Mon. Dec 23rd, 2024

അങ്കമാലി ∙

മഞ്ഞപ്രയിൽ സുമേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 2 പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ഞപ്ര പാറയിൽ കിലുക്കൻ സോണി (36), മഞ്ഞപ്ര വടക്കുംഭാഗം ഈരാളിൽ സിബി (46) എന്നിവരെയാണു പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഇതോടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളും അറസ്റ്റിലായി. സംഭവത്തിൽ 3 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 20നു രാത്രിയിലായിരുന്നു സംഭവം.

ചീട്ടുകളിക്കിടെ ഉണ്ടായ സംഘർഷമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. സംഘർഷത്തിൽ ഗുരുതര പരുക്കേറ്റ സുമേഷിനെ ചീട്ടുകളിക്കുകയായിരുന്നവർ മാർക്കറ്റിനടുത്തുള്ള കടയുടെ മുന്നിൽ കിടത്തിയ ശേഷം കടന്നു കളയുകയായിരുന്നു.

തുടർന്ന് മരണം സംഭവിച്ചു. തലയ്ക്കേറ്റ ക്ഷതമാണു മരണകാരണം.ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ പിടികൂടിയത്.

ഡിവൈഎസ്പി ഇ.പി. റെജി, ഇൻസ്പെക്ടർ ബി. സന്തോഷ്, പി.വി. ദേവസ്സി, ടി.എ. ഡേവിസ്, അബ്ദുൽ സത്താർ, ജോഷി തോമസ്, എം.പി. ഷിജു, അനിൽകുമാർ എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.