Thu. Apr 25th, 2024
kerala speaker P Sreeramakrishnan

തിരുവനന്തപുരം:

ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. അടുത്ത ആഴ്ച നോട്ടീസ് നല്‍കി സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചുവരുത്താനാണ് കസ്റ്റംസ് നീക്കം.

ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്നാണ് സ്പീക്കര്‍ക്കെതിരെ പ്രതികള്‍ മൊഴി നല്‍കിയത്‌. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും സരിത്തുമാണ് മൊഴി നല്‍കിയത്.

ഇരുവരും മജിസ്‌ട്രേറ്റിനും കസ്റ്റംസിനും നല്‍കിയ മൊഴിയില്‍ സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. ഉന്നതരുടെ പേരുകള്‍ ഉണ്ടായതിനാല്‍ തന്നെ മൊഴികളില്‍ ആധികാരികത വരുത്താനാണ് മജിസ്‌ട്രേറ്റിന് രഹസ്യ മൊഴിനല്‍കിയ ശേഷം തുടര്‍നടപടികളിലേക്ക് കസ്റ്റംസ് നീങ്ങുന്നത്.

അതേസമയം,  ഇതേക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും പരസ്യമായി പ്രതികരിക്കാനില്ലെന്നുമാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചത്.

ഇതിനിടെ, സ്പീക്കര്‍ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഡോളര്‍കടത്ത്‌ കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാര്‍ത്ത ശരിയാണെങ്കില്‍ സ്പീക്കര്‍ക്ക് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാനുള്ള യോഗ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.

https://www.youtube.com/watch?v=fldDkA-FtVk

 

 

 

By Binsha Das

Digital Journalist at Woke Malayalam