Mon. Dec 23rd, 2024
കോഴിക്കോട്:

കോഴിക്കോട്ട് മക്കളെ കിണറ്റില്‍ തള്ളിയിട്ട് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. നാദാപുരത്താണ് സംഭവം. പേരാട് സ്വദേശിനിയായ സുബിനയാണ് മക്കളുമായി കിണറ്റില്‍ ചാടിയത്.

കിണറ്റില്‍ വീണ രണ്ട് കുട്ടികളും മരിച്ചു. ഫാത്തിമ റൗഹ (3), മുഹമ്മദ് റസ്‌വിന്‍ (3) എന്നിവരാണ് മരിച്ചത്. യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്നലെ രാത്രി ആണ് സംഭവം. ആത്മഹത്യശ്രമത്തിനും കൊലപാതകത്തിനും കാരണം വ്യക്തമായിട്ടില്ല. സുബിന ഇപ്പോൾ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ട്. 

സി സി യു പി സ്ക്കൂൾ പരിസരത്തെ മഞ്ഞാപുറത്ത് റഫീഖിന്റെ ഭാര്യ ആണ് സുബിന. സുബിന കിണറ്റിൽ ചാടും മുമ്പ് വാണിമേൽ ഉള്ള സ്വന്തം  വീട്ടിലേക്ക് വിളിച്ചിരുന്നു.മക്കളെ കിണറ്റിലിട്ടെന്നും താനും ചാടുകയാണെന്നും ഇവർ വീട്ടുകാരെ അറിയിച്ചു.

തുടർന്ന് ബന്ധുക്കളും നാട്ടുകാരും എത്തിയാണ് സുബിനയെ കിണറ്റിൽ നിന്ന് രക്ഷിച്ചത്. അപ്പോഴേക്കും രണ്ട് കുട്ടികളും മരിച്ചിരുന്നു. ആശുപത്രിയിലെത്തിച്ച യുവതിയെ നാദാപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ആരോ​ഗ്യാവസ്ഥ അനുകൂലമാകുന്നതോടെ ചോദ്യം ചെയ്യാനാണ് തീരുമാനം. കുടുംബ പ്രശ്നങ്ങൾ ഉണ്ടോ എന്നത് അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.