പത്തനംതിട്ട:
തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പത്തനംതിട്ട ലോക്‌സഭ മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെത്തിയത് മോഷണക്കേസിലേയും തട്ടിപ്പുകേസിലേയും പ്രതിയെ ഒപ്പം കൂട്ടി. ക്ഷേത്രത്തിലെ ചെമ്പ് പാളികള്‍ മോഷ്ടിച്ച് മറിച്ചുവിറ്റ കേസിലെ പ്രതിയായ ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗവും തൃച്ചേന്ദമംഗലം ക്ഷേത്രഭരണ സമിതി മുന്‍ പ്രസിഡന്റുമായ പെരിങ്ങനാട് പോത്തടി തട്ടാനപ്പള്ളില്‍ അജിത് കുമാറാണ് സുരേന്ദ്രനൊപ്പം പത്രിക സമര്‍പ്പിക്കാന്‍ കളക്ടര്‍ക്ക് മുമ്പാകെ എത്തിയത്.
തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ പാകാനായി വാങ്ങിച്ച 3,126 കിലോ ചെമ്പുപാളികള്‍ മോഷ്ടിച്ച് മറിച്ചുവിറ്റ കേസിലെ മുഖ്യപ്രതിയാണ് അജിത് കുമാര്‍. അടൂര്‍ സിഐ മനോജ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസാണിത്. പിന്നാലെ ഇതേ ക്ഷേത്രത്തില്‍ പ്രസിഡന്റായിരിക്കെ നമസ്‌കാര മണ്ഡപം പുതുക്കി പണിയാന്‍ വാങ്ങിച്ച മരങ്ങളുടെ ബില്ലില്‍ കൃത്രിമം കാണിച്ച് 27 ലക്ഷം രൂപയും ഇയാള്‍ തട്ടിയെടുത്തിരുന്നു. പിന്നാലെ ശരിയായ രസീത് കണ്ടെടുത്തതോടെ ഇയാള്‍ക്ക് കുരുക്ക് വീഴുകയായിരുന്നു.
അജിത് കുമാറിനെ പ്രതിയാക്കി ക്ഷേത്രഭരണ സമിതി നല്‍കിയ പരാതിയില്‍ നടപടിയെടുത്ത പത്തനംതിട്ട ജില്ലാ കോടതി ഇയാളുടെ വസ്തുവകകളെല്ലാം കണ്ടുകെട്ടിയിരുന്നു. കൂടാതെ ക്ഷേത്ര ട്രസ്റ്റ് അജിത്തിന് പത്തുവര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.