Thu. Apr 25th, 2024
ന്യൂഡല്‍ഹി:

പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്ലില്‍ പ്രതിസന്ധി രൂക്ഷം. 54,000 ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു. ജീവനക്കാരെ പിരിച്ചു വിടാനുള്ള തീരുമാനം കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ അന്തിമ തീരുമാനമെടുക്കുന്നത് വൈകും. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ ബി.എസ്.എന്‍.എല്ലില്‍ കൂട്ട പിരിച്ചുവിടലുണ്ടാകും. ബി.എസ്.എന്‍.എല്ലിന്റെ നഷ്ടം കുറയ്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് പിരിച്ചുവിടലടക്കമുള്ള നടപടികള്‍.

ഇതിനിടെ ജീവനക്കാരുടെ സ്വമേധയായുള്ള വിരമിക്കലിന് അംഗീകാരം തേടികൊണ്ട് ടെലികോം മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്. 50 വയസിന് മുകളിലുള്ള ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ ജീവനക്കാരെയാണ് സ്വമേധയാ വിരമിക്കലിനാണ് മന്ത്രാലയം ശുപാര്‍ശ ചെയ്തിരിക്കുന്നത്. ബി.എസ്.എന്‍.എല്ലില്‍ 1.76 ലക്ഷം ജീവനക്കാരാണ് ഇന്ത്യയിലാകമാനമുള്ളത്. എം.ടി.എന്‍.എലില്‍ 22,000 ജീവനക്കാരുമുണ്ട്. 50 ശതമാനം ബി.എസ്.എന്‍.എല്‍ ജീവനക്കാരും എം.ടി.എന്‍.എല്ലിലെ 16000 ജീവനക്കാരും അടുത്ത അഞ്ചോ ആറോ വര്‍ഷത്തിനുള്ളില്‍ വിരമിക്കുന്നവരാണ്.

തിരഞ്ഞെടുപ്പിന് മുമ്പ് ജീവനക്കാരെ പിരിച്ചുവിട്ടാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് മുന്നില്‍ കണ്ട് അന്തിമ തീരുമാനമെടുക്കുന്നത് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ബി.എസ്.എന്‍.എല്‍ അധികൃതരോട് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ കുറച്ച് നാളുകളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബി.എസ്.എന്‍.എല്‍. ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധവും ആരംഭിച്ചിരുന്നു. ഫെബ്രുവരി മാസത്തിലെ ശമ്പളം ഇതുവരെ ജീവനക്കാര്‍ക്ക് നല്‍കിയിട്ടില്ല. 1.68 ലക്ഷം ജീവനക്കാരാണ് ശമ്പളം കിട്ടാതെ വലയുന്നത്. കരാര്‍ ജീവനക്കാര്‍ക്കാണെങ്കില്‍ മൂന്നു മാസമായി ശമ്പളം മുടങ്ങിക്കിടക്കുകയാണ്.

70000ത്തോളം മൊബൈല്‍ ടവറുകള്‍ സ്വന്തമായുള്ളതും, മൂന്നു ലക്ഷത്തിലേറെ ജീവനക്കാര്‍ പണിയെടുക്കുന്നതുമായ ടെലികോം സ്ഥാപനമാണ് ബി.എസ്.എന്‍.എല്‍. സ്ഥാപനത്തിന്റെ ടവര്‍ കമ്പനി, ലാന്റ് ബാങ്ക്, കേബിള്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്നിങ്ങനെ വിവിധ കമ്പനികളായി മുറിച്ച് സ്വകാര്യ മേഖലയ്ക്ക് വില്‍ക്കാനുള്ള ശ്രമം നാളുകളായി സര്‍ക്കാര്‍ നടത്തിവരികയാണ്. അതിന്റെ ആദ്യ പടിയായി മൊബൈല്‍ ടവറുകളും അതുമായി ബന്ധപ്പെട്ട ആസ്തികളും പ്രത്യേക കമ്പനിയുടെ കീഴിലാക്കാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു.

ചരിത്രത്തിലാദ്യമായാണ് ബി.എസ്.എന്‍.എല്ലില്‍ ശമ്പളം മുടങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *