Fri. Apr 19th, 2024
ഇടുക്കി:

തോട്ടം തൊഴിലാളിയായ ഗണേഷനെന്ന തൊഴിലാളിക്ക് പതിനൊന്ന് വര്‍ഷം മുമ്പാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കുറ്റിയാര്‍വാലിയില്‍ അഞ്ച് സെന്റ് ഭൂമി അനുവദിച്ചത്. എന്നാല്‍ ജോലിയില്‍ നിന്ന് വിരമിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഭൂമിയില്‍ വീട് നിര്‍മ്മിക്കുന്നതിനോ മറ്റ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ കഴിഞ്ഞിട്ടില്ല.

വാസയോഗ്യമല്ലാത്ത ഭൂമി മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനവുമായി വാതിലുകള്‍ പലതും തട്ടിയെങ്കിലും ആരും തിരിഞ്ഞുപോലും നോക്കിയില്ല. തലമുറകളായി മൂന്നാറിലെ തെയിലക്കാടുകളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് ഇവിടമാണ് എല്ലാം. ബന്ധുമിത്രാദികള്‍ തമിഴ്നാട്ടില്‍ ഉണ്ടെങ്കിലും ജനനവും മരണവും ഇവിടിത്തന്നെ.

2300 പേര്‍ക്കാണ് സര്‍ക്കാര്‍ കുറ്റിയാര്‍വാലിയില്‍ രണ്ടാം ഘട്ടത്തില്‍ അഞ്ച് സെന്റ് ഭൂമി അനുവദിച്ചത്. 500 ലധികം ഭൂമികള്‍ വാസയോഗ്യമല്ലെന്ന് സര്‍ക്കാര്‍ അധിക്യതര്‍ കണ്ടെത്തുകയും സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഏക്കറുകണക്കിന് ഭൂമികള്‍ കുറ്റിയാര്‍വാലിയില്‍ റവന്യുവകുപ്പിനുണ്ട്. എന്നാല്‍ ആരും ഒന്നും ചെയ്യില്ല. ജനപ്രതിനിധികളും മിണ്ടില്ല.

മരിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ തനിക്ക് ഭൂമി അനുവദിക്കണമെന്നാണ് ഗൂഡാര്‍വിള സ്വദേശിയായ ഗണേഷന്‍ പറയുന്നത്. 53 വയസുള്ളപ്പോഴാണ് ഗണേഷനെന്ന തൊഴിലാളിക്ക് സര്‍ക്കാര്‍ ഭൂമി അനുവദിച്ചത്. ഇപ്പോള്‍ 64 വയസ് പിന്നിട്ടിരിക്കുന്നു. ഓരോ ഫയലുകളും ഓരോ ജീവിതമാണെന്ന് കണ്ട് സര്‍ക്കാരും ഉദ്യോഗസ്ഥരും നടപടികള്‍ വേഗത്തിലാക്കിയാല്‍ ആയുസ് തീരും മുമ്പ് ഇവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകും.