Tue. Oct 8th, 2024

അസമിലെ നാല് പ്രധാന മുസ്ലീം വംശീയ ഗ്രൂപ്പുകളില്‍ ഏറ്റവും വലുതാണ് മിയ മുസ്ലീങ്ങള്‍. ഇവര്‍ മാത്രം അസമിലെ വോട്ടര്‍മാരുടെ മൂന്നിലൊന്ന് ഭാഗം വരും

മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വംശീയ വിദ്വേഷവും വെറുപ്പും അസമില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചു ബിജെപിയിലേക്ക് ചേക്കേറിയ ഹിമന്ത ബിശ്വ ശര്‍മയെ 2015ല്‍ അസമില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റിയുടെ പാര്‍ട്ടി കണ്‍വീനറായി നിയമിച്ചു. 2016ല്‍ ആസാമില്‍ ബിജെപി ഭരണത്തില്‍ വരികയും ചെയ്തു.

ആ മന്ത്രി സഭയില്‍ ധനകാര്യം, ആരോഗ്യം & കുടുംബക്ഷേമം, വിദ്യാഭ്യാസം, ആസൂത്രണം & വികസനം, ടൂറിസം, പെന്‍ഷന്‍ & പൊതു പരാതികള്‍ തുടങ്ങിയ വകുപ്പുകള്‍ കൈകാരും ചെയ്തിരുന്ന ഹിമന്ത ബിശ്വ ശര്‍മ നിരന്തരമായ വൈരാഗ്യ ബുദ്ധിയോടെ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കെതിരെ വെറുപ്പ് ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങി. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് വിദേശികളെന്ന് പ്രഖ്യാപിച്ച് 27 പേരെ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്.

ഇന്ത്യന്‍ പൗരന്മാരാണെന്നതിനുള്ള എല്ലാ രേഖകളും മജിസ്‌ട്രേറ്റ് പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടും ഇവരെ ബാര്‍പേട്ട എസ്പിയുടെ നേതൃത്വത്തില്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റി. ഇവര്‍ അനധികൃത കുടിയേറ്റക്കാര്‍ ആണെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശര്‍മയുടെ സര്‍ക്കാര്‍ പറയുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനമാണ് അസം. 2011ലെ സര്‍ക്കാര്‍ സെന്‍സസ് പ്രകാരം 3.12 കോടി ജനങ്ങളുള്ള അസമിലെ 34.22 ശതമാനവും മുസ്ലിം ജനവിഭാഗമാണ്. മുസ്ലിം ജനസംഖ്യ ഗണ്യമായി വര്‍ദ്ധിക്കുന്നതുമൂലം സാമ്പത്തിക അസന്തുലിതത്വവും തൊഴിലവസരമില്ലാഴ്മയും രൂപപ്പെടുന്നുവെന്നും അതിലുപരിയായി മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായി അസം പില്‍ക്കാലത്ത് മാറുമെന്നുമാണ് ബിജെപി പ്രചരിപ്പിക്കുന്നത്.

അസമിലെ മുസ്‌ലിം ജനസംഖ്യ ഓരോ പത്ത് വര്‍ഷത്തിലും 30 ശതമാനം വര്‍ധിക്കുകയാണെന്നും 2041ഓടെ മുസ്‌ലിംകള്‍ സംസ്ഥാനത്ത് ഭൂരിപക്ഷമാകുമെന്നും ഹിമന്ത ബിശ്വ ശര്‍മവാര്‍ത്താ സമ്മേളനം വിളിച്ച് അടുത്തിടെ പറഞ്ഞിരുന്നു. അസമിലെ ജനസംഖ്യയുടെ 40 ശതമാനമായി മുസ്‌ലിംകള്‍ മാറിയെന്നും മുസ്‌ലിം സമുദായത്തിലെ ജനസംഖ്യ വളര്‍ച്ച കുറക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ഹിമന്ത ബിശ്വ ശര്‍മ Screengrab, Copyright: The Indian Express

സംസ്ഥാനത്തെ ജനസംഖ്യാനുപാതത്തില്‍ മാറ്റമുണ്ടാകുന്നത് ഗുരുതരമായ വിഷയമാണെന്നാണ് ഹിമന്ത ബിശ്വ ശര്‍മയുടെ വിലയിരുത്തല്‍. ‘1951-ല്‍ മുസ്ലീം ജനസംഖ്യ 12 ശതമാനമായിരുന്നു. പല ജില്ലകളും നഷ്ടമായി. ഇതെനിക്ക് രാഷ്ട്രീയ പ്രശ്നമല്ല, നിലനില്‍പ്പിന്റെ പ്രശ്നമാണ്’ എന്നാണ് ഹിമന്ത പറഞ്ഞത്.

