Fri. Apr 26th, 2024

ഒറ്റപ്പാലം:

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട മെഡിക്കൽ വിദ്യാർത്ഥികൾക്കായി തിരയുന്നതിന്‌ പുഴയിലെ അടിയൊഴുക്ക് വില്ലനാകുന്നു. മഴ തുടരുന്ന സാഹചര്യത്തിലാണിത്‌.  എൻഡിആർഎഫ്, അഗ്നിനിരക്ഷാസേന, സിവിൽ ഡിഫൻസ്, സ്കൂബ ഡൈവിങ്‌ വിദഗ്ധർ, നാട്ടുകാർ, ഷൊർണൂരിലെ മുങ്ങൽവിദഗ്‌ധൻ രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ്‌ തിരയുന്നത്‌.

മാന്നനൂർ ഉരുക്കു തടയണ, ത്രാങ്ങാലി അടിയണ, ഷൊർണൂർ തടയണ, മുണ്ടായ അടിയണ, പട്ടാമ്പി പാലം, വെള്ളിയാങ്കല്ല്‌ എന്നിവിടങ്ങളിൽ പല തവണയായി തിരഞ്ഞെങ്കിലും വിദ്യാർത്ഥികളെ കണ്ടത്താനായില്ല. ഒഴുക്കിൽപ്പെട്ടവരെ തിരയാൻ അഞ്ച്‌ ബോട്ടുകൾ‌ ഉപയോഗിക്കുന്നു.  പാതാളകരണ്ടി വെള്ളത്തിലിട്ടു തുഴഞ്ഞും മുങ്ങൽവിദഗധ സംഘം വെള്ളത്തിലിറങ്ങിയും തിരഞ്ഞു.

മാന്നനൂർ ഉരുക്ക്തടയണയ്‌ക്ക്‌ സമീപം പ്രളയത്തിൽ മണ്ണിടിഞ്ഞു താഴ്‌ന്ന സ്ഥലങ്ങളിൽ വെള്ളത്തിനടിയിലായി മുളങ്കൂട്ടമുള്ളതായി നാട്ടുകാർ പറഞ്ഞു. ഇവിടെ തിരയണമെങ്കിൽ വെള്ളത്തിന്റെ കുത്തൊഴുക്ക്‌ കുറയണം. ശക്തമായ കുത്തിയൊഴുക്കു കാരണം പുഴയിലെ പലയിടത്തും ഇറങ്ങാനായിട്ടില്ല. തിങ്കൾ വൈകിട്ട്‌ ഏഴുവരെ തിരഞ്ഞുവെങ്കിലും ഫലമുണ്ടായില്ല.