Sat. Apr 20th, 2024

വാളയാർ ∙

മദപ്പാടുള്ള ഒറ്റയാന്റെ ആക്രമണത്തിൽ കർഷകനു പരുക്കേറ്റു. ആക്രമണത്തിൽ നിലത്തു വീണ കർഷകനെ കുത്താനൊരുങ്ങിയെങ്കിലും ഒറ്റയാന്റെ കൊമ്പ് ചുരുണ്ടു മടങ്ങിയിരുന്നതിനാൽ ആ വിടവിലൂടെ ഇദ്ദേഹം രക്ഷപ്പെടുകയായിരുന്നു. കഞ്ചിക്കോട് പനംങ്കാട് സ്വദേശി നാരായണനാണു(59) കൈക്കും കാലിനും പരുക്കുകളോടെ രക്ഷപ്പെട്ടത്.

ഇന്നലെ പുലർച്ചെ അഞ്ചരയോടെ ചേമ്പലക്കാടുള്ള കൃഷിയിടത്തിൽ കറ്റക്കളത്തു നിൽക്കുമ്പോഴായിരുന്നു ആക്രമണം. പിടി 5 എന്ന് അറിയപ്പെടുന്ന ചുരുളിക്കൊമ്പനാണു ഇദ്ദേഹത്തെ ആക്രമിച്ചത്.  കൃഷിയിടത്തിനോടു ചേർന്ന കുറ്റിക്കാട്ടിൽ നിന്നെത്തിയ ഒറ്റയാൻ, വളച്ചാക്കുകൾ എടുത്തു മാറ്റുകയായിരുന്ന നാരായണന്റെ പിന്നിലെത്തി ഇടിച്ചിടുകയായിരുന്നു.

വെളിച്ചം കുറവായതിനാൽ നാരായണൻ ആനയെ ആദ്യം കണ്ടിരുന്നില്ല.  ചുരുളിക്കൊമ്പിനു ഇടയിൽ നിന്നു ഒരുവിധത്തിൽ ഒഴിഞ്ഞു മാറി രക്ഷപ്പെട്ട് ഓടി. പ്രദേശത്തു വിളവെടുപ്പിനു പാകമായ പത്തേക്കറിലേറെ നെൽക്കൃഷി ഒറ്റയാൻ നശിപ്പിച്ചിട്ടുണ്ട്.

ഒരാഴ്ച മുൻപ് ഐഐടിയിൽ 17 അംഗ ആനയ്ക്കൊപ്പമെത്തിയ ചുരുളിക്കൊമ്പനെ കാടു കയറ്റിയിരുന്നു. പിന്നീട് 6 ദിവസത്തിനു ശേഷമാണു കൊമ്പൻ വീണ്ടും ജനവാസ മേഖലയിലേക്കെത്തിയത്. മദപ്പാടുള്ളതിനാൽ ആന ആക്രമകാരിയാണെന്നും പ്രദേശത്തു കൂടുതൽ വാച്ചർമാരെ നിയോഗിച്ചെന്നും വനംവകുപ്പ് പറഞ്ഞു.

ആനയെ ഉൾവനത്തിലേക്കു കയറ്റാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയെന്നും പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും റേഞ്ച് ഓഫിസർ പി സുരേഷ് അറിയിച്ചു.