാണ്.

നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പനോട് പ്രത്യക്ഷത്തിൽ അല്ലെങ്കിലും വിയോജിപ്പ് ഉള്ളവരാണ് ചില ലീഗ് കൗൺസിലർമാർ. അജിത തങ്കപ്പൻ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറി മറ്റൊരാൾ അധ്യക്ഷയാകണമെന്ന അഭിപ്രായം ഇവർക്കുണ്ട്. അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനാണ് കോൺഗ്രസ് തീരുമാനം.

ഈ നിലപാട് തന്നെ സ്വീകരിക്കണമെന്നാണ് ലീഗിനോടും കോൺഗ്രസിന്റെ അഭ്യർഥന. വിഷയത്തിൽ ലീഗ് നിലപാട് ഇന്ന് അറിയിക്കും. അജിത തങ്കപ്പനെ മാറ്റി മറ്റൊരാളെ അധ്യക്ഷയാക്കണം എന്ന ഉപാധി ലീഗ് മുന്നോട്ടുവയ്ക്കാനും സാധ്യതയുണ്ട്.