Mon. Dec 23rd, 2024

ആലുവ:

വിദേശത്ത് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ. കുന്നുകര കല്ലുമടപ്പറമ്പിൽ ഹസീർ (സെയ്ത് – 53) ആണ് ആലുവ പൊലീസിൻറെ പിടിയാലയത്. കാക്കനാട് സ്വദേശി ടെഡ്ഡി അഷ്വിൻ ഡിസൂസയുടെ പരാതിയിലാണ് അറസ്റ്റ്.

യൂറോപ്പിൽ ജോലി വിസ ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞ് പല ഘട്ടങ്ങളിലായി എട്ടര ലക്ഷത്തോളം രൂപയാണ് ഇയാൾ വാങ്ങിയത്. വിസ ശരിയാകാതായപ്പോൾ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന് പരാതി നൽകി. തുടർന്ന് എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തിവരികെയാണ് പിടിയിലായത്.

ആലുവയിൽ ടൂർ വേൾഡ് എന്ന സ്ഥാപനം നടത്തുന്നുണ്ടായിരുന്നു ഇയാൾ. ഇതിൻറെ മറവിലാണ് തട്ടിപ്പ്. ഹസീർ പണമിടപാട് നടത്തിയിരുന്നത് ടെഢി ആഷിൻ ഡിസൂസയുടെ അക്കൗണ്ട് വഴിയാണ്.

ഇതിന് കാരണമായി പറഞ്ഞു വിശ്വസിപ്പിച്ചത് കൂടുതൽ പണമിടപാട് നടന്നാൽ ഉയർന്ന ജോലി കിട്ടുമെന്നായിരുന്നു. അതിന് സഹായിക്കാമെന്നു പറഞ്ഞാണ് ആഷിൻറെ അക്കൗണ്ട് വഴി വിനിമയം നടത്തിയത്.

68 ലക്ഷം രൂപ ഇത്തരത്തിൽ അക്കൗണ്ടിൽ വന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും, കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും എസ്പി കാർത്തിക് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.