Fri. Mar 29th, 2024
മലപ്പുറം:

സംസ്ഥാനത്ത്‌ വ്യവസായ നിക്ഷേപകരുടെ പരാതി തീർപ്പാക്കാൻ നിയമപരിഹാര സമിതി നിലവിൽ വന്നതായി വ്യവസായ മന്ത്രി പി രാജീവ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓർഡിനൻസിൽ ചൊവ്വാഴ്‌ച ഗവർണർ ഒപ്പുവച്ചതോടെ നിയമപ്രാബല്യമായി. സമിതിക്ക്‌ സിവിൽ കോടതിയുടെ അധികാരമുണ്ടാകും.

ജോലിയിൽ വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക്‌ ശുപാർശചെയ്യാം. ഉത്തരവ്‌ നടപ്പാക്കാത്ത ഉദ്യോഗസ്ഥന്‌ ദിവസം‌ 250 രൂപ കണക്കാക്കി പരമാവധി 10,000 രൂപവരെ പിഴ ചുമത്താം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും സാക്ഷികളെയും വിസ്‌തരിക്കാം. രേഖകൾ കണ്ടെത്താനും തെളിവുകൾ ശേഖരിക്കാനും അധികാരമുണ്ട്‌.

വ്യവസായം തുടങ്ങാനും നടത്താനും സമിതി നിയമസഹായം നൽകും. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പ്രവർത്തിക്കും. ജില്ലയിൽ അഞ്ചു കോടിവരെ മൂലധന നിക്ഷേപമുള്ള സംരംഭകരുടെ പരാതിയിൽ സമിതി തീർപ്പ്‌ കൽപ്പിക്കും.

പരാതി ലഭിച്ച്‌ അഞ്ചു ദിവസത്തിനകം സമിതി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‌ കൈമാറണം. ഏഴു ദിവസത്തിനകം ഉദ്യോഗസ്ഥൻ റിപ്പോർട്ട്‌ നൽകണം. മുപ്പത്‌ ദിവസത്തിനകം തീർപ്പാക്കണം.

അതിന്‌ സാധിക്കാത്ത പരാതികൾ സംസ്ഥാനതല സമിതിക്ക്‌ കൈമാറണം. കമ്മിറ്റി പരിഹാരം നിർദേശിച്ച വിഷയത്തിൽ ഉത്തരവിറങ്ങി 15 ദിവസത്തിനുള്ളിൽ ഉദ്യോഗസ്ഥർ തീരുമാനം നടപ്പാക്കണം.കലക്ടർ, വ്യവസായ വകുപ്പ്‌ ജനറൽ മാനേജർ, നഗരകാര്യ റീജണൽ ഡയറക്ടർ, പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ ലേബർ ഓഫീസർ, മലിനീകരണ നിയന്ത്രണ ബോർഡ്‌ ജില്ലാ ഓഫീസർ, കെഎസ്‌ഇബി ഡെപ്യൂട്ടി ചീഫ്‌ എൻജിനിയർ എന്നിവർ ഉൾപ്പെട്ടതാണ്‌ ജില്ലാതല സമിതി.

കലക്ടറാണ്‌ ചെയർമാൻ. ആവശ്യമെങ്കിൽ ബന്ധപ്പെട്ട വകുപ്പുകളുടെ തലവൻമാരെ ഉൾപ്പെടുത്താം. എല്ലാ മാസവും ആദ്യ പ്രവൃത്തിദിവസം സമിതി യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.