Sat. Apr 27th, 2024
Deep Sidhu

ന്യൂഡല്‍ഹി:

ഡല്‍ഹിയിലെ കിസാന്‍ റാലിക്കിടെയുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദുവും സംഘവുമാണെന്ന് കര്‍ഷക സംഘടനകളുടെ ആരോപണം.

ചെങ്കോട്ടയില്‍ അക്രമം നടത്തിയതും പതാക ഉയര്‍ത്തിയതും ദീപ് സിദ്ദുന്റെ അനുയായികളെന്നും ആ സമരവുമായി ഞങ്ങള്‍ക്ക് ബന്ധമില്ലെന്നും ഭാരതീയ കിസാൻ യൂണിയന്‍റെ ഹരിയാന ഘടകത്തിന്‍റെ പ്രസിഡന്‍റായ ഗുർനാം സിങ്ങ് വ്യക്തമാക്കി. സിദ്ധു കർഷകരെ തെറ്റിദ്ധരിപ്പിച്ച്​ അക്രമത്തിലേക്ക്​ നയിച്ചുവെന്ന്​ അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ ഒരിക്കലും ചെങ്കോട്ടയിലേക്ക് പോകാന്‍ ഉദ്ദേശിച്ചിരുന്നില്ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിദ്ധു ബിജെപിയുടെ ഏജന്‍റാണെന്നും​ സണ്ണി ഡിയോൾ എംപിക്കായി കഴിഞ്ഞ ലോക്​സഭ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തിയിരുന്നതായും കർഷക സംഘടനകൾ ആരോപിക്കുന്നുണ്ട്​. കോൺഗ്രസ്​ എംപി രൺവീത്​ സിങ്​ ബിട്ടുവും സമാനമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്​.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുര്‍ദാസ്പുരില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സണ്ണി ഡിയോളിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയവരില്‍ പ്രധാനികളിലൊരാള്‍ ദീപ് സിദ്ധുവായിരുന്നു.

ദീപ് സിദ്ധുവിനെതള്ളി യോഗേന്ദ്ര യാദവും രംഗത്ത് എത്തി. ദീപക്​ സിദ്ധുവും അദ്ദേഹത്തിന്‍റെ അനുയായിയുമാണ്​ സമരത്തിനിടെ പ്രശ്​നമുണ്ടാക്കിയതെന്ന്​ യോഗേന്ദ്ര യാദവും പറഞ്ഞു. ചെ​ങ്കോട്ടയിലുണ്ടായ സംഭവങ്ങൾ നാണേക്കടുണ്ടാക്കുന്നതാണ്​. സമരത്തിന്‍റെ തുടക്കത്തിൽ സിദ്ധു ഉണ്ടായിരുന്നില്ല. എന്നാൽ, ഇന്നലെ നടന്ന സംഭവങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന്​ അദ്ദേഹത്തിന്​ ഒളിച്ചോടാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദീപ് സിദ്ധുവിന്‍റെ ബിജെപി ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണും പുറത്തുവിട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

https://www.youtube.com/watch?v=FgNkgkQVShY

 

By Binsha Das

Digital Journalist at Woke Malayalam