കുട്ടനാട് ∙
കൈനകരിയിൽ സിപിഎം നേതാക്കളുടെ മർദനമേറ്റ ഡോക്ടർ, പ്രതികളെ പിടികൂടാൻ വൈകുന്നതിനെതിരെ അവധിദിനത്തിൽ ജോലി ചെയ്തു പ്രതിഷേധിച്ചു. കുപ്പപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ ശരത് ചന്ദ്രബോസാണ് ഞായറാഴ്ച അവധി വേണ്ടെന്നുവച്ച് കൊവിഡ് വാക്സീൻ വിതരണത്തിൽ പങ്കാളിയായി പ്രതിഷേധിച്ചത്.
ആശുപത്രിയിലെ മറ്റു ജീവനക്കാരും അവധി ഉപേക്ഷിച്ചു ജോലി ചെയ്ത് ഡോക്ടർക്കൊപ്പം പ്രതിഷേധത്തിൽ പങ്കാളികളായി. യഥാസമയം വാക്സീൻ ലഭിക്കാതിരുന്ന 520 പേർക്കാണ് ഇന്നലെ വാക്സീൻ നൽകിയത്. രണ്ടാം ഡോസ് മാത്രമാണു വിതരണം ചെയ്തത്.
24ന് വാക്സീൻ വിതരണത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എംസി പ്രസാദ്, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി പിഡി രഘുവരൻ, വിശാഖ് വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ഡോ ശരത് ചന്ദ്രബോസിനെ ആക്രമിച്ചതായാണു കേസ്.
വിശാഖ് വിജയൻ അറസ്റ്റിലായെങ്കിലും മറ്റു രണ്ടുപേരെയും ഇതുവരെ പിടികൂടിയിട്ടില്ല. പ്രതികൾക്കു മുൻകൂർ ജാമ്യത്തിനു സൗകര്യം ഒരുക്കാൻ പൊലീസ് ഒത്തുകളിക്കുന്നുവെന്നാണ് ആക്ഷേപം. കൈനകരി പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഇന്ന് അവിശ്വാസത്തിനു നോട്ടിസ് നൽകാൻ യുഡിഎഫ് തീരുമാനിച്ചു.
” പ്രതികൾ ഒളിവിലാണെന്ന പൊലീസിന്റെ വിശദീകരണം വിശ്വസിക്കാനാകില്ല. പ്രതികൾ നാട്ടിൽത്തന്നെയുണ്ടെന്നാണ് അറിയുന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ ഖേദപ്രകടനം അഭിനയമാണ്.
സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം, താൻ തെറ്റുകാരനല്ലെന്നു പറഞ്ഞ പ്രസിഡന്റ് എന്തിനാണ് ഒളിവിൽ കഴിയുന്നത്? വാക്സീൻ ക്രമക്കേടും സ്വജനപക്ഷപാതവും പുറത്താകുമെന്ന് അറിയാവുന്നതിനാലാണ് പ്രസിഡന്റ് നേരിട്ടുവന്നു സംസാരിക്കാത്തത്’.– ഡോ ശരത് ചന്ദ്രബോസ്, മെഡിക്കൽ ഓഫിസർ, കുപ്പപ്പുറം പിഎച്ച്സി
‘പ്രതികൾക്കായി ബന്ധുവീടുകളിലും വഞ്ചിവീടുകളിലുമെല്ലാം പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയിട്ടില്ല. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്’.– എസ്ടി സുരേഷ് കുമാർ, ഡിവൈഎസ്പി, അമ്പലപ്പുഴ…