Sat. Apr 20th, 2024
തിരുവനന്തപുരം:

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച സമ്പൂര്‍ണ ബജറ്റിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. ബജറ്റ് ബഡായി ബജറ്റായി മാത്രമേ കാണാന്‍ സാധിക്കൂ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ബജറ്റുകളില്‍ നൂറു കണക്കിന് വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ച ധനകാര്യമന്ത്രി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സമയമായതുകൊണ്ട് കുറേകൂടി വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് ബജറ്റ് അവതരണത്തിലൂടെ ചെയ്തിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. അത് നടന്നില്ല. ഇപ്പോള്‍ ഡിജിറ്റല്‍ മേഖലയില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് പറയുന്നത്. ചുരുക്കത്തില്‍ കേരളത്തിലുള്ളവര്‍ക്കെല്ലാം തൊഴില്‍ നല്‍കി തമിഴ്‌നാട്ടിലുള്ളവര്‍ക്കു കൂടി തൊഴില്‍ നല്‍കുന്ന പ്രഖ്യാപനമാണ് ഐസക്ക് നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു.

By Divya