Tue. Oct 8th, 2024

കേരള വാട്ടര്‍ അതോറിറ്റിയുടെ റവന്യു വരുമാനത്തിന്റെ 35 ശതമാനം സംഭാവന ചെയ്യുന്ന കൊച്ചി കോര്‍പ്പറേഷനിലെ കുടിവെള്ള വിപുലീകരണവും വിതരണവും സ്വകാര്യവല്‍ക്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ലത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ് കൊച്ചിയെങ്കിലും മഴക്കാലത്ത് പോലും കുടിവെള്ളം കിട്ടാത്ത സാഹചര്യമാണ്. സര്‍ക്കാറിന്റെ കണക്കുകള്‍ പ്രകാരം ജില്ലയുടെ 45 ശതമാനം പ്രദേശങ്ങളില്‍ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. നഗരഗ്രാമ വ്യത്യാസമില്ലാതെ ആളുകള്‍ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ പശ്ചാത്തലത്തില്‍ കേരള ജല അതോറിറ്റിയെ സ്വകാര്യവല്‍ക്കരിച്ചാല്‍ എന്തായിരിക്കും അവസ്ഥ. എന്നാല്‍ അത്തരം ഒരു നീക്കത്തിലാണ് കേരള സര്‍ക്കാര്‍.

സംസ്ഥാന ജലവിഭവ വകുപ്പിന് കീഴിലുള്ള കേരള വാട്ടര്‍ അതോറിറ്റിയുടെ റവന്യു വരുമാനത്തിന്റെ 35 ശതമാനം സംഭാവന ചെയ്യുന്ന കൊച്ചി കോര്‍പ്പറേഷനിലെ കുടിവെള്ള വിപുലീകരണവും വിതരണവും സ്വകാര്യവല്‍ക്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനുവേണ്ടി ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കില്‍ (എഡിബി) നിന്നും 2511 കോടി രൂപ കടമെടുത്തു എന്നാണ് റിപ്പോര്‍ട്ട്.

കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ കുടിവെള്ള വിതരണം കൂടുതല്‍ കാര്യക്ഷമമാക്കാനും എല്ലാ സമയവും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനുമായാണ് എഡിബി ധനസഹായത്തോടെ പദ്ധതി നടപ്പാക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. ഇതിനായി എഡിബി നിശ്ചയിച്ച ബഹുരാഷ്ട്ര സ്വകാര്യ കണ്‍സള്‍ട്ടന്‍സി പദ്ധതി പ്രദേശത്ത് പഠനം നടത്തിയിരുന്നു.

കുടിവെള്ളം വിതരണ ശൃംഗലയില്‍ 51 ശതമാനം ചോര്‍ച്ചയുണ്ടെന്നാണ് സ്ഥാപനം കണ്ടെത്തിയത്. എന്നാല്‍, ജലനഷ്ടം സംബന്ധിച്ച കണക്ക് വസ്തുതാപരമല്ലെന്ന് ജല അതോറിറ്റി യൂണിയനുകള്‍ ആരോപിക്കുന്നു. കണ്‍സള്‍ട്ടന്‍സി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പദ്ധതി രേഖയാണ് ടെണ്ടറിംഗിനായി പരിഗണിക്കുന്നത്. ലോകോത്തര നിലവാരമുള്ള വാസ്‌കോണ്‍ (WASCON) എന്ന കണ്‍സള്‍ട്ടന്‍സി വാട്ടര്‍ അതോറിറ്റിക്ക് സ്വന്തമായി ഉള്ളപ്പോഴാണ് ഇത്.

കൊച്ചി നഗരം Screengrab, Copyright: The Hindu

ജലവിതരണത്തിന്റേയും മലിനജല ശേഖരണത്തിന്റേയും സംസ്‌കരണത്തിന്റേയും വികസനത്തിനും നിയന്ത്രണത്തിനും വേണ്ടി 1984ലെ കേരള വാട്ടര്‍ ആന്‍ഡ് വേസ്റ്റ് വാട്ടര്‍ ഓര്‍ഡിനന്‍സ് പ്രകാരം 1984 ഏപ്രില്‍ ഒന്നിനാണ് കേരള വാട്ടര്‍ അതോറിറ്റി സ്ഥാപിതമാകുന്നത്. യഥാര്‍ത്ഥത്തില്‍ ജലമേഖലയുടെ സ്വകാര്യവല്‍ക്കരണം ലക്ഷ്യമിട്ടായിരുന്നു ലോകബാങ്കിന്റെ സഹായത്തോടെ ഇങ്ങനെ ഒരു അതോറിറ്റി രൂപീകരിച്ചത്. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ വാട്ടര്‍ അതോറിറ്റിയെ പൊതുമേഖലയില്‍ നിലനിര്‍ത്തുകയായിരുന്നു.

2003ല്‍ എകെ ആന്റണി സര്‍ക്കാര്‍ കൊച്ചിയില്‍ ആഗോള നിക്ഷേപ സംഗമം സംഘടിപ്പിച്ച് പെരിയാറും മലമ്പുഴയുമൊക്കെ വില്‍പ്പനയ്ക്ക് വെച്ചപ്പോള്‍ അതിനെ ചെറുത്തുതോല്‍പ്പിച്ചത് ഇടതുപക്ഷവും യൂണിയനുകളും നേതൃത്വം നല്‍കിയ സമരങ്ങളിലൂടെയാണ്. പിന്നീട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 51 ശതമാനം സ്വകാര്യ മൂലധനത്തോട് കൂടിയ കേരള ഡ്രിങ്കിംഗ് വാട്ടര്‍ സപ്ലൈ കോ. ലിമിറ്റഡ് രൂപീകരിക്കാന്‍ നടത്തിയ ശ്രമവും ജീവനക്കാരും ജനങ്ങളും ചേര്‍ന്നു പരാജയപ്പെടുത്തി. ജലവിതരണം സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ വലതുപക്ഷ സര്‍ക്കാരിന്റെ കാലത്തെന്നപോലെ ഇടതു മുന്നണി സര്‍ക്കാരിന്റെ ഭരണത്തിലും ഇപ്പോള്‍ സജീവമായിരിക്കുകയാണ്.

രണ്ടുതരത്തിലാണ് ജല അതോറിറ്റിക്ക് വരുമാനം ലഭിക്കുന്നത്. റവന്യൂ വരുമാനത്തിനു പുറമേ നോണ്‍ പ്ലാന്‍ ഗ്രാന്റും. ഇവ രണ്ടിനേയും ആശ്രയിച്ചാണ് ജീവനക്കാരുടെ ശമ്പള വിതരണം വരെ. പ്രധാന വരുമാന സ്രോതസ്സുകള്‍ അടയുന്നതോടെ അതോറിറ്റിയുടെ നടത്തിപ്പ് അവതാളത്തിലാകും. കെഎസ്ആര്‍ടിസിയില്‍ സ്വിഫ്റ്റ് ബസ് സര്‍വ്വീസുകള്‍ ലാഭകരമായ റൂട്ടില്‍ ഓടിക്കുന്നതുപോലെ, മികച്ച റവന്യൂ വരുമാനം നല്‍കുന്ന കൊച്ചി കോര്‍പറേഷനെ വാട്ടര്‍ അതോറിറ്റിയില്‍നിന്നും എടുത്തുമാറ്റി സ്വകാര്യ കമ്പനിയെ 10 കാര്‍ഷത്തെയ്ക്ക് ഏല്‍പ്പിക്കാനുള്ള തീരുമാനം ആത്മഹത്യാപരമാണ്. മറ്റൊന്ന് ജീവനക്കാരുടെ പുനര്‍വിന്യാസമാണ്. പദ്ധതി നടപ്പാക്കുന്നതോടെ സ്വകാര്യ കമ്പനി നിയോഗിക്കുന്ന ജീവനക്കാരായിരിക്കും അവിടെ ഉണ്ടാകുക. 295 ജീവനക്കാരെയാണ് ഇവിടെ നിന്നും മാറ്റുക. പകരം ജീവനക്കാരെ കമ്പനിയുടെ സ്വന്തം ഇഷ്ടപ്രകാരം നിയോഗിക്കും.

