കാഞ്ഞിരപ്പുഴ:
കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം മലമ്പുഴ മാതൃകയിൽ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ജലസേചന വകുപ്പും സംയുക്തമായി പരിപാലിക്കാനും സംരക്ഷിക്കാനും തീരുമാനിച്ചു. ഒക്ടോബർ ഒന്നിന് ഉദ്യാനം പുതിയ കമ്മിറ്റിയുടെ നിയന്ത്രണത്തിലാവും.
കാഞ്ഞിരപ്പുഴ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ അഡ്വ കെ ശാന്തകുമാരി എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കെ ശാന്തകുമാരി എംഎൽഎ ചെയർപഴ്സനായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. ജില്ല കലക്ടറാണ് വൈസ് ചെയർമാൻ.
കാഞ്ഞിരപ്പുഴ ഇറിഗേഷൻ എക്സി. എൻജിനീയറാണ് കമ്മിറ്റിയുടെ സെക്രട്ടറി. 20 അംഗ കമ്മിറ്റിയാണ് രൂപവത്കരിച്ചത്. കാഞ്ഞിരപ്പുഴ ഉദ്യാനത്തിെൻറ മുഴുവൻ മേൽനോട്ടവും ഇനി ഈ കമ്മിറ്റിക്ക് കീഴിലാവും. കാഞ്ഞിരപ്പുഴ ഉദ്യാനത്തിെൻറ പരിപൂർണ ഉത്തരവാദിത്തം കാഞ്ഞിരപ്പുഴ ഇറിഗേഷൻ എക്സി. എൻജിനീയർക്കാണ്.
ആറുമാസം മുമ്പ് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു. ഉദ്യാനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളും നവീകരണവും ഇരു വകുപ്പുകളും സംയോജിപ്പിച്ചാണ് നടപ്പാക്കുക.