Mon. Dec 23rd, 2024

തൃശ്ശൂർ:

മാസ്റ്റർ പ്ലാൻ നടപ്പാക്കാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ തൃശൂർ കോർപ്പറേഷനിൽ വിളിച്ചുചേർത്ത പ്രത്യേക കൗൺസിൽ യോഗത്തിൽ കൂട്ടത്തല്ല്. മേയറെ കൈയ്യേറ്റം ചെയ്യാൻ പ്രതിപക്ഷ അംഗങ്ങൾ ശ്രമിച്ചപ്പോൾ ഇത് തടയാൻ  ഭരണപക്ഷ അംഗങ്ങൾ എത്തി. ഈ സമയത്താണ് സംഘർഷം നടന്നത്.

മേയറെ ഭരണപക്ഷ അംഗങ്ങൾ മാറ്റി. കോർപ്പറേഷനിൽ 30 പേരാണ് പ്രതിപക്ഷത്തുള്ളത്. 25 പേരാണ് ഭരണപക്ഷത്തുള്ളത്. മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിനെതിരെ കോൺഗ്രസും ബിജെപിയും രംഗത്ത് വന്നിരുന്നു.

പ്രതിപക്ഷത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചേ മാസ്റ്റർപ്ലാൻ നടപ്പിലാക്കൂവെന്നായിരുന്നു മേയർ പറഞ്ഞിരുന്നത്. എന്നാൽ മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാനുള്ള അവസരം പോലും പ്രതിപക്ഷം നൽകിയില്ല. ഇതിനെതിരെ പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച അടിയന്തിര പ്രമേയം മേയർ അനുവദിച്ചില്ല. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ മേയറുടെ അടുത്തേക്ക് ഇരച്ചെത്തി.

പ്രതിരോധിക്കാൻ ഭരണപക്ഷ അംഗങ്ങളും എത്തിയതോടെ വാക്കേറ്റമുണ്ടായി. വാക്കേറ്റം കൈയ്യാങ്കളിയിലേക്കും തമ്മിൽത്തല്ലിലേക്കും പോയി. ഭരണ-പ്രതിപക്ഷ അംഗങ്ങളിൽ പലർക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മേയറെ കൈയ്യേറ്റം ചെയ്യുകയോ മർദ്ദിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ അംഗങ്ങൾ പിന്നീട് വാദിച്ചു.

മേയർ ജനാധിപത്യ കശാപ്പ് ചെയ്യാൻ ശ്രമിച്ചത് കൊണ്ടാണ് പ്രതിഷേധിച്ചതെന്നും അവർ പറഞ്ഞു. മാസ്റ്റർ പ്ലാൻ നടപ്പാക്കാനുള്ള ഭരണപക്ഷത്തിന്റെ നീക്കങ്ങൾക്ക് എതിരെ പ്രതിപക്ഷം രാപ്പകൽ സമരം പ്രഖ്യാപിച്ചു. നാളെ ഉച്ചവരെ കൗൺസിൽ ഹാളിൽ കുത്തിയിരിക്കാനാണ്  പ്രതിപക്ഷത്തിന്റെ തീരുമാനം.