വൈക്കം:
സംസ്ഥാനത്ത് ആദ്യമായി വൈക്കം കായലോര ബീച്ചിൽ കെഎസ്ആർടിസി ബസിൽ കെടിഡിസിയുടെ ഭക്ഷണശാല ഒരുങ്ങി. കാലാവധി കഴിഞ്ഞ് ഒഴിവാക്കിയ ബസാണിത്. ബീച്ചിനോടു ചേർന്നുള്ള 50 സെന്റിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഒരു വർഷം മുൻപാണ് ബസ് ഇവിടെ എത്തിച്ചത്. കോവിഡ് കാരണം ഇടയ്ക്ക് പണി മുടങ്ങി.
2 നിലയുള്ള ബസിന്റെ മോഡലിൽ ഭക്ഷണശാല ഒരുക്കിയത് കെഎസ്ആർടിസിയുടെ തന്നെ വർക്‌ഷോപ് ജീവനക്കാരാണ്. താഴത്തെ നില എസിയാണ്. മുകളിൽ ഓപ്പൺ റസ്റ്ററന്റായതിനാൽ കായൽ കാഴ്ചകൾ ആസ്വദിച്ച് ഭക്ഷണം കഴിക്കാനാകും.
മുകളിലത്തെ നിലയിൽ 28 പേർക്കും താഴെ 20 പേർക്കും ഇരിക്കാം. സമീപത്തെ ഗ്രൗണ്ടിൽ 16 പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കി.
വൈക്കത്ത് നിലവിലുള്ള കെടിഡിസി ഭക്ഷണശാല 40 ലക്ഷം രൂപ മുടക്കി നവീകരിക്കുന്നതിന്റെ ഭാഗമായാണ് ബസ് ഒരുക്കിയത്. നിർമാണം പൂർത്തിയായതായും അടുത്ത ദിവസം പ്രവർത്തനം ആരംഭിക്കുമെന്നും റീജനൽ മാനേജർ പി എം മനോജ് കുമാർ, യൂണിറ്റ് ഓഫിസർ വികാസ് നോബി എന്നിവർ പറഞ്ഞു.