Wed. Apr 24th, 2024
മലപ്പുറം:

മുസ്ലിം ലീഗ് ലിംഗ രാഷ്ട്രീയത്തിനായല്ല നില കൊള്ളുന്നതെന്ന് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂർബിന റഷീദ്. ലിംഗ ന്യൂനപക്ഷത്തിനായല്ല നമ്മുടെ പ്രവർത്തനമെന്നാണ് ഹരിത പ്രവർത്തകർക്ക് നൂർബിന നൽകിയ ഉപദേശം. പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ നേതാക്കളെ പുറത്താക്കി പുതിയ നേതൃത്വത്തെ അവരോധിച്ച ശേഷം ഹരിത സംഘടിപ്പിച്ച ആദ്യ പരിപാടിയിലാണ് നൂർബീനയുടെ പ്രസംഗം.

‘ലീഗിന്റെ ന്യൂനപക്ഷം എന്നാൽ മത ന്യൂനപക്ഷമാണ്. ലീഗ് ഭരണഘടനയിൽ എവിടെയും ലിംഗ ന്യൂനപക്ഷത്തിനായി നിലകൊള്ളാൻ പറഞ്ഞിട്ടില്ല. മുസ്ലീം സമുദായത്തിൽ ജനിച്ചവർക്ക് ഒരു സംസ്കാരം ഉണ്ട്.

അത് എല്ലാവരും കാത്ത് സൂക്ഷിക്കണം. ഭർത്താവിനും കുടുംബത്തിനും വേണ്ടി ജീവിക്കുന്ന സ്ത്രീകളാണ് എന്റെ മാതൃകയെന്നുമാണ് നൂർബീന പറയുന്നത് . മുസ്ലിം ലീഗ് സമുദായ രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കുന്നത്. നമ്മൾ ലീഗിലെ സ്ത്രീകളാണെങ്കിലും ആദ്യം മുസ്ലിം ആണെന്ന ബോധം മറക്കരുത്.

സമുദായത്തെ മറന്ന് രാഷ്ട്രീയ പ്രവർത്തിക്കരുതെന്നുമാണ് നൂർബിന റഷീദ് ഹരിതയുടെ സി എച്ച്‌ അനുസ്മരണ ഏകദിന സെമിനാറിൽ പറഞ്ഞത്.അതിനിടെ മുസ്ലിം ലീഗ് നേതൃത്വത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചും മുന്‍ ഭാരവാഹികളെ തളളിപ്പറഞ്ഞും പുതിയ ഹരിത നേതൃത്വവും രംഗത്തെത്തി. ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും വേദനിപ്പിക്കുന്ന യാതൊന്നും ഇനി ഹരിതയില്‍ നിന്ന് ഉണ്ടാകില്ലെന്ന് പുതിയ ഭാരവാഹികള്‍ പരിപാടിയിൽ പറഞ്ഞു.

പൊതു ബോധത്തിന് വിപരീതമായി പാർട്ടിയെടുത്ത തീരുമാനങ്ങൾ ശരിയാണെന്ന് കാലം തെളിയിച്ചിട്ടുണ്ടെന്നാണ് പുതിയ ഹരിത ജനറൽ സെക്രട്ടറി റുമൈസ റഫീഖ് പ്രതികരിച്ചത്. കോഴിക്കോട്ട് നടന്ന സിഎച്ച് അനുസ്മരണ യോഗത്തില്‍ വെച്ചാണ് മുസ്ലീം ലീഗ് നേതാക്കളും മുന്‍ ഹരിത ഭാരവാഹികള്‍ക്കെതിരെ രംഗത്തെത്തിയത്.