Fri. Nov 22nd, 2024

മാള:

അന്നമനട പഞ്ചായത്ത്‌ ഇനിമുതൽ വ്യവസായഗ്രാമമാകും. ഓരോ കുടുംബവും ഓരോ സംരംഭത്തിലേയ്ക്ക് എന്ന ലക്ഷ്യംവച്ച്‌ നടപ്പാക്കുന്ന വ്യവസായഗ്രാമം പദ്ധതി പ്രഖ്യാപനത്തിന്റെയും ശിൽപ്പശാലയുടെയും ഉദ്ഘാടനം വ്യവസായമന്ത്രി പി രാജീവ്‌ നിർവഹിച്ചു. അന്നമനടയെ വ്യവസായ ഗ്രാമമാക്കി മാറ്റുകയെന്ന സ്വപ്നപദ്ധതിക്കാണ് തുടക്കം കുറിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കാർഷിക ഗ്രാമമെന്നതിൽനിന്ന് എങ്ങനെ അന്നമനടയെ വ്യവസായ ഗ്രാമമാക്കി മാറ്റാം എന്ന ആശയമാണ് സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും സഹായത്തോടെ പ്രാവർത്തികമാക്കുക. കർഷകന് കൂടുതൽ വരുമാനം ഉണ്ടാകണമെങ്കിൽ ഉൽപ്പന്നങ്ങൾക്ക് മൂല്യ വർധനയുണ്ടാകണം. ഭക്ഷ്യ സംസ്‌കരണമാണ്‌  ഇതിന്‌ കണ്ടെത്തിയ പ്രധാനമാർഗം.  മന്ത്രി പറഞ്ഞു.

പത്രാധിപർ കെ സുകുമാരൻ സ്മാരക പുരസ്‌കാരത്തിന്‌ അർഹനായ ഇ പി രാജീവിന് മൊമെന്റോ നൽകി മന്ത്രി ആദരിച്ചു. വി ആർ സുനിൽകുമാർ എംഎൽഎ  അധ്യക്ഷനായി.
കൃഷി, കാർഷിക ഭക്ഷ്യാധിഷ്ഠിത ഉൽപ്പന്നങ്ങൾ, പാലുൽപ്പന്നങ്ങൾ, കന്നുകാലി വളർത്തൽ, മത്സ്യകൃഷി, റെഡിമെയ്ഡ്സ് ഗാർമെന്റ്‌സ്, ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്സ്, മൃഗസംരക്ഷണം, കരകൗശലം, ടൂറിസം, വിവരസാങ്കേതിക വിദ്യ, പരമ്പരാഗത മേഖലകൾ, സേവനം തുടങ്ങിയ മേഖലകളിൽ സൂക്ഷ്മ, ചെറുകിട വ്യവസായ സംരംഭങ്ങൾ സ്ഥാപിക്കുകയാണ്‌ ലക്ഷ്യം.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് ഹെൽപ്പ്‌ ഡെസ്‌ക്‌  ഉദ്ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ അംഗം ശോഭന ഗോകുൽനാഥ്‌, ബ്ലോക്ക്‌   വൈസ് പ്രസിഡന്റ്‌ ഒ സി രവി, അന്നമനട പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി വിനോദ്, വൈസ് പ്രസിഡന്റ്‌ ടെസി ടൈറ്റസ്,  ടി കെ സതീശൻ, സിന്ധു ജയൻ, കെ ഇ ഇക്‌ബാൽ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ഡോ. കൃപകുമാർ, കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ ജ്യോതിഷ് കുമാർ എന്നിവർ സംസാരിച്ചു.