തൃശ്ശൂര്‍:
വനിതാ ബാങ്ക് മാനേജരെ ദേഹോപദ്രവം ചെയ്യുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ഡിസിസി ജനറൽ സെക്രട്ടറിക്കെതിരെ കേസെടുത്തു. കോൺഗ്രസ് നേതാവ് ടി എ ആന്‍റോയ്ക്ക് എതിരെയാണ് ചാലക്കുടി പൊലീസ് കേസെടുത്തത്. ഇരിങ്ങാലക്കുട സഹകരണ ബാങ്ക് മാനേജർ സുഷമയെയാണ് ഇയാൾ ആക്രമിച്ചത്.
കഴിഞ്ഞ ദിവസമാണ് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് ചാലക്കുടി ബ്രാഞ്ച് മാനേജർ സുഷമയും ബാങ്കിലെ ജീവനക്കാരനും വായ്പ തിരിച്ചടവിന്‍റെ കാര്യത്തിനായി ആന്‍റോയുടെ വീട്ടിലെത്തിയത്. വായ്പയെ ചൊല്ലി ഇയാളുമായി നേരത്തെ തർക്കം ഉണ്ടായിരുന്നതിനാൽ മാനേജർ വീട്ടിൽ പോയില്ല. പകരം പ്യൂണിനെയാണ് വിവരമറിയിക്കാൻ അയച്ചത്.
വീട്ടിൽ നിന്നിറങ്ങി വന്ന ആന്‍റോ ആളുകൾ നോക്കി നിൽക്കേ അസഭ്യം പറഞ്ഞതായി സുഷമ പറഞ്ഞു. കാറിന്‍റെ ഡോർ തുറന്ന് കയ്യിൽ പിടിച്ച് തിരിയ്ക്കുകയും തടയാൻ ചെന്ന പ്യൂണിനേയും ഡ്രൈവറേയും മർദിക്കുകയും ചെയ്തു. കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുമെന്നും ആന്‍റോ ഭീഷണിപ്പെടുത്തിയതായി സുഷമ പറഞ്ഞു.
ഇയാൾ ആയുധമെടുക്കാനായി വീടിനകത്തേക്ക് പോയ തക്കം നോക്കിയാണ് ബാങ്ക് ഉദ്യാഗസ്ഥർ രക്ഷപ്പെട്ടത്. പീന്നീട് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി ചാലക്കുടി പൊലീസ് വ്യക്തമാക്കി.