Mon. Dec 23rd, 2024

പാലക്കാട് ∙

കാത്തിരിപ്പിനൊടുവിൽ മെഡിക്കൽ കോളജിലെ ജീവനക്കാർക്ക് ഒരു മാസത്തെ വേതനം ലഭിച്ചു. ബാക്കി 2 മാസത്തെ വേതനം ഓണത്തിനു മുൻപ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. അതേസമയം, ഹൗസ് സർജൻമാർ, നോൺ അക്കാദമിക് ജൂനിയർ റസിഡന്റ്സ് എന്നിവർക്ക് ഇന്നലെ വേതനം ലഭിച്ചില്ല.

ശുചീകരണ തൊഴിലാളികളടക്കം ആശുപത്രിയിലെ എല്ലാ ജീവനക്കാർക്കും 3 മാസമായി ശമ്പളം മുടങ്ങി കിടക്കുകയായിരുന്നു. ഡോക്ടർമാർ, നഴ്സുമാർ ഉൾപ്പെടെയുള്ളവരും പ്രതിസന്ധിയിലായി. ജീവനക്കാർ പലരും സൂചനാ സമരം നടത്തിയിരുന്നു.

വേതനം ലഭിച്ചില്ലെങ്കിൽ അനിശ്ചിതകാലസമരം നടത്തുമെന്നും വിവിധ വിഭാഗം ജീവനക്കാർ മുന്നറിയിപ്പ് നൽകി. പ്രവർത്തനം വിലയിരുത്താനെത്തിയ മന്ത്രി കെ രാധാകൃഷ്ണനു മുന്നിലും ജീവനക്കാർ വിഷമം പങ്കുവച്ചു.

ഇതിനിടെ ശമ്പളത്തിനായി 10 കോടി രൂപ സർക്കാർ അനുവദിച്ചെങ്കിലും വിതരണം സാങ്കേതിക നടപടികളിൽ കുരുങ്ങി. ശമ്പളം മുടക്കമില്ലാതെ ലഭിക്കാനുള്ള സാഹചര്യം ഒരുങ്ങിയിട്ടില്ല.

പട്ടികജാതി വികസനവകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് ഇനി നടത്തിപ്പു ചെലവിന് പണം അനുവദിക്കില്ലെന്ന് അറിയിച്ചു കഴിഞ്ഞു. നോൺ പ്ലാൻ ഫണ്ടിൽ നിന്നു പണം ലഭ്യമാക്കണമെങ്കിൽ നിയമനം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു.

By Rathi N