Thu. Apr 25th, 2024
കല്‍പ്പറ്റ:

വയനാട് മണ്ഡലത്തില്‍ മത്സരിക്കാനെത്തുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഉജ്വല വരവേല്‍പ്പ്. നാമനി‌ര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി വയനാട്ടിലേക്ക് ഹെലികോപ്ടറില്‍ എത്തിയ രാഹുലിനും പ്രിയങ്കയ്ക്കും വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആവേശം കണ്ട രാഹുല്‍ സുരക്ഷ നോക്കാതെ തുറന്ന വാഹനത്തില്‍ കയറി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.

എസ്.ജി.എം കല്‍പറ്റ എസ്.കെ.എം.ജെ സ്കൂള്‍ ഗ്രൗണ്ടില്‍ താല്‍ക്കാലിക ഹെലിപാഡ‍ില്‍ ഇറങ്ങിയ ശേഷം തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരോടൊപ്പം കളക്‌ട്രേറ്റിലേക്ക് പുറപ്പട്ടു. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഒപ്പമുണ്ട്. അതീവ സുരക്ഷയുള്ള ഇസഡ് പ്ളസ് കാറ്റഗറിയിലാണ് രാഹുല്‍ വയനാട്ടിലേക്ക് എത്തിയത്. യന്ത്രത്തോക്കേന്തിയ 36 കമാന്‍ഡോകള്‍ മുഴുവന്‍ സമയം കൂടെയുണ്ടാകും. പത്രിക സമ‌ര്‍പ്പിച്ച വയനാട് കളക്‌ട്രേറ്റിലും വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്.

ഹെലിക്കോപ്റ്ററില്‍ നിന്നിറങ്ങി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്ത ശേഷം സുരക്ഷാ അകമ്പടിയോടെ നേരെ കളക്‌ട്രേറ്റിലേക്ക് നീങ്ങിയ രാഹുലും സംഘവും അവിടെ പ്രിയങ്കയ്ക്ക് ഒപ്പമെത്തി 11.40 ഓടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അതിന് ശേഷം പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ റോഡ് ഷോ. രാഹുലിനും പ്രിയങ്കയ്ക്കും പുറമെ എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ വാഹനത്തിലുണ്ടായിരുന്നു.

രാഹുലിനെ കാണാനായി ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് കല്‍പ്പറ്റയിലേക്ക് ഒഴുകിയെത്തിയത്. സംസ്ഥാനത്തിന്റെ പലഭാഗത്ത് നിന്നും പ്രവര്‍ത്തകര്‍ പുലര്‍ച്ചെ മുതല്‍ കല്‍പ്പറ്റയില്‍ തമ്പടിച്ചിരുന്നു. വഴിയുടെ ഇരുവശത്തുമായി പ്രിയ നേതാവിനെ കാണാന്‍ അണികളും നാട്ടുകാരും തടിച്ചുകൂടിനിന്നിരുന്നത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ നീണ്ടനിരയുമുണ്ടായിരുന്നു. പ്രധാനമന്ത്രിമാരും കോണ്‍ഗ്രസ് പ്രസിഡന്റുമാരും പലതവണ കേരളത്തിലെത്തിയിട്ടുണ്ടെങ്കിലും അവര്‍ ഏതെങ്കിലും റാലിയെ അഭിസംബോധന ചെയ്ത് മടങ്ങുകയായിരുന്നു പതിവ്. ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസ് അധ്യക്ഷന്‍ അതും പാര്‍ട്ടിയുടെ മുഖമായ ഒരാള്‍ കേരളത്തിലെ ഒരു മണ്ഡലത്തില്‍ മത്സരിക്കുന്നത്.

ഇന്നലെ രാത്രി കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തിയ രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ഉമ്മന്‍ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലും, കോഴിക്കോട് ഗസ്റ്റ് ഹൗസിലുമായി പ്രവര്‍ത്തകര്‍ രാഹുലിനെയും, പ്രിയങ്കയേയും സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *