Wed. Apr 24th, 2024

തിരുവനന്തപുരം:

നീണ്ട ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാർത്ഥികൾ ഇന്ന് വീണ്ടും സ്കൂളുകളിലെത്തി. ഓണ്‍ലെെന്‍ പഠനത്തില്‍ നിന്ന് പഠനം ഓഫ് ലെെനായതോടെ വിദ്യാര്‍ത്ഥികളും അധ്യാപകരും സന്തോഷത്തിലാണ്.

കൊവിഡും ലോക്ക്ഡൗണും മൂലം 286 ദിവസമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ സ്കൂളുകളാണ് ഇന്ന് ഭാഗികമായി പ്രവര്‍ത്തനം തുടങ്ങിയത്. 10,12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കാണ് ഇന്ന് ക്ലാസ് ആരംഭിച്ചിരിക്കുന്നത്.  കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്ലാസ്സുകള്‍ നടക്കുന്നത്.

50% ഹാജർ നില മാത്രമേ അനുവദിക്കൂ. ഇതിനായി രാവിലെയും ഉച്ചക്കുമായി ഷിഫ്റ്റുകളാക്കി തിരിച്ചാണ് ക്ലാസുകൾ. SSLCയിൽ 4.25 ലക്ഷം കുട്ടികളും രണ്ടാം വർഷ ഹയർ സെക്കണ്ടറിയിൽ 3.84 ലക്ഷം കുട്ടികളുമാണ് ഇന്ന് സ്കൂളുകളിലെത്തിയത്.

സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള മാനദണ്ഡങ്ങൾ‌‍ പാലിച്ചാണ് വിദ്യാർത്ഥികളെ ക്ലാസ് മുറികളിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. മാതാപിതാക്കളുടെ അനുമതിപത്രവും പ്രവേശനത്തിന് മാനദണ്ഡമായി നിശ്ചയിച്ചിരുന്നു.

വായും മൂക്കും മൂടുന്ന രീതിയില്‍ മാസ്ക് ധരിച്ച് മാത്രമേ സ്കൂളിലെത്താവൂ. അധ്യാപകരും കുട്ടികളും മറ്റു ജീവനക്കാരും മുഴുവന്‍ സമയവും മാസ്ക് ധരിക്കണം.

പരമാവധി കുട്ടികള്‍ സാനിറ്റൈസറുമായി എത്തണമെന്നാണ് നിര്‍ദ്ദേശം. സാമൂഹിക അകലം പാലിച്ച് ഒരു കുട്ടി ഒരു ബെഞ്ചില്‍ ഇരിക്കുന്ന രീതിയിലാണ് ക്രമീകരണം.

സ്വന്തമായി വാഹനമില്ലാത്ത സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ യാത്ര സൗകര്യങ്ങൾ ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്‌പോർട് അതോറിറ്റിക്ക് കത്ത് നൽകിയിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധിക്കിടയിലും പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണത്തില്‍ ഇക്കുറി വന്‍ വര്‍ദ്ധനവുണ്ട്. ഒന്നേമുക്കാല്‍ ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയങ്ങളില്‍ പുതുതായെത്തിയത്.

https://www.youtube.com/watch?v=lDHjfO-OR9U

By Binsha Das

Digital Journalist at Woke Malayalam