25.9 C
Kochi
Tuesday, September 21, 2021

Daily Archives: 30th June 2020

ന്യൂഡല്‍ഹി:   കൊവിഡ് പ്രതിരോധത്തിൽ രാജ്യം മെച്ചപ്പെട്ട നിലയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യസമയത്തെ ലോക്ക്ഡൌൺ മരണനിരക്ക് കുറച്ചുവെന്നും ഇന്ത്യ ഭദ്രമായ നിലയിലാണെന്നും അദ്ദേഹം പറ‍ഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോക്ക്ഡൌൺ ഇളവുകള്‍ വന്നതോടെ കൊവിഡ് പ്രതിരോധത്തില്‍ അലംഭാവം വന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആരും പട്ടിണി കിടക്കാൻ ഇടവരരുത്, നവംബർ വരെ ഭക്ഷ്യധാന്യം സൗജന്യമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: ജൂലായ് ഒന്നു മുതല്‍ സംസ്ഥാനത്ത് ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റുകള്‍ ഓണ്‍ലൈനായി നടത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. കൊവിഡ് വ്യാപനം തടയാനായി മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസുകളില്‍ അപേക്ഷകര്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് കമ്പ്യൂട്ടറോ മൊബൈല്‍ഫോണോ ഉപയോഗിച്ച്‌ ടെസ്റ്റില്‍ പങ്കെടുക്കാം.
തിരുവനന്തപുരം:   സംസ്ഥാനത്ത് സാമൂഹിക വ്യാപനത്തിന്റെ സൂചനകള്‍ കണ്ടെത്തിയതിനാൽ പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണമെന്ന് ഐഎംഎ. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകരുടെ കൊവിഡ് പരിശോധന നടത്തണമെന്നാണ് നിർദ്ദേശം. സ്വകാര്യ മേഖലയില്‍ കൂടി കൊവിഡ് ചികില്‍സ ലഭ്യമാക്കണമെന്നും കാരുണ്യ പദ്ധതിയില്‍ കൊവിഡ് ചികിത്സ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയ്ക്ക് നൽകിയ കത്തിൽ ഐഎംഎ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി ഫലം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. 98.82 ആണ് വിജയശതമാനമെന്ന് മന്ത്രി അറിയിച്ചു. വിജയ ശതമാനം ഏറ്റവും കൂടുതൽ പത്തനംതിട്ടയിലും കുറവ് വയനാട്ടിലുമാണ്. എസ്എസ്എല്‍സി റഗുലര്‍ വിഭാഗത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍ ഇത്തവണ 4,17,101 വിദ്യാർത്ഥികളാണ്. അതേസമയം, ഈ വര്‍ഷത്തെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ക്യൂആര്‍ കോഡുകള്‍ ഉള്‍പ്പെടുത്തിയവ ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. 
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് വീണ്ടും വിഷവാതക ചോർച്ച. പരവാഡയിലെ ഫാർമ പ്ലാന്റിലാണ് വാതക ചോർച്ച ഉണ്ടായത്. രണ്ട് തൊഴിലാളികൾ മരിച്ചു. നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശാഖപട്ടണത്തിന് സമീപത്തെ ജവഹർലാൽ നെഹ്‌റു ഫാർമ സിറ്റിയിലെ സൈനർ ലൈഫ് സയൻസസ് ഫാർമ കമ്പനിയിൽ നിന്ന് ബെൻസിമിഡാസോൾ വാതകം ചോർന്നാണ് അപകടമെന്നാണ് വിവരം.
ഡൽഹി: അന്‍പത്തിയൊന്‍പത് ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിക്കാന്‍ തീരുമാനമെടുത്തതിന് പിന്നാലെ ടിക്ക്‌ടോക്ക് ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. നിലവില്‍ ഫോണില്‍ ടിക്ക്‌ടോക്ക് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് തുടര്‍ന്നും ഉപയോഗിക്കാനും വീഡിയോകള്‍ പോസ്റ്റ് ചെയ്യാനും സാധിക്കുമെന്നാണ് വിവരം. എന്നാല്‍ ഔദ്യോഗികമായി ആപ്ലിക്കേഷന് രാജ്യത്ത് നിരോധനമുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പന്‍ ആണ് മരിച്ചത്. 76 വയസ്സ് ആയിരുന്നു. ശനിയാഴ്ച മുംബൈയില്‍ നിന്നെത്തിയ ഇദ്ദേഹത്തെ മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ആയി.