കൊച്ചി കോര്‍പറേഷനില്‍ തേവര, പാലാരിവട്ടം മേഖലകളില്‍ 24 മണിക്കൂറും ഇപ്പോള്‍ തന്നെ വാട്ടര്‍ അതോറിറ്റി ജലവിതരണം നടത്തുന്നുണ്ട്. ഇത് ഏകദേശം 35 ശതമാനം വരും. ബാക്കിവരുന്ന 65 ശതമാനം മേഖലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ അമൃത്-2 പദ്ധതി പ്രകാരം പൈപ്പ് ലൈന്‍ നീട്ടലും കണക്ഷനുകളും നല്‍കിയിട്ടുണ്ട്. എഡിബി പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നതാവട്ടെ കൊച്ചി കോര്‍പറേഷനിലെ 743 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ മാറ്റുവാനാണ്. ഇത് അനാവശ്യവും അപ്രായോഗികവുമായ പദ്ധതി നിര്‍ദേശമാണ്.

ജല്‍ജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40,000 കോടി രൂപയുടെ പദ്ധതികള്‍ ഗ്രാമീണ മേഖലയിലും ഏകദേശം 1,500 കോടി രൂപയുടെ പദ്ധതികള്‍ നഗരമേഖലയിലും ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്ന വാട്ടര്‍ അതോറിറ്റിക്ക് കേവലം 2511 കോടി രൂപയുടെ കോര്‍പറേഷനുകളിലെ ജലവിതരണ സേവന വിപുലീകരണ പദ്ധതി നല്‍കാതെ സ്വകാര്യ കമ്പനിക്കു നല്‍കുന്നത് ദുരൂഹമാണെന്ന് വിവിധ യൂണിയനുകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കൊച്ചിയില്‍തന്നെ ഒരു ഡിവിഷന്‍ ഓഫിസും നാലു സബ് ഡിവിഷന്‍ ഓഫിസുകളും ഒന്‍പതു സെക്ഷന്‍ ഓഫിസും ഉള്‍പ്പെടെ ബൃഹത്തായ ഒരു ഓഫീസ് ശൃംഖലയും വലിയ പ്രവൃത്തിപരിചയവുമുള്ള വാട്ടര്‍ അതോറിറ്റിക്ക് ഇപ്പോള്‍ പദ്ധതി റിപ്പോര്‍ട്ടില്‍ പറഞ്ഞതിലും കുറഞ്ഞ തുക വിനിയോഗിച്ച് 24×7 ജലവിതരണം നടത്താന്‍ സാധിക്കും. കൊച്ചി കോര്‍പറേഷനില്‍ ജല അഥോറിറ്റി കുടിവെള്ള വിതരണത്തിന് സജ്ജമാക്കിയിട്ടുള്ള പശ്ചാത്തല സൗകര്യങ്ങളാണ് എഡിബിയില്‍നിന്നും പണം ലഭിക്കുന്നതിനുള്ള ഉപാധിയെന്ന നിലയില്‍ സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചിരിക്കുന്നത്.

‘കുടിവെള്ളം എന്നത് മൗലികാവകാശമാണ്. അത് ഏറ്റവും വലിയ വില്‍പ്പന ചരക്കായി ഇന്ന് മാറിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ കുത്തകകള്‍ കുടിവെള്ള കച്ചവടങ്ങളില്‍ കേന്ദ്രീകരിച്ചിട്ടുണ്ട്. നേരത്തേ രാജ്യങ്ങള്‍ ഐഎംഎഫ്, ലോകബാങ്ക് എന്നിവയുമായി കരാര്‍ ഒപ്പിടുന്നത് ഇന്ന് സംസ്ഥാനങ്ങള്‍ കരാറില്‍ ഏര്‍പ്പെടുന്ന അവസ്ഥ വന്നു, കോര്‍പറേഷനുകളും ഇത്തരം കരാറുകളില്‍ ഏര്‍പ്പെടുന്നുണ്ട്. ഈ കരാറുകളുടെ ഒക്കെ മൗലികമായ കാര്യം, നമ്മുക്ക് കടം തരുന്നു, കടം തിരിച്ചടക്കുന്നു എന്നതിലുപരി അവര്‍ക്കാവശ്യം നയപരമായ തീരുമാനങ്ങളെ അവര്‍ക്ക് നിര്‍ണയിക്കാന്‍ കഴിയുന്നു എന്നതാണ്.

