Fri. Nov 22nd, 2024
തിരുവനന്തപുരം:

ഇതുവരെ അങ്ങോട്ടു പണം നൽകി നീക്കം ചെയ്തിരുന്ന ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കിൽ നിന്നു ഇനി കോർപറേഷനു വരുമാനം. അജൈവ മാലിന്യം നീക്കം ചെയ്യുന്നതിന് 3 സ്വകാര്യ ഏജൻസികളുമായി കോർപറേഷൻ കരാറിൽ ഏർപ്പെട്ടു. റോ‍ഡിൽ അലക്ഷ്യമായി വലിച്ചെറിയുന്ന പേപ്പർ, പ്ലാസ്റ്റിക്, പാൽ കവർ, ഉപയോഗ ശൂന്യമായ വസ്ത്രങ്ങൾ, ചെരിപ്പുകൾ, റബർ, ചിരട്ട, വിറക് എന്നിവ നീക്കം ചെയ്യാനാണ് കരാർ.

നാഗർകോവിൽ സരോജിനി പൊന്നയ്യ ഫൗണ്ടേഷൻ, കോഴിക്കോട് എംആർഎം ഇക്കോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ജെആർഎ ട്രേഡ്‌ഴ്‌സ് എന്നീ കമ്പനികളുമായുള്ള കരാറിനു കൗൺസിൽ അംഗീകാരം നൽകി. സ്വന്തം ചെലവിൽ മാലിന്യം കമ്പനി പടിക്കൽ എത്തിക്കുകയും മാലിന്യം നീക്കുന്നതിന് അങ്ങോട്ടു പണം നൽകുകയും ചെയ്താണ് മുൻ ഭരണസമിതിയുടെ കാലത്ത് അജൈവ മാലിന്യം നീക്കം ചെയ്തിരുന്നത്.

ഇക്കുറി വിവിധ കമ്പനികൾ ടെൻഡറിൽ ക്വോട്ട് ചെയ്ത നിരക്ക് ഉദ്യോഗസ്ഥ, ഭരണസമിതി തലത്തിൽ വിലപേശി കുറച്ച ശേഷമാണ് കരാർ അംഗീകരിച്ചത്. പുതിയ കരാർ പ്രകാരം ബാഗുകൾ, ചെരിപ്പുകൾ, വസ്ത്രങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിനു കോർപറേഷൻ കമ്പനികൾക്കു പണം നൽകണം.

മാലിന്യ നീക്കം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മോണിറ്ററിങ് കമ്മിറ്റിയും കമ്പനികളിൽ തന്നെ മാലിന്യം എത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരീക്ഷണ സമിതിയും രൂപീകരിക്കണമെന്ന് ബിജെപി കൗൺസിലർ തിരുമല അനിൽ ആവശ്യപ്പെട്ടു.