Sat. Mar 30th, 2024

ആലപ്പുഴ:

മടവീഴ്ചയെ തുടർന്ന് നശിച്ച നെൽകൃഷിക്ക് ഇൻഷുറൻസ് തുക കിട്ടാതെ കുട്ടനാട്ടിലെ കർഷകർ. പ്രധാനമന്ത്രി ഫസൽ ബീമാ യോജന പദ്ധതി പ്രകാരം ഇൻഷുർ ചെയ്ത കർഷകരാണ് സാമ്പത്തിക സഹായം ലഭിക്കാതെ വഞ്ചിതരായത്. ചമ്പക്കുളം 
പഞ്ചായത്തിൽ മാത്രം1229 കർഷകർക്കാണ് ഇൻഷുറൻസ് തുക നിഷേധിക്കപ്പെട്ടത്.

കഴിഞ്ഞ വർഷം മടവീഴ്ചയിലും വെളളപ്പൊക്കത്തിലും കൃഷി നശിച്ച കുട്ടനാടൻ കർഷകർക്കാണ് പ്രധാനമന്ത്രി ഫസൽ ബീമാ യോജന പദ്ധതി പ്രകാരമുളള സഹായം നിഷേധിക്കപ്പെട്ടത്. ചമ്പക്കുളം പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പേർക്ക് സഹായം കിട്ടാനുളളത്. ഇവിടെ  24 പാടശേഖരങ്ങളിൽ 21 ലും വെളളം കയറി കൃഷി നശിച്ചിരുന്നു.

നഷ്ടപരിഹാരം കണക്കാക്കിയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസും ഇൻഷുറൻസ് കമ്പനിയുമായുളള ഒത്തുകളിയാണ് സഹായം ലഭിക്കാത്തതിന് പിന്നിലെന്ന് കർഷകർ ആരോപിക്കുന്നു. സഹായം ലഭിച്ചില്ലെങ്കിൽ നിമയനടപടി സ്വീകരിക്കാനാണ് പാടശേഖര സമിതികളുടെ തീരുമാനം. പ്രശ്ന പരിഹാരത്തിന് ഇൻഷുറൻസ് കമ്പനിയുമായി ചർച്ച നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

By Rathi N