Mon. Dec 23rd, 2024

പാലക്കാട്:

ചെർപ്പുളശ്ശേരിയിൽ അഞ്ചംഗ അംഗ ലോട്ടറി ചൂതാട്ട സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.കുറ്റിക്കോട് സ്വദേശി ആലാച്ചിയിൽ മുഹമ്മദ് ഷഫീഖ് (30), നെല്ലായ സ്വദേശി കൊടിയിൽ അക്ബർ അലി (35), പന്നിയംകുർശ്ശി സ്വദേശികളായ പുത്തൻവീട്ടിൽ മനോജ് (36), പടിഞ്ഞാറേപ്പാട്ട് മനോജ് (34), ചെർപ്പുളശ്ശേരി സ്വദേശി തെക്കെ കൂട്ടാനത്ത് വിനോദ് (37) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കേരള സംസ്ഥാന ലോട്ടറി, അന്യസംസ്ഥാന ലോട്ടറികളായ ഡിയർ, കുയിൽ, നാഗാലാന്‍റ്  ലോട്ടറി എന്നിവയുടെ ഫലം വരുന്ന ദിവസങ്ങളിൽ അവസാനത്തെ മൂന്ന് അക്കങ്ങൾ ആവശ്യമുള്ളവർ പ്രവചിക്കുകയാണ് ചെയ്യുന്നത്. ഒരു പ്രവചനത്തിന് 10 രൂപയാണ് ഈ സംഘം ഈടാക്കുന്നത്.

ഒരാൾക്ക് 10 രൂപയുടെ എത്ര പ്രവചനം വേണമെങ്കിലും നടത്താം. ഇങ്ങനെ പ്രവചനം നടത്തുന്ന ലോട്ടറികളുടെ ഫലം കൃത്യമായാൽ ഒന്നാം സമ്മാനത്തിന് 5000 രൂപയും, രണ്ടാം സമ്മാനത്തിന് 250 രൂപയും, മൂന്നാം സമ്മാനത്തിന് 100 രൂപയുമാണ് പ്രതിഫലം നൽകുന്നതെന്ന് പൊലീസ് പറഞ്ഞു.

ഈ തട്ടിപ്പിലൂടെ സംസ്ഥാന ലോട്ടറിയെ തകർക്കാനുള്ള സാധ്യത ഏറുകയും, ആരും തന്നെ സംസ്ഥാന ലോട്ടറി എടുക്കാത്ത അവസ്ഥയുമാകും. 40 രൂപക്ക് കേരള ലോട്ടറി എടുക്കുന്നതിന് പകരം ഈ ചൂതാട്ട രീതിയിലൂടെ നാല് നമ്പർ പ്രവചിക്കാനാകും. ഇതിലൂടെ സംസ്ഥാന സർക്കാരിനും, ലോട്ടറി ഏജൻസികൾക്കും വൻ സാമ്പത്തിക നഷ്ടമാണ്‌ ഉണ്ടാവുകയെന്ന് പൊലീസ് പറഞ്ഞു.

ടൗണിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നാണ് ചെർപ്പുളശ്ശേരി സി ഐ സുജിത് എം, എസ് ഐ സുഹൈൽ, എസ് സി പി ഒ മാരായ സ്വാമിനാഥൻ, മുരളി, ശങ്കര നാരായണൻ, സി പി ഒ മാരായ ഷാജഹാൻ, ഉമ്മർ സാദിഖ്, ഹോം ഗാർഡ് ഹരിഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ പിടികൂടിയത്. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും.

By Rathi N