Thu. Apr 25th, 2024

തൃശൂർ:

മറുനാടൻ പൂക്കളെ തേടി പോകേണ്ട.  ഓണത്തിന്‌ പൂക്കളമൊരുക്കാൻ തനിനാടൻ  ചെണ്ടുമല്ലി വിരിഞ്ഞു. മധു നുകരാൻ ഓണത്തുമ്പികളുമെത്തി  മഹാമാരിയുടെ കാലത്തും അതിജീവനത്തിന്റെ പൂവിളി ഉയരുമെന്ന പ്രതീക്ഷയിലാണീ സ്‌ത്രീശക്തി.

ഈ വർഷം കർക്കടകത്തിൽ അത്തം  പിറക്കുമ്പോൾ  അതിനുമുമ്പേ  പൂച്ചന്തമൊരുങ്ങി. കുടുംബശ്രീ വഴി  ജില്ലയിൽ അഞ്ചു ബ്ലോക്കുകളിൽ പൂഗ്രാമം പദ്ധതി നടപ്പാക്കി. കയ്‌പമംഗലം പഞ്ചായത്തിൽ  വിവിധ കുടുംബശ്രീ   യൂണിറ്റുകൾ പൂകൃഷിയിൽ ഏർപ്പെട്ടിട്ടുണ്ട്‌.

കഴിഞ്ഞവർഷം കൃഷിഭവൻ വഴി  പൂവിത്തുകൾ ലഭിച്ചതോടെയാണ്‌ പുകൃഷിയും  പരീക്ഷിച്ചത്‌. അത്‌ വിജയിച്ചതോടെ ഈ വർഷം വീണ്ടും കൃഷിയിറക്കി.  ചുവപ്പും മഞ്ഞയും നിറച്ചാർത്തിൽ പറമ്പുനിറയെ പൂക്കൾ വിരിഞ്ഞതോടെ വരുമാനത്തിനപ്പുറം മനസ്സ്‌ നിറയുകയാണ്‌.

കയ്‌പമംഗലം  ഉഷസ്സ്‌, സ്‌ത്രീത്വം എന്നീ യൂണിറ്റുകൾ  പൂകൃഷിയിറക്കി.   യൂണിറ്റിലെ കരയാംവട്ടത്ത്‌ ഷിജി കൃഷ്‌ണദാസ്‌, പാറപ്പുറത്ത്‌ അനീഷ സുബൈർ,  പാറപ്പുറത്ത്‌ നബീസ  കാദർ, കരയാംവട്ടത്ത്‌ സരിത ദുർഗാദാസ്‌ എന്നിവരാണ്‌ പൂകൃഷിയിൽ ഏർപ്പെട്ടിരിക്കുന്നത്‌.  ഇവർ  അയിരൂർ  ഗ്രൂപ്പ്‌ എന്ന പേരിൽ സംഘകൃഷിയായി പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്‌.

വിഷുവിന്‌ കണിവെള്ളരി കൃഷിയിറക്കിയിരുന്നു. തുടർച്ചയായാണ്‌ അതേ സ്ഥലത്ത്‌ പൂകൃഷി ചെയ്‌തത്‌. സംഘകൃഷിക്കായി കുടുംബശ്രീ മിഷൻ വഴി മുന്നുലക്ഷം രൂപവരെ വായ്‌പ നൽകുന്നതായി കയ്‌പമംഗലം സിഡിഎസ്‌ ചെയർപേഴ്‌സൺ സബീന റിയാസ്‌ പറഞ്ഞു.

വായ്‌പ പലിശയിൽ ഇളവും ഇൻസെന്റീവും നൽകിയാണ്‌ പ്രോത്സാഹിപ്പിക്കുന്നതെന്നും അവർ പറഞ്ഞു. ഓണത്തോടനുബന്ധിച്ചു്‌ പൂഗ്രാമം പദ്ധതിയിൽ  അഞ്ചു ബ്ലോക്കുകളിലെ വിവിധ  സിഡിഎസുകളിലായി 21  സംഘകൃഷി ഗ്രൂപ്പുകൾ  പൂകൃഷിയിറക്കിയതായി ജില്ലാ കുടുംബശ്രീ മിഷൻ കോ–ഓർഡിനേറ്റർ കെ വി ജ്യോതിഷ്‌ കുമാർ പറഞ്ഞു.

മതിലകം  ബ്ലോക്ക്‌,  തളിക്കുളം, ചൊവ്വന്നൂർ,  മാള, തളിക്കുളം,  ചാലക്കുടി എന്നീ ബ്ലോക്കുകളിലാണ്‌ പൂഗ്രാമം പദ്ധതി നടപ്പാക്കിയിട്ടുള്ളത്‌.

By Rathi N