Wed. Jan 22nd, 2025

തൃശ്ശൂര്‍:

കൊടകര കുഴൽപ്പണ കവർച്ചാ കേസില്‍ തുടരന്വേഷണം തുടങ്ങി. ചോദ്യംചെയ്യല്‍ ഇന്ന് പുനരാരംഭിക്കും. രണ്ട് പ്രതികളോട് ഇന്ന് തൃശ്ശൂര്‍ പൊലീസ് ക്ലബിൽ ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം നിർദേശം നൽകി.

കവര്‍ച്ചാപണത്തിലെ രണ്ടുകോടി കണ്ടെത്തുകയാണ് ലക്ഷ്യം. കവർച്ച ചെയ്യപ്പെട്ട മൂന്നരകോടി രൂപ ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ തുകയുടെ ഉറവിടം കൂടി കണ്ടെത്തുകയാണ് തുടരന്വേഷണത്തിൻ്റെ ലക്ഷ്യം.

22 പ്രതികളെയും ചോദ്യംചെയ്യാൻ അനുമതി തേടി പൊലീസ് ഇരിങ്ങാലക്കുട കോടതിയെ സമീപിച്ചിരുന്നു. ബാക്കി കവർച്ചാ പണം കണ്ടെത്താൻ കേസിലെ മുഴുവൻ പ്രതികളെയും വീണ്ടും ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. ബിജെപി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചോയെന്നതും അന്വേഷണ പരിധിയിൽ വരും.

കർണാടകത്തിൽ നിന്ന് എത്തിച്ച ബിജെപിയുടെ ഫണ്ട് ആണ് കവർച്ച ചെയ്യപ്പെട്ടതെന്ന പരാതിക്കാരൻ ധർമ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുക. പിന്നീട് ധർമ്മരാജൻ ഇത് തൻ്റെ പണമാണെന്നും തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പണത്തിൻ്റെ ഉറവിടം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ധർമ്മരാജന് ഇതുവരെ കഴിഞ്ഞിട്ടില്ല.