എം കെ ദാസന്‍ Screengrab, Copyright: Facebook

ആഗോള മൂലധന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന സ്ഥാപനങ്ങളാണ് ഐഎംഎഫും ലോകബാങ്കും. അവര്‍ തരുന്ന കടം ഘടനാപരമായ ക്രമീകരണത്തിനും നയപരമായ മാറ്റത്തിനും വേണ്ടിയാണ്. ഇത്തരത്തില്‍ എല്ലാ മേഖലയെയും സ്വകാര്യ വല്‍ക്കരിക്കുകയാണ് അവരുടെ ലക്ഷ്യം. ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും ഭാഗമാണ് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കും.’, രാഷ്ട്രീയ, പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന എംകെ ദാസന്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

‘കേരളത്തിലെ കുടിവെള്ള മേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ 1990 കളില്‍ ആരംഭിച്ചതാണ്. 2003ലെ യുഡിഎഫ് സര്‍ക്കാര്‍ മലമ്പുഴ ഡാമിലെ വെള്ളം, എനമാവ് ഡാമിലെ വെള്ളം, പെരിയാറ് എന്നിവയൊക്കെ വില്‍പ്പനയ്ക്ക് വെച്ചിരുന്നു. അതിനെതിരായി വലിയ സമരം രൂപപ്പെടുകയും പദ്ധതികള്‍ ഉപേക്ഷിക്കുകയും ചെയ്തു.

ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കില്‍ നിന്നും 2511 കോടി കടം എടുത്തതുമായി ബന്ധപ്പെട്ട ഉപാധിയുടെ ഭാഗമായാണ് കൊച്ചിന്‍ കോര്‍പറേഷനിലെ കുടിവെള്ള വിതരണം സീയുസ് എന്ന് പറയുന്ന ഫ്രഞ്ച് കമ്പനിയെ ഏല്‍പ്പിക്കാന്‍ തീരുമാനം എടുത്തത്. സ്വകാര്യവല്‍ക്കരണം ഞങ്ങളുടെ ലക്ഷ്യമല്ല എന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പലപ്പോഴും നിയമസഭയില്‍ പറയുന്നുണ്ട്. എല്ലാ പ്രവര്‍ത്തങ്ങളും വാട്ടര്‍ അതോറിറ്റി തന്നെയാണ് നിര്‍വഹിക്കുന്നത് എന്ന് പറഞ്ഞിട്ടുണ്ട്. അതായത്, വാട്ടര്‍ അതോറിറ്റിയെ അവരുടെ നടത്തിപ്പ് സ്ഥാപനമായി മാറ്റിക്കൊണ്ട് കുടിവെള്ളത്തിന്റെ ഉല്‍പ്പാദനം, വിതരണം, പരിപാലനം ഈ രംഗത്തെ പത്തു വര്‍ഷത്തേയ്ക്ക് ലീസിന് സീയുസ് കമ്പനിയ്ക്ക് കൊടുക്കുക എന്നതാണ് കരാര്‍. കരാറിന്റെ അന്തിമ ഘട്ടത്തിലേയ്ക്കാണ കാര്യങ്ങള്‍ നീങ്ങികൊണ്ടിരിക്കുന്നത്.

സ്വകാര്യവല്‍ക്കരണം നടക്കുന്നതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന പല ഇളവുകളും ലഭിക്കില്ല. ലാഭത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും വെള്ളത്തിന്റെ വില നിശ്ചയിക്കുക. അങ്ങനെ വരുമ്പോള്‍ ഇന്ന് നമ്മള്‍ കൊടുക്കുന്ന വിലയുടെ പതിന്മടങ്ങ് കൊടുക്കേണ്ടി വരും. ഇപ്പോള്‍ തന്നെ കോര്‍പറേഷന്റെ കുടിവെള്ള വിതരണത്തിന് 30 വര്‍ഷത്തെ പഴക്കമുണ്ടെന്ന് പറഞ്ഞ് തുക വര്‍ധിപ്പിക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ട്. ഇത്തരത്തില്‍ വന്‍ തോതില്‍ കുടിവെള്ളത്തിന് വില വര്‍ധിക്കും. കൂടാതെ പെരിയാറിലെയും മറ്റു ജല സ്രോതസ്സുക്കളിലെയും ജല സമ്പത്ത് അവരുടെ നിയന്ത്രണത്തിലേയ്ക്ക് വരും. അങ്ങനെ വന്നാല്‍ പെരിയാര്‍ പുഴ മറ്റു ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കരുത് എന്ന തടസ്സം ഉന്നയിക്കുന്നതിലേയ്ക്ക് വരും. അത് ഇന്ത്യയില്‍ അനുഭവത്തിലുള്ള കാര്യമാണ്.