മിയ മുസ്ലീങ്ങള്‍ എന്നറിയപ്പെടുന്ന വിഭാഗത്തെ ലക്ഷ്യമിട്ടാണ് പ്രധാനമായും മുഖ്യമന്ത്രിയുടെ വിദ്വേഷ നടപടികള്‍ ഉണ്ടാകുന്നത്. കൊളോണിയല്‍ കാലത്ത് ജനസംഖ്യ വളരെ കുറഞ്ഞ അസമില്‍ നിന്നും ബ്രിട്ടീഷുകാര്‍ക്ക് വലിയ വരുമാനമൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ബംഗ്ലാദേശിലുള്ളവരെ അസമിലേക്ക് കുടിയേറാനായി പ്രേരിപ്പിക്കുകയും ചെയ്തു. ബംഗാളി സംസാരിക്കുന്ന മുസ്ലീംങ്ങളാണ് ഇത്തരത്തില്‍ കുടിയേറിയവരില്‍ ഏറെയും. സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളാല്‍ പില്‍ക്കാലത്ത ഇവര്‍ അസമിലെ സ്ഥിര താമസക്കാരാവുകയും ചെയ്തു. ഇവരാണ് മിയ മുസ്ലിംങ്ങള്‍.

കുടിയേറ്റം ഏറെക്കാലം തുടരുകയും 1930 കളായപ്പോഴേക്കും അസം ജനസംഖ്യയില്‍ ഒരു വലിയ വിഭാഗം ഈ മുസ്ലീംകളാവുകയും ചെയ്തു. സ്വാതന്ത്ര്യത്തിനുശേഷം അസമിലെ മുസ്ലീം ജനസംഖ്യ വളരുകയും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേതിന് തുല്യമാവുകയും ചെയ്തു. ഇവരെ കുറിച്ചാണ് അസമിലെ നുഴഞ്ഞുകയറ്റക്കാര്‍ എന്ന് പറഞ്ഞ് ബിജെപി നുണ പ്രചാരണം നടത്തുന്നത്.

അസമിലെ നാല് പ്രധാന മുസ്ലീം വംശീയ ഗ്രൂപ്പുകളില്‍ ഏറ്റവും വലുതാണ് മിയ മുസ്ലീങ്ങള്‍. ഇവര്‍ മാത്രം അസമിലെ വോട്ടര്‍മാരുടെ മൂന്നിലൊന്ന് ഭാഗം വരും. കൂടാതെ മറ്റു തദേശിയരെന്നറിയപ്പെടുന്ന ദേശി, മാരിയ, ഗൗരിയ, തുടങ്ങിയ നൂറ്റാണ്ടുകള്‍ക്കു മുന്നേ ഇസ്ലാം സ്വീകരിച്ച മുസ്ലിം വിഭാഗങ്ങളേക്കാള്‍ താരതമ്യേന വിദ്യാഭ്യാസ പരമായും സാമൂഹിക പരമായും മികച്ചു നില്‍ക്കുന്നവരും ഇവരാണ്.

മാത്രമല്ല, കേരളത്തിലെ മുസ്ലിംകള്‍ അറബി മലയാളം ഭാഷയായി സ്വീകരിച്ചതു പോലെ ബംഗാളിയും ആസാമിയും കലര്‍ന്ന പ്രാദേശിക ഭാഷയുമുണ്ടവര്‍ക്ക്. നിരവധി കഥകളും കവിതകളും സാഹിത്യകൃതികളും ഈ ഭാഷയില്‍ അവര്‍ക്കിടയില്‍ രചിക്കപ്പെട്ടിട്ടുമുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും ആസാമീസ് ഭാഷ ഔദ്യോഗികമായി അംഗീകരിക്കുകയും കുട്ടികളെ അാമീസ് മീഡിയം സ്‌കൂളുകളിലേക്ക് അയയ്ക്കുകയും അസമീസ് സംസ്‌കാരത്തിന്റെ മുഖ്യധാരയില്‍ ലയിച്ചു ചേരുകയും ചെയ്തവരാണവര്‍. അതോടുകൂടെ തങ്ങള്‍ക്കു ആധിപത്യമുള്ള പ്രദേശങ്ങളില്‍ ഇന്നുവരെ ഒരു ബംഗാളി -മീഡിയം സ്‌കൂള്‍ പോലും അവര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുമില്ല.

