മുംബൈ :
മഹാരാഷ്‌ട്രയിൽ കോൺഗ്രസ്, എൻ.സി.പി പാർട്ടികളിൽ നിന്നും അമ്പത് എം. എൽ. എ. മാർ ഉടൻ തന്നെ ബി.ജെ.പി. യിൽ എത്തുമെന്ന് മഹാരാഷ്‌ട്ര ജല വകുപ്പ് മന്ത്രിയായ ഗിരീഷ് മഹാജൻ. ബി.ജെ.പി. യുമായി ഇവർ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇവർ ബി.ജെ.പി. യിൽ എത്തുമെന്നും ഗിരീഷ് മഹാജൻ പറഞ്ഞു.
നവി മുംബൈ മേയര്‍ എന്‍.സി.പി. യുടെ സന്ദീപ് നായിക്കിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ചേര്‍ന്ന യോഗത്തില്‍ നിരവധി അംഗങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് സന്ദീപ് ബി.ജെ.പി. യില്‍ ചേരണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചെന്നാണ് വിവരം. “ഒരു മാസം മുമ്പ് മുതിർന്ന എൻ.സി.പി. ലീഡർ ചിത്ര വാഗ ബി. ജെ. പി. യിൽ ചേരാൻ സമ്മതം അറിയിച്ചിട്ടുണ്ട്, നിലവിൽ എൻ സി പിയിൽ ഒരു ഭാവിയും ഇല്ലെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു. എം. എൽ. എ. മാർ തങ്ങളുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. അടുത്ത അസ്സംബ്ലി തിരഞ്ഞെടുപ്പിന് മുമ്പായി ബി ജെ പിയിൽ ചേരാനാണ് അവർ ശ്രമം നടത്തുന്നത്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ കോൺഗ്രസ് തകർച്ചയിലാകും. എൻ സി പി കൂടുതൽ ക്ഷയിക്കുമെന്നും,” ഗിരീഷ് മഹാജൻ പറഞ്ഞു.
എൻ.സി.പി. നേതാവും മുൻ മന്ത്രിയും മുബൈ യൂണിറ്റ് ചീഫുമായ സച്ചിൻ അഹിർ, പാർട്ടി വനിതാ പ്രസിഡന്റ് ചിത്ര വാഗ് എന്നിവർ അടുത്തിടെ പാർട്ടി വിടുകയും സച്ചിൻ അഹിർ ശിവസേനയിൽ ചേരുകയും ചെയ്‌തിരുന്നു. എൻ.സി.പി യുടെ എം.എൽ.എ. വൈഭവ് പിച്ചാടും ബി.ജെ.പി. യിൽ ചേരാൻ സന്നദ്ധത അറിയിച്ചു രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, കോൺഗ്രസിനെയും എൻ.സി.പി. യെയും തകർക്കാൻ ബി.ജെ.പി. സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന ശരത് പവാറിന്റെ ആരോപണം മന്ത്രി തള്ളി. എൻ.സി.പി നേതാവും മുൻ മന്ത്രിയുമായ ഹസൻ മുസഫറിന്റെ വീട്ടിൽ ഇൻകം ടാക്സ് വകുപ്പ് നടത്തിയ റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് പവാറിന്റെ പ്രസ്താവന. എന്നാൽ ഹസൻ മുസഫറിന്റെ വീട്ടിൽ നടന്ന റെയ്ഡ് നിയമപരമാണെന്നും അതിൽ രാഷ്ട്രീയമമില്ലെന്നും ഗിരീഷ് മഹാജൻ പറഞ്ഞു. സ്വന്തം രാഷ്ട്രീയ പരാജയം മറച്ചുവെക്കാനാണ് അദ്ദേഹം ഈ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഞങ്ങൾ ആരെയും ഭീഷണിപ്പെടുത്തുകയോ ഏതെങ്കിലും നേതാവിനെ സമ്മർദ്ദത്തിലാക്കുകയോ ചെയ്തിട്ടില്ലെന്നും ഗിരീഷ് മഹാജൻ പറഞ്ഞു.
ഈ വർഷം അവസാനത്തോടെയാണ് മഹാരാഷ്‌ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. അതിനിടെ കോൺഗ്രസ്, എൻ.സി.പി. നേതാക്കൾ ബി.ജെ.പി. യിലെത്തുമെന്നാണ് ബി.ജെ.പി. നേതൃത്വം പറയുന്നത്. 2014 ൽ നടന്ന അസ്സംബ്ലി തിരഞ്ഞെടുപ്പിൽ 288 സീറ്റുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ 122 സീറ്റിൽ ബി. ജെ. പി. യും 63 എണ്ണത്തിൽ ശിവസേനയും കോൺഗ്രസ് 42 ഉം എൻ. സി. പി. 41 സീറ്റുകളുമാണ് നേടിയിരുന്നത്.