Mon. Dec 23rd, 2024

ആലപ്പുഴ:

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിൽ വീണ്ടും ഗുരുതര വീഴ്ച. ജീവിച്ചിരിക്കുന്ന കൊവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ച് ആശുപത്രി അധികൃതർ. ഇന്നലെ രാത്രിയാണ്  ചികിത്സയിലിരിക്കുന്ന കൊവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കൾക്ക് മെഡിക്കൽ കോളേജിൽ നിന്ന് അറിയിപ്പ് ലഭിച്ചത്.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കായംകുളം പള്ളിക്കൽ സ്വദേശി രമണൻ മരിച്ചതായാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ആശുപത്രിയിൽ നിന്നും ലഭിച്ച വിവരം പ്രകാരം വീട്ടുകാർ കൊവിഡ് മാനദണ്ഡം പ്രകാരം സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടത്തി. അധികൃതരുടെ നിർദ്ദേശാനുസരണം ബന്ധുക്കൾ ആംബുലൻസുമായി ആശുപതിയിലെത്തി.

മൃതദേഹം കണ്ടെത്താനായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് രമണൻ ജീവിച്ചിരിപ്പുണ്ടെന്നും വെന്റിലേറ്ററിൽ തുടരുകയാണെന്നും മനസ്സിലായത്. മരണ വിവരം ആശുപത്രിയിൽ നിന്നും അറിയിച്ചത് അനുസരിച്ച് ബന്ധുക്കളും നാട്ടുകാരുമെത്തുകയും ആദരാഞ്ജലി പോസ്റ്റട അടക്കം അടിക്കുകയും ചെയ്തിരുന്നു.

ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ചയ്ക്ക് എതിരെ ബന്ധുക്കൾ രംഗത്തെത്തി. സംഭവത്തിൽ ശക്തമായ നടപടിയുണ്ടാവുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രതികരിച്ചു. ഗുരുതരമായ വിഷയമാണെന്നും  പരിശോധിച്ച് നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു.

മുമ്പ് ആശുപത്രിയിൽ മൃതദേഹം മാറി നൽകിയത് സംബന്ധിച്ചുള്ള അന്വേഷണവും നടക്കുകയാണ്. ഇത്തരം സംഭവങ്ങൾ  ആലപ്പുഴ മെഡിക്കൽ കോളേജിൽ ആവർത്തിക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.