Fri. Apr 19th, 2024
ചെറുവത്തൂർ:

വിനോദ സഞ്ചാര മേഖലയിൽ കാസർകോടിന്റെ സ്വപ്ന പദ്ധതികൾ നടപ്പാക്കുന്ന വീരമലയിൽ മാലിന്യ സംഭരണ കേന്ദ്രമൊരുക്കി പഞ്ചായത്ത് അധികൃതർ. താൽക്കാലിക സംവിധാനം മാത്രമെന്നാണ് അധികൃതരുടെ വാദമെങ്കിലും വൻകിട ടൂറിസം പദ്ധതി വരുന്ന സ്ഥലത്ത് തന്നെ സംഭരണ കേന്ദ്രമൊരുക്കിയതിൽ പരക്കെ പ്രതിഷേധത്തിന് വഴിവച്ചിരിക്കുകയാണിപ്പോൾ.വീരമലയിൽ ആശ്വാസകേന്ദ്രത്തിന്റെ കെട്ടിടത്തിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിക്കുന്നത്.

ജനലുകളും വാതിലുകളും ഇല്ലാത്ത കെട്ടിടത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും കുന്നു കൂടി ഇടാൻ തുടങ്ങിയതോടെ തെരുവ് നായ്ക്കളും കുറുക്കന്മാരുമെത്തി വലിച്ച് പുറത്തേക്ക് ഇടുന്ന അവസ്ഥയുമുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവിടെ സംഭരിച്ച് പിന്നീട് ഹരിത വൊളന്റിയർമാർ അവ തരംതിരിച്ച് ബ്ലോക്ക് പഞ്ചായത്തിന് കൈമാറാനാണ് വീരമലയിലെ കെട്ടിടത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ താൽക്കാലികമായി സംഭരിക്കാനുള്ള പദ്ധതി നടപ്പിലാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി പ്രമീള പറഞ്ഞു.

മാലിന്യങ്ങൾ വീരമലയിലേക്ക് എത്തിക്കുന്നതിന് വേണ്ടി പൊട്ടി പൊളിഞ്ഞ റോഡുകൾ മണ്ണിട്ട് ഗതാഗത യോഗ്യമാക്കിയിടുണ്ടു. എന്നാൽ റെയിൻബോ വില്ലേജ് അടക്കമുള്ള വൻകിട ടൂറിസം പദ്ധതികൾ വീരമലയിലേക്ക് വരുന്നതിനിടെ മലയുടെ മുകളിലെ കെട്ടിടങ്ങളിൽ മാലിന്യം സംഭരിക്കുന്നതാണ് പ്രതിഷേധത്തിനു കാരണം.
പഞ്ചായത്ത് അധികൃതർ തന്നെ ഇവിടെ മാലിന്യ സംഭരണ കേന്ദ്രമാക്കിയാൽ മറ്റിടങ്ങളിൽ നിന്ന് വാഹനങ്ങളിലെത്തി ഇവിടെ മാലിന്യങ്ങൾ കൊണ്ട് തള്ളുന്ന അവസ്ഥ വരുമെന്നാണ് നാട്ടുകാർ പറയുന്നത്.

ജില്ലയുടെ ചരിത്രത്തിൽ തന്നെ ഇടം പിടിച്ച ചെറുവത്തൂർ കോട്ട അടക്കമുള്ള സ്ഥലമാണ് വീരമല. വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും ഒട്ടേറെ ആളുകൾ വീരമലയുടെ മനോഹര കാഴ്ച കാണാൻ ഇവിടേക്ക് എത്തുന്നുണ്ട്.