Fri. Mar 29th, 2024

തൃശൂർ:

ചേലക്കര വാഴക്കോട് ജങ്ങ്ഷനിലെ ഓട്ടോറിക്ഷ സ്റ്റാൻഡിൽ പെരുമ്പാമ്പിനെ മരത്തിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പെരുമ്പാമ്പിനെ അകമലയിലെ വനംവകുപ്പിന്റെ വെറ്റിനറി ക്ലിനിക്കിലേക്ക് മാറ്റി.

ഇന്നലെ ഉച്ചയോടെയാണ് വാഴക്കോട് ജങ്ങ്ഷനിലെ ഓട്ടോ സ്റ്റാന്റിന് സമീപത്തെ മരത്തിൽ പെരുമ്പാമ്പിനെ പ്ലാസ്റ്റിക് കയറുകൊണ്ട് കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെട്ട ഉടനെ സ്ഥലത്തെ വന്യജീവി സംരക്ഷകരെ വിവരം അറിയിച്ചു. തുടർന്ന് വന്യ ജീവി സംരക്ഷകരെത്തി അവശ നിലയിലായിരുന്ന പാമ്പിന് വെള്ളം നൽകി.

പിന്നീട് വനം വനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് പെരുമ്പാമ്പിനെ അകമലയിലെ വനം വകുപ്പിന്റെ വെറ്ററിനറി ക്ലിനിക്കിലേക്ക് മാറ്റിയത്. പാമ്പിന്റെ ആരോഗ്യ നില നിരീക്ഷിച്ചു വരികയാണ്. ഹൈവേയോട് ചേർന്നുള്ള മരത്തിൽ മലമ്പാമ്പ് എങ്ങനെ വന്നുവെന്നോ ആരാണ് മരത്തിൽ കെട്ടിയിട്ടതെന്നോ വ്യക്തമല്ല.

സംഭവത്തിൽ അന്വേഷണം വേണമെന്ന് വന്യജീവി സംരക്ഷകർ ആവശ്യപ്പെട്ടിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് ആളെ കണ്ടെത്തനാണ് നീക്കം.