തലമുറകളായി അസം സംസ്‌കാരത്തോടും സാമൂഹിക സാമ്പത്തിക രാഷ്ട്രീയ പാശ്ചാതലത്തോടും ഇഴ ചേര്‍ന്ന് ജീവിച്ചുപോരുന്ന മിയ മുസ്ലീങ്ങല്‍ക്കെതിരെ കിട്ടാവുന്ന സന്ദര്‍ഭങ്ങളില്‍ എല്ലാം ഹിമന്ത ബിശ്വ ശര്‍മ വിദ്വേഷ പരാമര്‍ഷം നടത്തും.

മിയ മുസ്‌ലിംകളുടെ കയ്യില്‍ നിന്നും മത്സ്യം വാങ്ങരുതെന്ന് ഹിമന്ത പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരുടെ മത്സ്യങ്ങളില്‍ വ്യക്ക രോഗത്തിന് കാരണമായേക്കാവുന്ന യൂറിയ അടങ്ങിയിട്ടുണ്ടെന്നാണ് ഹിമന്ത ആരോപിച്ചത്.

‘മിയ മുസ്‌ലിംകള്‍ മത്സ്യം ഉല്‍പാദിപ്പിക്കുന്നതിന് യൂറിയ വളം ഉപയോഗിക്കുന്നു. അവരുടെ കയ്യില്‍ നിന്നും മത്സ്യം വാങ്ങരുത്. അസമുകാര്‍ അപ്പര്‍ അസമില്‍ മത്സ്യം ഉത്പാദിപ്പിക്കേണ്ടതുണ്ട് എന്നാണ് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞത്.

അസമുകാരുടെ ഭക്ഷണത്തിലെ അവിഭാജ്യ ഘടകമാണ് മത്സ്യം. നാഗോണ്‍, മോറിഗാവ്, കച്ചാര്‍ എന്നിവയാണ് പ്രധാന മത്സ്യ ഉല്‍പാദന കേന്ദ്രങ്ങള്‍. സംസ്ഥാനത്തെ മത്സ്യ ബന്ധന വ്യവസായത്തില്‍ മുസ്‌ലിം വ്യവസായികള്‍ ഗണ്യമായ പങ്ക് വഹിക്കുന്നുമുണ്ട്.

നാഗോണില്‍ 14 കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ സംസ്ഥാന ക്രമസമാധാനനില ചര്‍ച്ച ചെയ്യുന്നതിനായി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ സംസാരിക്കുന്നതിനിടെ ‘മിയ മുസ്ലിംകളെ സംസ്ഥാനം പിടിച്ചടക്കാന്‍ അനുവദിക്കില്ല’ എന്നാണ് ഹിമന്ത പ്രസ്താവിച്ചത്.

മുസ്ലീങ്ങളെ അസമില്‍ നിന്നും പുറത്താക്കുന്നതിന്റെ ആദ്യ നടപടി എന്നോണം ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് ഹിമന്ത് ബിശ്വ ശര്‍മ പ്രഖ്യാപിച്ചിട്ടുണ്ട്. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായി മുസ്ലിം വിവാഹ, വിവാഹമോചന രജിസ്ട്രേഷന്‍ നിയമം അസം മന്ത്രിസഭ റദ്ദാക്കിയിരുന്നു. 1935ല്‍ നിലവില്‍ വന്ന 89 വര്‍ഷം പഴക്കമുള്ള നിയമമാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ അധ്യക്ഷതയില്‍ റദ്ദാക്കിയത്.

അസമിലെ മിയ മുസ്ലീങ്ങള്‍ Screengrab, Copyright: Maktoob

സംസ്ഥാനത്തെ മുസ്‌ലിം വിവാഹങ്ങളും വിവാഹമോചനങ്ങളും സര്‍ക്കാറിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കുന്ന ബില്ലാണ് (അസം കംപല്‍സറി രജിസ്‌ട്രേഷന്‍ ഓഫ് മുസ്‌ലിം മാര്യേജസ് ആന്‍ഡ് ഡിവോഴ്‌സസ് ബില്‍) പ്രതിപക്ഷ എതിര്‍പ്പിനിടെ സര്‍ക്കാര്‍ പാസാക്കിയത്.