ചത്തീസ്ഗഢില്‍ ശിവദം നദിയില്‍ തൊഴിലാളികള്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയപ്പോഴാണ് അജിത് ജോഗിയുടെ സര്‍ക്കാര്‍ നദി വിറ്റ കാര്യം തൊഴിലാളികള്‍ അറിയുന്നത്. അപ്പോള്‍ പെരിയാര്‍ നദിയുടെ ഗതിയും ഇതുപോലെ ആകും. ഉല്‍പ്പാദനം, വിതരണം, ലാഭത്തിന്റെ വിഹിതം എന്നിവയൊക്കെ കണക്കാക്കി ആയിരിക്കും വെള്ളത്തിന്റെ വില നിശ്ചയിക്കുക. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ല്‍ പറയുന്നത് ജനങ്ങള്‍ക്ക് കുടിവെള്ളത്തിനുള്ള അവകാശം നടപ്പാക്കേണ്ടത് ഭരണകൂടങ്ങളുടെ ഉത്തരവാദിത്തമാണെന്നാണ്. എന്നാല്‍ സ്വകാര്യവല്‍ക്കരണം വരുന്നതോടെ പൈസ ഉള്ളവര്‍ക്ക് വെള്ളം വാങ്ങി കുടിക്കാം എന്ന അവസ്ഥയിലേയ്ക്ക് എത്തും.

ഇപ്പോള്‍ തന്നെ ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 20 രൂപയാണ്. ഒരു കിലോ അരി വേവിച്ചെടുക്കാന്‍ വേണ്ടി അതിനേക്കാള്‍ വലിയ തുകയ്ക്ക് വെള്ളം വാങ്ങിക്കേണ്ട അവസ്ഥ ഉണ്ടാകും. മാത്രമല്ല, കിണറുകള്‍ക്ക് സെസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം ഇടക്ക് വന്നിരുന്നു. കിണറ് കുഴിക്കണം എങ്കില്‍ സെസ് കൊടുക്കണം എന്നാണ് അന്ന് പറഞ്ഞത്. ഇതൊക്കെ ഇനി നടപ്പായി തുടങ്ങും. പദ്ധതി എറണാകുളത്ത് വിജയിച്ചാല്‍ തിരുവനന്തപുരം കോര്‍പറേഷനിലെയ്ക്കും കേരളത്തിലെ എല്ലാ കോര്‍പറേഷനിലെയ്ക്കും വ്യാപിപ്പിക്കാനുള്ള നീക്കങ്ങളാണ് സര്‍ക്കാരിന്റേത്. കമ്പനി ടെണ്ടര്‍ നടപടികളിലെയ്ക്ക് കടക്കുന്ന സ്റ്റേജില്‍ എത്തി എന്നാണ് അറിയാന്‍ കഴിഞ്ഞത്.’, എംകെ ദാസന്‍ പറയുന്നു.

പെരിയാര്‍ നദി Screengrab, Copyright: EPS

‘കേരള വാട്ടര്‍ സര്‍വീസസ് ഇപ്രൂവ്‌മെന്റ് പ്രോജക്റ്റ് എന്ന പേരില്‍ കൊച്ചി നഗരത്തിലെ കുടിവെള്ള വിതരണം സൂയിസ് എന്ന ബഹുരാഷ്ട്ര കമ്പനിയ്ക്ക് 10 വര്‍ഷത്തേയ്ക്ക് പാട്ടത്തിനു കൊടുക്കാനുള്ള നീക്കമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. നയപരമായ തീരുമാനങ്ങള്‍ എല്ലാം എടുത്തു എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. ശുദ്ധ ജലം ഉപയോഗിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നമ്മുക്ക് നല്‍കുന്നുണ്ട്. ഇത്തരം അവകാശങ്ങളെ തീര്‍ത്തും നിരാകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ വലിയൊരു ചതി ചെയ്യുന്നത്.

