ന്യൂഡൽഹി:
ഇന്ത്യയുടെ ഭാഗത്തു നിന്ന് ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ കശ്മീർ വിഷയത്തിൽ മധ്യസ്ഥനാകാൻ പ്രധാനമന്ത്രി മോദി അഭ്യർഥിച്ചെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന തിരുത്തി യു.എസ്. ഭരണകൂടം രംഗത്തു വന്നു. ‘കശ്മീർ ഉഭയകക്ഷി വിഷയമാണ്. ഇന്ത്യയും പാക്കിസ്ഥാനുമാണ് അതു ചർച്ച ചെയ്യേണ്ടത്. രണ്ടുരാജ്യങ്ങളും ഒരുമിച്ചിരിക്കാൻ തയാറായാൽ സഹായങ്ങൾ നൽകാൻ യുഎസ് ഒരുക്കമാണ്. രാജ്യത്തിനകത്തെ ഭീകരർക്കെതിരെ പാക്കിസ്ഥാൻ എന്തു നടപടിയെടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു വിജയകരമായ സംവാദം തുടങ്ങുക. മേഖലയിലെ സംഘർഷം കുറയ്ക്കാനും സംവാദ സാഹചര്യം സൃഷ്ടിക്കാനും എല്ലാ സഹായങ്ങളും നൽകാൻ യുഎസ് തയാറാണ്’– സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് വാർത്താ ഏജൻസിയായ പി.ടി.ഐ. യോടു പറഞ്ഞു.
നേരത്തെ കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയുടെ സഹായം തേടിയെന്ന പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെ ഇന്ത്യ പൂർണ്ണമായും തള്ളിക്കളഞ്ഞിരുന്നു. വിഷയത്തിൽ മധ്യസ്ഥതയുടെ ആവശ്യമില്ലെന്നും മധ്യസ്ഥതയ്ക്കായി ഒരു നിർദ്ദേശവും നരേന്ദ്ര മോദി മുന്നോട്ട് വച്ചിട്ടില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാഷ്മീർ പ്രശ്നം ഇന്ത്യ- പാക്കിസ്ഥാൻ ഉഭയകക്ഷി ചർച്ചയിലൂടെ മാത്രം പരിഹരിക്കുമെന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. ആ നിലപാടിന് മാറ്റമില്ല- വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു. എന്നാൽ അത്തരം ഉഭയകക്ഷി ചർച്ചകൾ അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിക്കാതെ സാധ്യമാവുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കശ്മീർ വിഷയത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അമേരിക്കൻ ഇടപെടൽ തേടിയതിനു പിന്നാലെയായിരുന്നു ട്രംപിന്റെ ഈ പ്രതികരണം. തനിക്കു സഹായിക്കാൻ കഴിയുമെങ്കിൽ മധ്യസ്ഥനാകുന്നതിൽ സന്തോഷമേയുള്ളൂ എന്ന് ഇമ്രാനോടു ട്രംപ് പറഞ്ഞതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
രണ്ടാഴ്ച മുൻപ് കണ്ടപ്പോൾ കശ്മീർ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നുവെന്നും ട്രംപ് ഇമ്രാനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോടു പറഞ്ഞു. കഴിഞ്ഞ മാസം ജപ്പാനിലെ ഒസാക്കയിൽ ജി-20 ഉച്ചകോടിക്കിടെയും മോദിയും ട്രംപും കണ്ടിരുന്നു. കശ്മീർ വിഷയത്തിൽ ഒരു മൂന്നാം കക്ഷിയുടെ ഇടപെടൽ ഇന്ത്യ ഇതുവരെ അനുവദിച്ചിരുന്നില്ല. എന്നാൽ, പാക്കിസ്ഥാൻ യു.എന്നിൽ അടക്കം പുറത്തു നിന്നുള്ള ഇടപെടൽ ആവശ്യപ്പെട്ടു. പക്ഷേ, യു.എൻ. ഉൾപ്പെടെ ഇത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ആഭ്യന്തര പ്രശ്നമാണെന്ന നിലപാടിനോടു യോജിക്കുകയാണു ചെയ്തത്. ഇന്ത്യ-പാക് പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചകൾ വഴി പരിഹരിക്കപ്പെടണമെന്ന യു.എസിന്റെ ദീർഘകാല നയത്തിൽനിന്നുള്ള വ്യതിചലനമായാണ് ട്രംപിന്റെ ഈ വാഗ്ദാനത്തെ കരുതപ്പെടുന്നത്.
ട്രംപിന്റെ വെളിപ്പെടുത്തലിനെ അപലപിച്ചു യു.എസ്. ജനപ്രതിനിധി രംഗത്തുവന്നിരുന്നു. ‘അപക്വവും അമ്പരിപ്പിക്കുന്നതുമായ തെറ്റാണു ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇന്ത്യൻ അംബാസിഡർ ഹർഷ് ഷ്രിഗ്ലയോടു മാപ്പു ചോദിക്കുന്നു’– ഡെമോക്രാറ്റ് ജനപ്രതിനിധി ബ്രാഡ് ഷെർമാൻ പറഞ്ഞു. കശ്മീർ വിഷയത്തിൽ മൂന്നാമതൊരു കക്ഷി ഇടപെടുന്നതിനെ ഇന്ത്യ എതിർക്കാറുണ്ടെന്ന് തെക്കൻ ഏഷ്യയുടെ വിദേശനയത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർക്കെല്ലാം സുപരിചിതമാണ്. മോദി അത്തരമൊരു നിർദേശം വയ്ക്കില്ലെന്നും എല്ലാവർക്കുമറിയാം– ബ്രാഡ് ഷെർമാൻ പറഞ്ഞു.