18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം തടയുക, വിവാഹത്തില്‍ ഇരുകക്ഷികളുടെയും സമ്മതം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നിയമം കൊണ്ടുവരുന്നതെന്നാണ് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ നിയമസഭയില്‍ പറഞ്ഞത്.

സംസ്ഥാനത്ത് ഇക്കഴിഞ്ഞ വര്‍ഷം മാത്രം ബാലവിവാഹത്തിന്റെ പേരില്‍ 4000ലധികം കേസെടുത്തുവെന്നും ഇത്തരം പ്രവണതകള്‍ തടയുന്ന കര്‍ശനനടപടിയുടെ ഭാഗമാണിതെന്നും അദ്ദേഹം വിശദീകരിച്ചു. കേള്‍ക്കുമ്പോള്‍, പുരോഗമനപരമെന്ന് തോന്നാമെങ്കിലും, അതില്‍ പതുങ്ങിയിരിക്കുന്ന അപകടങ്ങള്‍ അത്ര ചെറുതല്ല.

1935ലെ അസം മുസ്‌ലിം വിവാഹ, വിവാഹമോചന രജിസ്‌ട്രേഷന്‍ നിയമം റദ്ദാക്കിയാണ് സര്‍ക്കാര്‍ പുതിയ ബില്‍ കൊണ്ടുവന്നിരിക്കുന്നത്. പഴയ നിയമം അനുസരിച്ചുതന്നെ, നിലവില്‍ സംസ്ഥാനത്തെ മുസ്‌ലിംകള്‍ക്ക് വിവാഹവും വിവാഹമോചനവും രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണ്. അതുപക്ഷേ, നിര്‍ദിഷ്ട ഖാദിമാര്‍ മുഖേനയാണെന്നു മാത്രം. 1935ല്‍, നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായിരുന്നില്ല.

2008ല്‍, നിയമത്തില്‍ ഭേദഗതികൊണ്ടുവന്നു. ഇത്തരത്തില്‍, വിവാഹ പ്രായം നിജപ്പെടുത്തല്‍, വിവാഹ മോചിതകളുടെ ജീവനാംശം സംബന്ധിച്ച് വ്യക്തത വരുത്തല്‍ തുടങ്ങി പഴയ നിയമത്തില്‍ തന്നെ ഇനിയും ഭേദഗതി ആകാമെന്നിരിക്കെ, അതെല്ലാം പാടെ തള്ളി ‘പ്രത്യേക വിവാഹ നിയമ’ത്തിന്റെ മാതൃകയില്‍ പുതിയൊരു നിയമം കൊണ്ടു വരുമ്പോള്‍ ഉദ്ദേശ്യം വ്യക്തമാണ്.

മുസ്‌ലിം വ്യക്തി നിയമം പ്രായോഗികമായും സൗകര്യപ്രദമായും നടപ്പാക്കാനായി ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ട ഖാദിമാരുടെയും സമുദായ നേതൃത്വത്തിന്റെയും കര്‍തൃത്വം റദ്ദ് ചെയ്യുന്നതാണ് പുതിയ നിയമ നിര്‍മാണം.

ശൈശവ വിവാഹം തടയുന്നു എന്ന പേരില്‍ നിരവധി മുസ്ലീംകളെ ഹിമന്തയുടെ സര്‍ക്കാര്‍ തടവിലാക്കി. അറസ്റ്റിലായവരില്‍ വരന്‍മാരും ബന്ധുക്കളും വിവാഹത്തിന് നേതൃത്വം നല്‍കിയ പുരോഹിതരും ഉള്‍പ്പെടുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കേസുകള്‍ തപ്പിയെടുത്തും ഭര്‍ത്താക്കന്മാരെ വേട്ടയാടുന്നുണ്ട്. അറസ്റ്റ് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ജയിലില്‍ സ്ഥലമില്ലാത്തത് മൂലം താത്കാലിക ജയില്‍ സജ്ജീകരിക്കുകയും ചെയ്തു.

ഇതിനുപുറമെ, വെള്ളിയാഴ്ചകളില്‍ ജുമുഅ നമസ്‌കാരത്തിനായി അസം നിയമസഭയില്‍ അനുവദിച്ചിരുന്ന ഇടവേള ഈയിടെ മുഖ്യമന്ത്രി അവസാനിപ്പിച്ചിരുന്നു. ബ്രിട്ടീഷ്‌കാലം മുതല്‍ നിലവിലുണ്ടായിരുന്ന ഇടവേളയാണ് ഹിമന്ത ബിശ്വ ശര്‍മ സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. ഇനി മുതല്‍ ജുമുഅ നമസ്‌കാരത്തിനായി മുസ്‌ലിം എംഎല്‍എമാര്‍ക്ക് പ്രത്യേക ഇടവേളയുണ്ടാവില്ലെന്ന് അസം സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.

