Wed. Apr 24th, 2024

ആലപ്പുഴ: 

നഗരത്തിലെ  പവർഹൗസ് പാലത്തിന്റെ നിർമാണം ഡിസംബറിലും കൊമ്മാടി പാലത്തിന്റെ നിമാണം ഒരുവർഷത്തിനകവും പൂർത്തിയാക്കുമെന്ന് പി പി ചിത്തരഞ്‌ജൻ എംഎൽഎ പറഞ്ഞു. രണ്ട്  പാലങ്ങളും സന്ദർശിച്ച് നിർമാണപുരോഗതി എംഎല്‍എ വിലയിരുത്തി. പവർഹൗസ് പാലത്തിന്റെ 13 ബീമുകളുടെയും പാലത്തേട് ചേർന്ന ഫുട്ബ്രിഡ്‌ജിന്റെയും 12 മീറ്റർ വീതിയിലും 26 മീറ്റർ നീളത്തിലുമുള്ള മെയിൻ ബ്രിഡ്‌ജിന്റെ ഡെക്ക് സ്ലാബിന്റെയും പണി പൂർത്തിയായി.

ക്രാഷ് ഗാർഡിന്റെയും ആർച്ചിന്റെയും നിർമാണമാണ് പുരോ​ഗമിക്കുന്നത്.
അപ്രോച്ച് റോഡിന്‌ സ്ഥലമേറ്റെടുക്കൽ ഉടൻ പൂർത്തിയാക്കും. കൊമ്മാടി പാലത്തിന്റെ ഇരുകരകളിലുമായി നിർമിക്കുന്ന 12 തൂണുകളിൽ നാലെണ്ണത്തിന്റെ പണി പൂർത്തിയായി. ശേഷിക്കുന്നവ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും എംഎൽഎ പറഞ്ഞു.

കെആർഎഫ്ബി അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അരവിന്ദ് സച്ചിൽ, അസിസ്‌റ്റന്റ് എന്‍ജിനിയർ എസ് അരുൺ, കിഫ്‌ബി പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവരും എംഎൽഎയ്‌ക്കൊപ്പമുണ്ടായിരുന്നു.