Sat. Jan 18th, 2025
മീററ്റ്:

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള  പ്രതിഷേധത്തിനിടയിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംങ്ങളെ കാണാൻ മീററ്റിലെത്തിയ പ്രിയങ്കാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പൊലീസ് തടഞ്ഞു. ഇരുവരും മീററ്റില്‍ എത്തുന്നതിനു തൊട്ടുമുൻപായാണ് പോലീസ് തടഞ്ഞത്.

മൂന്നുപേരുടെ സംഘമായി തങ്ങള്‍ പൊയ്‌ക്കൊള്ളാമെന്ന് ഇരുവരും പോലീസിനോട് പറഞ്ഞെങ്കിലും പോകാൻ അനുവദിച്ചില്ല. പ്രിയങ്കയും,രാഹുലും, പ്രമോദ് തിവാരിയും, മാത്രമേ പോകൂവെന്നും ഇത് നിരോധനാജ്ഞയുടെ ലംഘനമല്ലെന്നു പോലീസിനോട് ആവർത്തിച്ചു പറഞ്ഞിട്ടും പോലീസ് ഇവരെ തടഞ്ഞു വെക്കുകയായിരുന്നു.

മീററ്റിൽ പോകാൻ അനുമതി നിഷേധിക്കുന്നതിനു  നിങ്ങളുടെ കൈയില്‍ എന്തെങ്കിലും ഉത്തരവുണ്ടോയെന്നു രാഹുൽ പോലീസിനോട് ചോദിച്ചെങ്കിലും കൃത്യമായ മറുപടി നൽകിയില്ലന്നും, പോലീസ് തങ്ങളോടു തിരികെപ്പോകാന്‍ മാത്രമാണു പറഞ്ഞതെന്നും രാഹുല്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് ട്വീറ്റ് ചെയ്ത വീഡിയോയിലാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്. ഇതിനെ തുടർന്ന് ഇരുവരും ഡല്‍ഹിയിലേക്ക് മടങ്ങി.
ഉത്തര്‍പ്രദേശിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തിനിടെ പൊലീസ് നടത്തിയ വെടിവെപ്പില്‍ മാത്രം പതിനഞ്ചോളം പേരാണ് കൊല്ലപ്പെട്ടത്.