വികസനത്തിന്റെയും തീവ്രവാദത്തിന്റെയും പേരുപറഞ്ഞ് നിരവധി മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പൂട്ടിട്ടു. സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് നല്‍കിയിരുന്ന 700ലേറെ മദ്രസകള്‍ ഹിമന്ത ബിശ്വ ശര്‍മ പൂട്ടിച്ചു. വിദ്യാഭ്യാസ സ്ഥാപനമായിട്ടല്ല, തീവ്രവാദത്തിന്റെ ഹബ്ബായാണ് ഈ മദ്രസകള്‍ പ്രവര്‍ത്തിക്കുന്നതെന്നന്നു ഹിമന്ത ബിശ്വ ശര്‍മ ആരോപിക്കുന്നത്.

ഇമാമുകളെന്ന വ്യാജേന ജിഹാദികള്‍ നുഴഞ്ഞുകയറുകയാണെന്നും അസമിന് പുറത്തുനിന്ന് വരുന്ന ഇമാമുമാര്‍ പൊലീസിനെ അറിയിക്കണമെന്നും ഗവ. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഉത്തരവിറക്കുകയും ചെയ്തു. കൂടാതെ കെട്ടിടങ്ങള്‍ സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി മദ്രസകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തു.

തീര്‍ന്നില്ല, തനിക്ക് മുസ്ലീം വോട്ടുകള്‍ വേണ്ടെന്നും ഹിമന്ത ബിശ്വ ശര്‍മ പ്രഖ്യാപിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയം കൊണ്ട് ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും അതിനാല്‍ അത്തരത്തിലുള്ള രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുന്നില്ലെന്നും പറഞ്ഞാണ് മുസ്ലീം വോട്ടുകള്‍ വേണ്ടെന്നു പ്രഖ്യാപിച്ചത്. 2016 ലെയും 2020 ലെയും തെരഞ്ഞെടുപ്പ് വോട്ടിന് വേണ്ടിയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് വേണ്ടിയും മുസ്ലിം പ്രദേശത്തേയ്ക്ക് പോയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെടുകയും ചെയ്തു.

അസമില്‍ ഭൂമി കയ്യേറ്റക്കാര്‍ ആണെന്ന് പറഞ്ഞ് ഇന്നും പല ഭാഗങ്ങളില്‍ നിന്നും മുസ്ലീങ്ങളുടെ വീടുകള്‍ തകര്‍ത്ത ്കൊണ്ടിരിക്കുന്നുണ്ട്. 2018 ഫെബ്രുവരി 22 ന് സൈനിക മേധാവി ആയിരുന്ന ജനറല്‍ ബിപിന്‍ റാവത്ത് ഡല്‍ഹിയിലെ ഒരു സെമിനാറില്‍ മാധ്യമങ്ങള്‍ക്കു മുമ്പാകെ പരസ്യമായി പ്രഖ്യപിച്ച കാര്യങ്ങളും കൂടി ഇതിനോട് കൂട്ടി വായിക്കുമ്പോള്‍ ഭൂമി കയ്യേറിയവരെ കുടിയൊഴിപ്പിക്കുന്ന സാധാരണ സംഭവമായി ഈ നടപടിയെ കാണാന്‍ കഴിയില്ല.

ബിപിന്‍ റാവത്ത് Screengrab, Copyright: India TV News

‘അസമിലെ വിവിധ ജില്ലകളില്‍ മുസ്ലിം ജനസംഖ്യ വര്‍ധിച്ചുവരുന്നത് ആശങ്കയോടെ കാണണം, മേഖലയിലെ മുസ്ലിം ഭൂരിപക്ഷ ജില്ലകള്‍ ആദ്യം അഞ്ചായിരുന്നെങ്കില്‍ ശേഷമത് എട്ടും ഒമ്പതും ആയിരിക്കുന്നു. ഏത് സര്‍ക്കാര്‍ ഭരിച്ചാലും ഇതുതന്നെയാണ് അവസ്ഥ. ബദ്രുദ്ദീന്‍ അജ്മല്‍ എന്നയാള്‍ നയിക്കുന്ന എഐയുഡിഎഫ് എന്നൊരു പാര്‍ട്ടിയുണ്ട്. അവരുടെ വളര്‍ച്ച ശ്രദ്ധിച്ചാല്‍ അറിയാം, ബിജെപി വര്‍ഷങ്ങളെടുത്ത് വളര്‍ന്നതിനേക്കാള്‍ വേഗത്തിലാണ് അതിന്റെ വളര്‍ച്ച. 1984 ല്‍ ബിജെപിക്ക് രണ്ട് സീറ്റ് മാത്രമാണ് ലഭിച്ചത് എന്നാല്‍ 2005 ല്‍ രൂപികരിക്കപ്പെട്ട (ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന് നിയമസഭയില്‍ നിലവില്‍ പതിമൂന്ന് അംഗങ്ങളും പാര്‍ലിമെന്റില്‍ മൂന്ന് അംഗങ്ങളുമുണ്ട്. പാക്കിസ്ഥാന്‍ ചൈനയുടെ പിന്തുണയോടെ നടത്തുന്ന നിഴല്‍ യുദ്ധമാണിത് അതിനാല്‍ ശക്തമായ നടപടികള്‍ കേന്ദ്രം കൈകൊള്ളും’ എന്നാണ് ബിപിന്‍ റാവത്ത് പറഞ്ഞത്.

ഈ വിവാദ പരാമര്‍ഷത്തിനു ശേഷമായിരുന്നു പൗരത്വ നിയമം പാസാക്കിയതും അസമില്‍ നിരവധി പേരെ തദ്ദേശീയര്‍ അല്ലെന്ന് വിധിച്ച് ഡിറ്റന്‍ഷന്‍ ക്യാമ്പുകാലിലേയ്ക്ക് തള്ളിയതും. ധോല്‍പൂരില്‍ ഏകദേശം എണ്ണൂറോളം കുടുംബങ്ങളെയാണ് കയ്യേറ്റക്കാര്‍ എന്ന് പറഞ്ഞ് നിര്‍ബന്ധിതമായി ഒഴിപ്പിച്ചത്. കൂടാതെ അനവധി ആരാധനാലയങ്ങള്‍ നിര്‍ദാക്ഷിണ്യം തകര്‍ത്തുകളയുകയും ചെയ്തു. മാത്രമല്ല മനുഷ്യത്വ രഹിതമായ ഇത്തരം നടപടിയുമായി സര്‍ക്കാര്‍ ശക്തമായി മുന്നോട്ട് തന്നെ പോകുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കുകയും ചെയ്തിരുന്നു.

FAQs

ആരാണ് മിയ മുസ്ലീങ്ങള്‍?

ഇരുപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്‍റെ കാലഘട്ടത്തില്‍ അസമിലേയ്ക്ക് ബംഗാള്‍ പ്രവിശ്യയില്‍ നിന്നും കൊണ്ടുവന്നവരാണ് മിയ മുസ്ലീങ്ങള്‍. ബ്രഹ്മപുത്ര താഴ്‌വരയിലാണ് ഇവര്‍ താമസമാക്കിയത്.

ആരാണ് ഹിമന്ത ബിശ്വ ശർമ?

അസമിന്‍റെ 15-ാമത്തെയും നിലവിലെ മുഖ്യമന്ത്രിയുമാണ് ഹിമന്ത ബിശ്വ ശർമ. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ മുൻ അംഗമായ ശർമ്മ 2015 ഓഗസ്റ്റ് 23ന് ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. 1996 മുതൽ 2001 വരെ ഗുവാഹത്തി ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്നു.

എന്താണ് കുടിയേറ്റം?

വികസിതങ്ങളായ സ്ഥലങ്ങളിൽ നിന്നും അവികസിതങ്ങളായ സ്ഥലങ്ങളിലേക്ക് ജനതകളുടെ സംഘടിതമോ അസംഘടിതമോ ആയ ചേക്കേറലാണു കുടിയേറ്റം എന്നറിയപ്പെടുന്നത്. വളരെ പ്രാചീന കാലം മുതലേ ഉള്ളൊരു പ്രതിഭാസമാണിത്.

Quotes

“പരസ്പരം മക്കളെ കൊന്നുകൊണ്ട് എങ്ങനെ സമാധാനത്തോടെ ഒരുമിച്ച് ജീവിക്കാമെന്ന് ഞങ്ങൾ പഠിക്കില്ല- ജിമ്മി കാർട്ടർ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.