Wed. Nov 6th, 2024
ന്യൂഡൽഹി :

പാർലമെന്റിൽ കേന്ദ്രസർക്കാരിനെതിരെ കശ്മീർ വിഷയം ആയുധമാക്കാൻ കോൺഗ്രസ് നീക്കം. കശ്മീരിൽ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണു നടക്കുന്നത്. അമർനാഥ് തീർഥാടകരോടും വിനോദ സഞ്ചാരികളോടും എത്രയും വേഗം സംസ്ഥാനം വിടാൻ ഭരണകൂടംഅറിയിക്കുകയും കൂടുതൽ സേനയെ അയയ്ക്കുകയും ചെയ്തതിനെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം നൽകണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. ചരിത്രത്തിലാദ്യമായിട്ടാണ് അമർനാഥ് തീർഥാടനം നിർത്തിവയ്ക്കുന്നതെന്നും ആസാദ് കുറ്റപ്പെടുത്തി.

നാളെ പാർലമെന്റ് സമ്മേളനത്തിൽ പ്രതിപക്ഷ കക്ഷികളുമായ് കൂട്ടുപിടിച്ചു സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്താനുള്ള നീക്കം കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്. കശ്മീരിൽ അസാധാരണ നടപടിക്കു സർക്കാർ ഒരുങ്ങുന്നുവെന്ന ശക്തമായ അഭ്യൂഹം ജനങ്ങളെ പരിഭ്രാന്തരാക്കിയ സാഹചര്യത്തിൽ, ഇക്കാര്യത്തിൽ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെടും. കശ്മീരിലെ നാഷനൽ കോൺഫറൻസ്, പിഡിപി കക്ഷികളുമായും പ്രതിപക്ഷം ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്.

കശ്മീരിന്റെ ഭരണഘടനാ അവകാശങ്ങൾ എടുത്തുകളയാൻ സർക്കാർ മുതിരുകയാണെങ്കിൽ, അത് തടയുന്നതിനായി ഒന്നിച്ചു നിൽക്കണമെന്ന സന്ദേശമാണു കോൺഗ്രസ് പ്രതിപക്ഷ കക്ഷികൾക്കു നൽകിയിട്ടുള്ളത്. കേന്ദ്രത്തിനെതിരായ നീക്കങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിക്കുന്നതും കോൺഗ്രസ് ആലോചിച്ചു വരുന്നുണ്ട്. പി.ഡി.പി. നേതാവ് മെഹബൂബ മുഫ്തിയും നാഷനൽ കോൺഫറൻസിന്റെ ഫാറൂഖ് അബ്ദുല്ലയും രാഷ്ട്രീയ വേർതിരിവുകൾ ഒതുക്കി നിർത്തി, വെള്ളിയാഴ്ച രാത്രി കൂടിക്കാഴ്ച നടത്തിയത് കേന്ദ്രത്തിനെതിരെ സംയുക്ത പ്രതിഷേധത്തിനു കശ്മീരിലെ കക്ഷികൾ തയാറെടുക്കുന്നതിന്റെ സൂചനയാണ്.

കേന്ദ്രനടപടികളെ എതിർക്കാൻ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നു മെഹബൂബ ചൂണ്ടിക്കാട്ടിയിരുന്നു. കശ്മീരിലുടനീളം ഭയവും പരിഭ്രാന്തിയും പരത്താൻ ശ്രമം നടക്കുന്നുവെന്നും കേന്ദ്രം എന്തിനുള്ള പുറപ്പാടാണെന്ന് അറിയില്ലെന്നും കോൺഗ്രസ് നേതാവ് കരൺ സിങ് പറഞ്ഞു. സംസ്ഥാനത്ത് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തിനെന്നു സർക്കാർ വ്യക്തമാക്കണമെന്നും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നീക്കങ്ങളിൽ നിന്നു പിൻമാറണമെന്നും സി.പി.എം. ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *