Tue. Apr 23rd, 2024

കായംകുളം ∙

യാത്രക്കാരുടെ വർധനവ് അനുസരിച്ച് സർവീസ് നടത്താൻ കെഎസ്ആർടിസി തയാറാകാതിരിക്കെ ഡിപ്പോയോട് ചേർന്ന ഗ്രൗണ്ടിൽ കിടക്കുന്നത് 97 ബസുകൾ. കോവിഡിനെ തുടർന്ന് സർവീസ് നിർത്തിവച്ചപ്പോൾ ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നുള്ള ബസുകൾ കായംകുളം,ചേർത്തല ഡിപ്പോകളിലെ ഗ്രൗണ്ടുകളിലേക്ക് മാറ്റിയിരുന്നു.

ഒന്നരവർഷമായി ഓടാതെ ബസുകളെല്ലാം  നശിക്കുകയാണ്. ബാറ്ററികളും ടയറുകളും കേടാകാതിരിക്കാൻ ഇളക്കിയെടുത്ത് മാവേലിക്കര റീജനൽ വർക്ക് ഷോപ്പിലേക്ക് മാറ്റിയിരിക്കുകയാണ്. ബസ് സർവീസുകൾ സാധാരണ നിലയിലായിട്ടും കായംകുളം ഡിപ്പോയിൽ നിന്ന് 30 സർവീസുകൾ മാത്രമാണുളളത്.

38 സർവീസുകൾ നിർത്തിവച്ചിരിക്കു‍കയാണ്. വേണ്ടത്ര ബസുകൾ ഇല്ലാത്തതിനാൽ മുതുകുളം റൂട്ടിലെ ചെയിൻ സർവീസ്  നിർത്തിവച്ചു. ഹരിപ്പാട് ഡിപ്പോയിൽ നിന്നുള്ള 2 സർവീസുകൾ മാത്രമാണ് ഈ റൂട്ടിലുള്ളത്.

ഗ്രാമീണ റൂട്ടുകളായ ആയിരംതെങ്ങ്,കായംകുളം –മുട്ടം,താമരക്കുളം,വള്ളിക്കാവ് അമൃതപുരി,കാട്ടിൽക്കടവ് എന്നിവിടങ്ങളിലേക്ക്  സർവീസ് നടത്തുന്നില്ല. ഈ സർവീസുകൾ പുനരാരംഭിക്കണമെങ്കിൽ ചീഫ് ഓഫിസിന്റെ അനുമതി വേണം. ഡിപ്പോകൾ പലവട്ടം അനുമതി തേടിയെങ്കിലും ലഭിച്ചില്ല.