Fri. Apr 19th, 2024
ന്യൂഡൽഹി:

ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഇന്ന് നിശബ്ദ പ്രചാരണമാണ്. ജമ്മു കശ്മീരിലെ അനന്ത്നാഗ് ഉൾപ്പെടെ 72 മണ്ഡലങ്ങളിലെ വോട്ടർമാരാണ് നാളെ പോളിംഗ് ബൂത്തിൽ എത്തുന്നത്. 2014 ൽ ഈ 72 സീറ്റുകളിൽ 45 സീറ്റുകളും ബി.ജെ.പിയാണ് നേടിയത്. കോൺഗ്രസിന് ആകെ രണ്ട് സീറ്റുകളാണ് കിട്ടിയത്.

മോദിക്കും, മോദി വിരുദ്ധര്‍ക്കും നിര്‍‍ണായകമായ നാലാം ഘട്ടത്തിൽ 12 കോടി 79 ലക്ഷം വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ ഏറ്റമുട്ടുന്ന രാജസ്ഥാനും മധ്യപ്രദേശും പോളിങ്ങ് ബൂത്തിലെത്തുകയാണ്. നാലാം ഘട്ടത്തിൽ മഹാരാഷ്ട്രയിലും, ഒഡീഷയിലും ഈ ഘട്ടത്തോടെ പോളിംഗ് പൂർത്തിയാകും.മഹാരാഷ്ട്രയിൽ 17 ഉം, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ 13 മണ്ഡലങ്ങളും ഇതിൽ ഉൾപ്പെടും.

എസ്‍.പി, ബി.എസ്‍.പി സഖ്യത്തിന്‍റെ യാദവ്- ദളിത്- മുസ്ലീം വോട്ടു ഏകീകരണം യു.പിയിൽ ബി.ജെ.പിക്ക് കനത്ത വെല്ലുവിളിയാകും. ദേശീയതയും കാർഷികപ്രശ്നങ്ങളും നേർക്കു നേർ ഏറ്റുമുട്ടിയ പ്രചാരണമായിരുന്നു മഹാരാഷ്ട്രയിലേത്. ഗ്രാമീണ മേഖലകളിൽ വികസനവും, കാർഷിക സഹായപദ്ധതികളും ചൂണ്ടിക്കാട്ടിയതിനൊപ്പം തന്നെ നഗരങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയതയും പ്രചാരണവിഷയമായി.

2014-ൽ രാജസ്ഥാനിലെ 13 സീറ്റുകളും ബി.ജെ.പി തൂത്തുവാരിയിരുന്നു. പക്ഷേ കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചു വരവ് നടത്തിയ കോൺഗ്രസ്സ് ഭരണം പിടിച്ചെടുത്തിരുന്നു.

തുടർച്ചയായ തെരഞ്ഞെടുപ്പ് അക്രമങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമബംഗാളിൽ കനത്ത ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. തൃണമൂൽ – ബിജെപി – കോൺഗ്രസ് – ഇടത് പോരാട്ടമാണ് ഇത്തവണ പശ്ചിമബംഗാളിൽ നടക്കുന്നത്. ആകെ എട്ട് സീറ്റുകളിലാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജമ്മു കശ്മീരിൽ രണ്ട് തവണയായി ഒരു മണ്ഡലത്തിൽ തെരഞ്ഞടുപ്പ് നടത്തുകയാണ് അനന്ത് നാഗ് മണ്ഡലത്തിൽ. അനന്ത് നാഗിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പാണ് ഇന്ന്.

മുംബൈ കോൺഗ്രസ് അധ്യക്ഷൻ മിലിന്ദ് ദേവ്റെ മത്സരിക്കുന്ന മുംബൈ സൗത്ത്, നടി ഊർമിള മംതോഡ്കർ ജനവിധി തേടുന്ന മുംബൈ നോർത്ത്, യുവമോർച്ച ദേശീയ അധ്യക്ഷ പൂനം മഹാജനും സുനിൽ ദത്തിന്റെ മകൾ പ്രിയ ദത്തും ജനവിധി തേടുന്ന മുംബൈ സെൻട്രൽ എന്നിവയാണ് ശ്രദ്ധ നേടുന്ന മണ്ഡലങ്ങൾ. കനയ്യകുമാർ മത്സരിക്കുന്ന ബീഹാറിലെ ബഗുസാരായിയും ശ്രദ്ധേയ മണ്ഡലമാണ്.

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥിന്റെ മകൻ നകുൽ നാഥ് ചിന്ത്വാരയിലും, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റ മകൻ വൈഭവും നാലാം ഘട്ടത്തിൽ ജനവിധി തേടുന്നവരാണ്. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ വിവാദ എം.പി സാക്ഷി മഹാരാജും ഇത്തവണ ജനവിധി തേടുന്നുണ്ട്. പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ നടി മൂണ്‍ മൂണ്‍ സെന്നിനെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. കേന്ദ്രമന്ത്രിയും ഗായകനുമായ ബാബുല്‍ സുപ്രിയോ ആണ് ഇവിടെ എൻ.ഡി.എ സ്ഥാനാർത്ഥി.

പ്രതിവർഷം 72,000 രൂപ ബിപിഎൽ കുടുംബങ്ങൾക്ക് ഉറപ്പാക്കുന്ന ‘ന്യായ്’ പദ്ധതിയും, കാര്‍ഷിക പ്രതിസന്ധിയും. തൊഴിലില്ലായ്മയുമാണ് കോണ്‍ഗ്രസ് ഈ മണ്ഡലങ്ങളിൽ പ്രധാന പ്രചാരണ വിഷയമാക്കിയത്. മോദി ഫാക്ടറിലാണ് ബിജെപിയുടെ വിജയ പ്രതീക്ഷ. 2014ലേതു പോലെ വീണ്ടും ഒ.ബി.സി കാര്‍ഡ് കളത്തിലിറക്കിയിരിക്കുകയാണ് മോദി.

Leave a Reply

Your email address will not be published. Required fields are marked *