Fri. Apr 26th, 2024
കേണിച്ചിറ:

വെളിയിട വിസർജനമുക്ത പഞ്ചായത്തായ പൂതാടിയുടെ ആസ്ഥാനമായ കേണിച്ചിറ ടൗണിലെത്തിയാൽ ശങ്ക മാറ്റാൻ ഇടവഴി തേടേണ്ട അവസ്ഥ. മുൻപു പഞ്ചായത്തിനു സമീപം ഇ–ടോയ്‌ലറ്റ് ഉണ്ടായിരുന്നെങ്കിലും ഇപ്പോഴതു കാടുമൂടി. പൊതുശുചിമുറി ഇല്ലാത്തതു ടൗണിലെത്തുന്ന വനിതകളെയാണ് ഏറെ ദുരിതത്തിലാക്കുന്നത്.

ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതകളും പ്രശ്നം നേരിടുന്നു. ഏറെ തിരക്കുള്ള ടൗണിൽ ആധുനികരീതിയിലുള്ള ശുചിമുറി നിർമിക്കണമെന്ന ആവശ്യത്തിനു വർഷങ്ങൾ പഴക്കമുണ്ടെങ്കിലും അധികൃതർ കണ്ണടയ്ക്കുകയാണ്. വർഷങ്ങൾക്കു മുൻപു പഴയ പഞ്ചായത്ത് ഓഫിസിലെ ശുചിമുറിയാണ് ടൗണിലെത്തുന്നവരുടെ ആശ്വാസം.

എന്നാൽ, 5 വർഷം മുൻപ് ഇതിനു സമീപം നാട്ടുകാർ ഉപയോഗിച്ചിരുന്ന ശുചിമുറി മറച്ച് അതിനു മുൻപിൽ ഇ–ടോയ്‌ലറ്റ് സ്ഥാപിച്ചതോടെ പഴയ ശുചിമുറിയിലേക്ക് കയറാൻ കഴിയാതായി. ഇ–ടോയ്‌ലറ്റിൽ കയറിയയാൾ അകത്ത് കുടുങ്ങിയതോടെ ഈ ശുചിമുറിയും നാട്ടുകാർ ഉപേക്ഷിച്ചു. ഇ–ടോയ്‌ലറ്റുകൾ പൊളിച്ചുമാറ്റി സാധാരണ ശുചിമുറികൾ നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ഉടൻ നിർമിക്കുമെന്ന് ഉറപ്പു നൽകുന്നതല്ലാതെ ശുചിമുറിയായിട്ടില്ല.

പൂതാടി പഞ്ചായത്ത് ആസ്ഥാനത്തു പൊതുശുചിമുറിയില്ലാത്തത് വിവിധ ആവശ്യങ്ങൾക്ക് ടൗണിൽ വരുന്നവരെ ദുരിതത്തിലാക്കുന്നു. പ്രാഥമികാവശ്യത്തിനു പലപ്പോഴും ഇടവഴികൾ, കെട്ടിടങ്ങളുടെ ഇടനാഴികൾ, കുറ്റിക്കാടുകൾ എന്നിവിടങ്ങളെ ആശ്രയിക്കേണ്ട ഗതികേട്. പഞ്ചായത്ത് ഇടപെട്ട് ടൗണിൽ ശുചിമുറി നിർമിക്കണം.