Wed. Nov 6th, 2024
petrol price

കൊച്ചി:

സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും ഇന്നും കൂട്ടി. ഇതോടെ തലസ്ഥാന ജില്ലയിലെ ഗ്രാമീണ മേഖലയിൽ പെട്രോൾ വില 90 ന് അരികിലെത്തി.

തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില 88 രൂപ 58 പൈസയാണ്. തിരുവനന്തപുരം നഗരത്തിൽ ഡീസൽ വില 82 രൂപ 65 പൈസയിലെത്തി. കൊച്ചിയിൽ പെട്രോൾ വില 86 രൂപ 57 പൈസയായി. കൊച്ചിയിലെ ഡീസൽ വില 80 രൂപ 77 പൈസയാണ്. രണ്ടാഴ്ച്ചക്കിടെ എട്ടാമത്തെ തവണയാണ് ഇന്ധന വില ഉയരുന്നത്.

ഇന്നലെ തന്നെ പെട്രോള്‍ വില സര്‍വകാല റെക്കോഡും മറികടന്നിരുന്നു.പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമായിരുന്നു ഇന്നലെ കൂടിയത്. ഒരു ലിറ്റർ പെട്രോളിന് ഇന്നലത്തെ വില 88 രൂപ 8 പെെസയായിരുന്നു. ഡീസലിന് 82 രൂപ 16 പെെസയും ആയിരുന്നു. കേരളത്തിൽ ഡീസലിന്‍റെ വിലയും സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു.

രാജ്യത്തെ ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. പെട്രോളിന് അന്ന് 85 രൂപ 99 പൈസ ആയിരുന്നു. ഈ സര്‍വകാല റെക്കോര്‍ഡാണ് ഇന്നലെ‌ മറികടന്നത്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞ് നിൽക്കുമ്പോഴാണ് എണ്ണക്കമ്പനികൾ ഇന്ധനവില കൂട്ടുന്നത് എന്നതാണ് ശ്രദ്ധേയം. ഇതോടൊപ്പം സംസ്ഥാനത്തെ നികുതി കൂടി ചേരുമ്പോൾ ആണ് സാധാരണക്കാരെ ഇത് ദുരിതത്തിലാക്കുന്നത്.

ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിർണയിക്കുന്നത്

എന്നാല്‍, ആഗോള അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും പെട്രോളിയം ഉൽ‌പന്നങ്ങളുടെ ആവശ്യകത ഉയർന്നതും കൊവിഡ് -19 നുള്ള വാക്സിൻ ലഭിക്കാനുള്ള സാധ്യതയുമാണ് ഇന്ധന വില വർദ്ധിക്കാനുള്ള പ്രധാന കാരണങ്ങളെന്നാണ് വിലയിരുത്തല്‍.

https://www.youtube.com/watch?v=A4lMCbAYDb0

 

 

By Binsha Das

Digital Journalist at Woke Malayalam