കുടിവെള്ളം സ്വകാര്യവല്‍ക്കരിക്കുന്നതോടെ വില വര്‍ധനവ് ഉണ്ടാകും. ഇന്ന് കൊടുക്കുന്ന പൈസയേക്കാളും മൂന്നോ നാലോ ഇരട്ടി പണം കൊടുക്കേണ്ടി വരും. കുടിവെള്ളം മനുഷ്യന്റെ ജന്മാവകാശമാണ്. മുമ്പൊരിക്കല്‍ നമ്മുടെ ഒരു നദിയെ സ്വകാര്യവല്‍ക്കരിക്കാനും അതില്‍നിന്നും വെള്ളം എടുത്ത് വിപണനം നടത്താനും സംസ്ഥാന സര്‍ക്കാര്‍ തന്നെ തീരുമാനം എടുത്തിരുന്നു. അതിനെതിരെ ബഹുജന പ്രക്ഷോഭം ഉണ്ടായതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ആ പദ്ധതിയില്‍ നിന്നും പിന്മാറുകയാനുണ്ടായത്. അതുപോലെയുള്ള ഒരു നീക്കമാണ് കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ സര്‍ക്കാര്‍ നടത്തുന്നത്. നാളെ അത് കോഴിക്കോട് മുന്‍സിപ്പാപിറ്റിയിലും തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലും നടപ്പാക്കപ്പെടും. അതുകഴിഞ്ഞ് സംസ്ഥാനത്തുടനീളം വെള്ളം സ്വകാര്യവല്‍ക്കരിക്കപ്പെടാന്‍ സാധ്യതയുണ്ട്.’, പരിസ്ഥിതി, സാമൂഹ്യ പ്രവര്‍ത്തകന്‍ രാജന്‍ ടിവി പറഞ്ഞു.

‘കേവലം എഡിബി വായ്പ ലഭ്യമാക്കുക എന്ന ലക്ഷ്യം വെച്ചാണ് കേരള സര്‍ക്കാര്‍ വെള്ളം സ്വകാര്യവല്‍ക്കരിക്കുന്നത്. കുത്തക കമ്പനി ജലത്തിന്റെ വിതരണം ഏറ്റെടുക്കുന്നതോടെ യന്ത്രവല്‍ക്കരണം എന്ന പേരില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ ഏതാണ്ട് 50 ശതമാനം തൊഴിലാളികളെ എങ്കിലും പിരിച്ചുവിടുകയോ അല്ലെങ്കില്‍ വിആര്‍എസ് എടുക്കാന്‍ നിര്‍ബന്ധിതമാക്കുകയും ചെയ്യും.

50000 ത്തിലധികം കുടിവെള്ള ടാപ്പുകളുണ്ട് കൊച്ചിന്‍ കോര്‍പറേഷനില്‍. ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് പെരിയാറില്‍ നിന്നും മറ്റു ജലസ്രോതസ്സുകളില്‍ നിന്നും എടുക്കുന്നത്. പെരിയാറില്‍തന്നെ വെള്ളം ഇല്ലാത്ത സാഹചര്യമാണ്. ഒരു വ്യക്തിയ്ക്ക് 145 ലിറ്റര്‍ വെള്ളം വേണം എന്നാണ് പറയുന്നത്. ജല ദൗര്‍ലഭ്യം നേരിടുന്ന ഒരു സംസ്ഥാനത്താണ് സ്വകാര്യവല്‍ക്കരണം നടപ്പാക്കാന്‍ പോകുന്നത്.’, രാജന്‍ ടിവി കൂട്ടിച്ചേര്‍ത്തു.

FAQs

എന്താണ് കുടിവെള്ളം?

കുടിക്കുവാൻ സുരക്ഷിതവും, ഭക്ഷണം തയ്യാറാക്കാൻ മറ്റും ഉപയോഗിക്കുന്ന ശുദ്ധ ജലമാണ് കുടിവെള്ളം എന്ന് അറിയപ്പെടുന്നത്.

എന്താണ് ലോക ബാങ്ക്?

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചിട്ടുള്ള അന്താരാഷ്ട്ര ബാങ്കിങ് സ്ഥാപനമാണ് ലോകബാങ്ക്.

എന്താണ് സ്വകാര്യവല്‍ക്കരണം?

പൊതുമേഖലയിൽ നിന്ന് സ്വകാര്യമേഖലയിലേക്കുള്ള മാറ്റമാണ് സ്വകാര്യവല്‍ക്കരണം

Quotes

 കിണർ വറ്റുന്നതുവരെ വെള്ളത്തിൻ്റെ വില നമ്മൾ അറിയുകയില്ല – തോമസ് ഫുള്ളർ

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.