Thu. Apr 25th, 2024

കൊച്ചി:

എറണാകുളത്ത് ഐ.ജി. ഓഫീസിലേക്ക് സി.പി.ഐ. പ്രവർത്തകർ നടത്തിയ മാർച്ചിനിടെ സംഘർഷം. ഭരണകക്ഷിയിൽ പെട്ട മൂവാറ്റുപുഴ എം.എൽ.എ. എൽദോ എബ്രഹാമിന് ഉൾപ്പടെ ധാരാളം പ്രവർത്തകർക്ക് പോലീസിന്‍റെ ലാത്തിയടിയേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം ഞാറയ്ക്കൽ സർക്കാർ ആശുപത്രിക്ക് മുന്നിൽ സി.പി.ഐ. എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിനെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ ഞാറയ്ക്കൽ സി.ഐ. മുരളിയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞതോടെ പ്രവർത്തകർ പ്രകോപിതരായി. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.ബാരിക്കേഡ് പ്രതിഷേധക്കാർ മറിച്ചിട്ടതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി. എം.എൽ.എ. അടക്കമുള്ള നേതാക്കൾക്കും നിരവധി പ്രവർത്തകർക്കും ലാത്തിയടിയേറ്റു.

നവാഗതരെ സ്വാഗതം ചെയ്യുന്നതുമായി​ ബന്ധപ്പെട്ടാണ് കഴിഞ്ഞ ബുധനാഴ്ച വൈപ്പിൻ കോളേജില്‍ എസ്.എഫ്.ഐ – എ.ഐ.എസ്.എഫ് സംഘര്‍ഷമുണ്ടായത്. സംഘർഷത്തിൽ പരിക്കേറ്റ എ.ഐ.എസ്.എഫ്. പ്രവർത്തകരെ കാണാൻ ജില്ലാ സെക്രട്ടറി എത്തിയപ്പോഴാണ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ അദ്ദേഹത്തിന്‍റെ കാർ തടഞ്ഞത്. 15 മിനിറ്റോളം ജില്ലാ സെക്രട്ടറിയെ തടഞ്ഞുവച്ചതോടെ സ്ഥലത്ത് സി.പി.ഐ. പ്രവർത്തകരും എത്തി. പിന്നീട് വാക്കേറ്റമായി.

ഈ വിഷയത്തിലടക്കം പോലീസ് പക്ഷപാതപരമായിട്ടാണ് പെരുമാറുന്നതെന്നും ജില്ലാ സെക്രട്ടറിയെ തടഞ്ഞത് നോക്കിനിന്ന ഞാറയ്ക്കൽ സി.ഐയെ സസ്പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ഐ.ജി. ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ സി.ഐ.യുടേത് ഏകപക്ഷീയമായ നടപടികളാണെന്നും ഇതില്‍ പ്രതിഷേധിച്ച്‌ മുഖ്യമന്ത്രി, ഡി.ജി.പി, പൊലീസ് കംപ്ലൈന്റ് അതോറിറ്റി തുടങ്ങിയവര്‍ക്ക് പരാതി നല്‍കുമെന്നും സി.പി.ഐ. വ്യക്തമാക്കിയിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും സി.ഐയുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് സി.പി.ഐ. പ്രതിഷേധം സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *