ദോഹ:
പലസ്തീനികളെ തൃപ്തിപ്പെടുത്തുന്ന സമാധാന പ്രക്രിയയിൽ പുരോഗതിയുണ്ടാകുന്നതുവരെ ഇസ്രായേലുമായുള്ള ഖത്തറിൻറ നിലപാടിൽ മാറ്റമുണ്ടാകില്ലെന്ന് ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി പറഞ്ഞു. പലസ്തീൻ വിഷയത്തിൽ പരിഹാരം അറബ് സമാധാന കരാറിനെയും നിലവിലെ അന്താരാഷ്ട്ര പ്രമേയങ്ങളെയും ആശ്രയിച്ചായിരിക്കും.
ഈജിപ്തുമായി സഹകരിച്ച് ഗാസയിൽ വെടിനിർത്തൽ സാധ്യമായിരിക്കുകയാണ്. നിലവിൽ സമാധാനത്തിലെത്തിയിരിക്കുന്നു. പലസ്തീൻ ഘടകങ്ങൾക്കും ഇസ്രായേലിനുമിടയിലുള്ള വെടിനിർത്തലിൽ ഒരു ആനുകൂല്യത്തിനും ഇടനൽകിയിട്ടില്ലെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. വെടിനിർത്തലിന് ശേഷം ഇതുവരെ സമാധാന പ്രക്രിയയുമായി ബന്ധപ്പെട്ട ശ്രമങ്ങളിൽ ഇസ്രായേലിൻറ ഇടപെടലിന്റെ സൂചനയില്ല.
ഐക്യരാഷ്ട്രസഭയുമായും അമേരിക്ക, ഈജിപ്ത് രാജ്യങ്ങളുമായും സഹകരിച്ച് ഗാസയിലേക്ക് സഹായമെത്തുന്നത് ഉറപ്പുവരുത്തും. വിവിധ സംഘടനകളുമായി ചേർന്ന് തങ്ങളുടെ ഒരു സംഘം ഗസ്സയിൽ പ്രവർത്തിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
തകർക്കപ്പെട്ട വീടുകളുടെ പുനർനിർമാണം, അടിസ്ഥാന സൗകര്യ വികസനം, റോഡുകൾ, സ്കൂളുകളുടെ നിർമാണം, മുറിവേറ്റവർക്ക് ശുശ്രൂഷ എന്നീ കാര്യങ്ങളിൽ കേന്ദ്രീകരിച്ചാണ് ഖത്തറിെൻറ ദുരിതാശ്വാസ പദ്ധതികൾ. ശൈഖ് ജർറാഹിൽ നിന്നും കുടിയൊഴിപ്പിക്കുന്നതടക്കമുള്ള പ്രധാന പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്നത് വസ്തുതയാണ്. ഈ സാഹചര്യത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ മാധ്യസ്ഥ്യം വഹിക്കാൻ ഖത്തറിനാകും. മേഖലയിലെ വിശ്വാസ്യതയുള്ള മധ്യസ്ഥ രാജ്യമാണ് ഖത്തർ.